കൊച്ചിയില്‍ കൊവിഡ് ആംബുലന്‍സായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ സജ്ജം

കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകള്‍ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ചെയ്യുന്നത്. അതില്‍ ഏറ്റവും ഒടുവിലായി ഇതാ ഓട്ടോ ആംബുലന്‍സുകളും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18 ഓട്ടോ ആംബുലന്‍സുകളാണ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െന്‍റ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്.

പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്​ച മുതല്‍ നഗരത്തി‍െന്‍റ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. ഇവരില്‍ ഒരാള്‍ വനിതയാണെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണി പോരാളികളാവുകയാണ് ഈ ഓട്ടോ ഡ്രൈവര്‍മാരും.

കൊച്ചി നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കൊവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കൊവിഡ് ചികിത്സാകേന്ദ്രവും എറണാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അമ്പലമുകളിലെ ഈ ചികിത്സ കേന്ദ്രത്തില്‍ നാവികസേനയുടെ സുരക്ഷാപരിശോധന പൂര്‍ത്തിയായശേഷമാണ്‌ ചികിത്സ ആരംഭിച്ചത്‌. ബിപിസിഎല്ലിന്റെ ഓക്‌സിജന്‍ പ്ലാന്റില്‍നിന്ന്‌ ആശുപത്രിയിലേക്ക്‌ ഓക്‌സിജന്‍ ലഭ്യമാക്കും. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങളും ബിപിസിഎല്‍ സൗജന്യമായി നല്‍കും. 130 ഡോക്ടര്‍മാര്‍, 240 നേഴ്സുമാര്‍ ഉള്‍പ്പെടെ 480 പേര്‍ ഇവിടെ സേവനത്തിനുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here