ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും:എ പി അബ്ദുള്ളക്കുട്ടി

രാഷ്ട്രീയക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ ആറ് മാസങ്ങള്‍ക്കുള്ളില്‍ സ്വീകരിച്ച നടപടികളെല്ലാം ദ്വീപിന്റെ സമാധാനവും സൈ്വര്യജീവിതവും തകര്‍ത്തു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിചിത്ര വാദവുമായി പി എ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും. പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപ് ജനതയ്ക്ക് എതിരല്ല. ലക്ഷദ്വീപിന്റെ വികസനമാണ് ബി ജെ പി ലക്ഷ്യം.മദ്യ നിരോധനം നീക്കുന്നത് ടൂറിസം വികസനത്തിന്…. ഇങ്ങനെ പോകുന്നു അബ്ദുള്ളക്കുട്ടിയുടെ വാദങ്ങള്‍.

ഒരുപക്ഷേ അബ്ദുള്ളക്കുട്ടിയുടെ വാദങ്ങള്‍ ആദ്യം കേള്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു വികാരവും ഉണ്ടാകില്ല. അബ്ദുള്ളക്കുട്ടി പറഞ്ഞതൊക്കെയും സത്യമാണെന്ന് ചിലര്‍ക്കെങ്കിലും ഒരു ധാരണയുണ്ടാകും. എന്നാല്‍ അതിന് മുന്നോടിയായിട്ട് കുറച്ചു കാര്യങ്ങള്‍ ഒന്ന് പറയട്ടെ….

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലാണ് ലക്ഷദ്വീപിനെ ഇപ്പോള്‍ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയായിരുന്നു പ്രഫുല്‍ പട്ടേല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടക്കം കുറിച്ചത്. ‘ദ്വീപ് ഡയറി’ എന്ന ചാനലിനാണ് നിരോധനമെങ്കിലും മറ്റുള്ളവയ്ക്കും ഇത് ബാധകമായിരുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി ലക്ഷദ്വീപിനെ മാറ്റാനുള്ള ഹീനശ്രമമാണ് നടക്കുന്നത്.

ലക്ഷദ്വീപുകാരുടെ പ്രധാന ഭക്ഷണമാണ് ബീഫ്. സ്‌കൂളുകളിലടക്കം ഉച്ചക്ക് ബീഫുണ്ടായിരുന്നു.ഗോവധ നിരോധനം കൊണ്ട് വന്നു. സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി. ഡയറി ഫാമുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവായി.തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മല്‍സ്യ ജീവനക്കാരുടെ ഷെഡുകള്‍ എല്ലാം പൊളിച്ചുമാറ്റി.അതായത് ലക്ഷദ്വീപുകാരുടെ ഭക്ഷണ സ്വാതന്ത്യത്തില്‍ വരെ ഭരണകൂട കൈകടത്തല്‍. സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത കലുഷിതമാക്കാമെന്ന് അടിവരയിട്ട് കാണിച്ചു തരികയാണ് സംഘപരിവാരം ലക്ഷദ്വീപിലൂടെ.

ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങള്‍ ആയിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മല്‍സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍ ജനാധിപത്യ വിരുദ്ധമായ ഇടപെട്ടലുകള്‍ നടത്തി അധികാരം കവര്‍ന്നെടുക്കുന്നു. ലക്ഷദ്വീപ് മയക്കു മരുന്നിന്റെയും കുറ്റകൃത്യങ്ങളുടേയും കേന്ദ്രം എന്നത് സംഘി നരേറ്റീവാണ്.

ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് ക്രൈം റേറ്റുള്ള നാടാണ് ലക്ഷദ്വീപ്. ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപില്‍ അനാവശ്യമായി ഗുണ്ടാ ആക്ട് നടപ്പിലാക്കി.ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതല്‍ ചരക്കുനീക്കവും മറ്റും മുഴുവന്‍ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിര്‍ബന്ധിയ്ക്കാനും തുടങ്ങി.

ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി കൊണ്ടുള്ള ഏകാധിപത്യനീക്കം. ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെയാണ് 190 ജീവനക്കാരെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ജീവനക്കാരില്‍ തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുഴുവന്‍ ഒഴിവാക്കി. അംഗനവാടികള്‍ അടച്ചുപൂട്ടി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ക്ക് 2 മക്കളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിയമം വച്ചു .CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് എടുത്തു മാറ്റി അഭിപ്രായ സ്വാതന്ത്യം അടിച്ചമര്‍ത്തി. LDAR വഴി ലക്ഷദ്വീപിലെ ഭൂസ്വത്തുക്കളുടെമേലുള്ള ദ്വീപുക്കാരുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടി.മറൈന്‍ വൈല്‍ഡ് ലൈഫ് വാച്ചേഴ്‌സിനെ ഈ മഹാമാരികാലത്ത് ഇല്ലാത്ത കാരണങ്ങളുടെ പേരില്‍പിരിച്ച് വിട്ടു.

