കെ സുധാകരനെതിരെ എ – ഐ വിഭാഗങ്ങളുടെ പടയൊരുക്കം

കെ പി സി സി അധ്യക്ഷനായി കെ സുധാകരന്‍ വരുന്നത് തടയാന്‍ എ – ഐ വിഭാഗങ്ങളുടെ സംയുക്ത നീക്കം. സുധാകരനെതിരെ എ – ഐ വിഭാഗങ്ങള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. പ്രതിപക്ഷനേതാവിനെ നിശ്ചയിച്ചതുപോലെ ഹൈക്കമാന്‍ഡ് കെ പി സി സി അധ്യക്ഷനെയും തീരുമാനിക്കരുതെന്നും നേതാക്കളുടെ ആവശ്യം. കെ സി വേണുഗോപാലിന്റെ നീക്കം തടയാനാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തീരുമാനം.

എ – ഐ വിഭാഗങ്ങള്‍ ഒന്നിച്ച് എതിര്‍ത്തിട്ടും ഗ്രൂപ്പിനുള്ളില്‍ വിള്ളല്‍ വീഴ്ത്തി ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ഹൈക്കമാന്‍ഡില്‍ സ്വാധീനമുളള കെ സി വേണുഗോപാലിനായി. കെ പി സി സി അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തിലും ഇതേ നീക്കം കെ സിയുടെ നേതൃത്വത്തില്‍ നടക്കുന്നത് തടയുകയാണ് എ – ഐ വിഭാഗങ്ങളുടെ ലക്ഷ്യം.

ഹൈക്കമാന്‍ഡിനോട് ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പുതിയ നീക്കത്തില്‍ ഒരേ നിലപാടിലാണ്. കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കരുത് എന്നാവശ്യപ്പെട്ട് എ – ഐ വിഭാഗങ്ങള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. കൂടാതെ ആന്റണിയോടും എ വിഭാഗം നേതാക്കള്‍ ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. കെ സുധാകരന്‍ കോണ്‍ഗ്രസ് സംസ്‌കാരം തകര്‍ക്കുമെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സുധാകരന്‍ പദവിയില്‍ എത്തിയാല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കണ്ണൂരില്‍ പാര്‍ട്ടിയെ രക്ഷിക്കാനാകാത്ത സുധാകരന് കേരളത്തിലെ കോണ്‍ഗ്രസിന് എങ്ങനെ രക്ഷിക്കാനാകുമെന്നും നേതാക്കള്‍ ചോദിക്കുന്നു.

കണ്ണൂര്‍ നിയസഭാ സീറ്റിലെ തുടര്‍ച്ചയായ പരാജയം ഇതിന് തെളിവാണ്. സുധാകരന്‍ നയിച്ചിട്ടും കണ്ണൂര്‍ ജില്ലയില്‍ ഇടതുമുന്നണി ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നേടി. സുധാകരന്റെ വാക്കു വിശ്വസിച്ച് അഴിക്കോട് മണ്ഡലത്തില്‍ മത്സരിച്ച കെ എം ഷാജി ദയനീയമായി തോറ്റു. പ്രകോപനപരമായ പ്രസംഗം കൊണ്ട് കാര്യമില്ലെന്നും താഴെക്കിടയില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ സുധാകരന് കഴിയില്ലെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേരളത്തിലെ നേതാക്കളുടെ വികാരം മനസിലാക്കാതെ ഹൈക്കമാന്‍ഡ് ഇനിയൊരു കെ പി സി സി അധ്യക്ഷനെ കേരളത്തിലേക്ക് കെട്ടിയിറക്കരുത്. പാര്‍ട്ടിയും നേതാക്കളും അംഗീകരിക്കാത്തവരെ അടിച്ചേല്‍പ്പിച്ചതിന്റെ ദുരന്തമാണ് വി എം സുധീരനും മുല്ലപ്പള്ളിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതൃപദവിയില്‍ ഏറ്റ തിരിച്ചടിയില്‍ പ്രതിഷേധമുള്ള ഉമ്മന്‍ചാണ്ടിയും ചെന്നിത്തലും ഇത്തവണ വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News