രാജ്യമാകെ കോവിഡ് പടര്‍ന്നുപിടിച്ചപ്പോഴും ആ ഭീഷണിയേല്‍ക്കാതെ നിന്ന പച്ചത്തുരുത്തായിരുന്നു ലക്ഷദ്വീപ്. എന്നാലിന്ന് പ്രതിദിന പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഒന്നാമതെത്തുന്ന സ്ഥിതി. മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ദിനേശ് ശര്‍മയുടെ നേതൃത്വത്തില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ദ്വീപ് നിവാസികള്‍ കോവിഡിനോട് അകന്നുനിന്നത്. പ്രഫുല്‍ കെ പട്ടേല്‍ എത്തിയതോടെ ഇതെല്ലാം തകിടംമറിച്ചു. രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്.

എഴുപതിനായിരത്തില്‍ താഴെമാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ 10 ശതമാനത്തോളം പേര്‍ രോഗബാധിതരായി. മെയ് 11 മുതല്‍ 17 വരെയുള്ള ആഴ്ചയില്‍ 66.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്കും ഉയരുകയാണ്. കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പ്പേനി എന്നിവിടങ്ങളില്‍ പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതാണ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ദ്വീപുകാര്‍ പറയുന്നു.

നേരത്തെ കൊച്ചിയില്‍നിന്നുള്ള യാത്രക്കാര്‍ ലക്ഷദ്വീപ് ഭരണകേന്ദ്രം നടത്തുന്ന ഗസ്റ്റ് ഹൗസുകളിലോ ഹോസ്റ്റലുകളിലോ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയേണ്ടിയിരുന്നു. പരിശോധനാഫലം നെഗറ്റീവായാലേ കപ്പലില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ. മംഗളുരു, ബേപ്പൂര്‍ തുറമുഖങ്ങളില്‍നിന്നുള്ളവര്‍ക്കും ഈ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഡിസംബര്‍ 28നാണ് ഈ നിബന്ധന എടുത്ത് മാറ്റിയത്. ജനങ്ങള്‍ക്ക് ആശ്വാസം പകരാനും ആവശ്യമായ ഭക്ഷണം എത്തിക്കാനും കഴിയുന്നില്ല. പ്രഫുല്‍ കെ പട്ടേലിന്റെ വരവോടെ ഉത്തരേന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥലോബി ഭരണത്തില്‍ പിടിമുറുക്കി.

ഇത്രയുമൊക്കെയേ പാവം ബിജെപി ലക്ഷദ്വീപുകാരോട് കാണിച്ചിട്ടുള്ളൂ. ഇനി അബ്ദുള്ളക്കുട്ടി പറഞ്ഞ വാദങ്ങള്‍ ഒന്നൂടെ കേട്ടുനോക്കണം. അപ്പോള്‍ മനസിലാകും ആ വാക്കുകലിലെ മനുഷ്യത്വമില്ലായ്മ. കേരളത്തില്‍ ചുവടുറപ്പിയ്ക്കാന്‍ കഴിയാതെ പോയതിനു പിന്നാലെയാണ് ബിജെപി ലക്ഷദ്വീപിനെ ആശ്രയിച്ചത്. കാരണം പല ആവശ്യങ്ങള്‍ക്കും ലക്ഷദ്വീപ് ആശ്രയിക്കുന്നത് കേരളത്തിനെയാണ്. ഇതുതന്നെയാണ് ബിജെപിയുടെ പ്രഥ്ാന പ്രശനമെന്ന് പ്രഥമദൃഷ്ട്യാ ഏതൊരു സാധാരണക്കാരനും മനസിലാകും.

അതേസമയം  നീതിന്യായ സംവിധാനത്തിലെ ഇടപെടലുകളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി രംഗത്തെത്തി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലികളില്‍ നിന്ന് മാറ്റി ലീഗല്‍ അഡ്മിനിസ്‌ട്രേഷന്‍ ലീഗല്‍ സെല്ലില്‍ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ കോടതി ജോലിയില്‍ നിന്ന് മാറ്റി സര്‍ക്കാരിന്റെ ലീഗല്‍ സെല്ലിലേക്ക് നിയമിച്ചതിന് എതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദ്വീപിലെ നീതിന്യായ സംവിധാനത്തിലെ അഡ്മിനിസ്‌ട്രേറ്റരുടെ ഇടപെടലുകള്‍ക്കെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

ദ്വീപിലെ നീതിന്യായ സംവിധാനത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരെ സ്ഥലം മാറ്റിയ നടപടി കോടതികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. പ്രോസിക്യൂട്ടര്‍മാര്‍ അവരെ നിയമിച്ചിരിക്കുന്ന കോടതികളില്‍ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സ്ഥലംമാറ്റ ഉത്തരവില്‍ ലക്ഷദ്വീപ് ഭരണകൂടം വിശദീകരണം നല്‍കണം. ദ്വീപ് നിവാസികള്‍ക്കെതിരായ പോലീസ് കേസുകളിലും മറ്റും നിയമോപദേശം നല്‍കുന്നതിനാണ് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരെ കവരത്തിയിലെ ലീഗല്‍ സെല്ലിലേക്ക് സ്ഥലം മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here