സമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ

സമൂഹ മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ.പുതുക്കിയ ഐ ടി ആക്ട് അംഗീകരിക്കാത്ത ഫേസ്ബുക്ക് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് ലഭിച്ചേക്കും. സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനാണ് കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുന്നു.

ആളുകൾക്ക് സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.കേന്ദ്രസർക്കാരിന്റെ പുതിയ ഐ ടി നിയമഭേദഗതി അംഗീകരിക്കാത്തതാണ് ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് വിലക്കിന് വഴിയൊരുക്കുന്നത്.

2021 ഫെബ്രുവരി 25ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങൾ അംഗീകരിക്കാൻ 3 മാസത്തെ സമയമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് നൽകിയിരുന്നത്. സമയപരിധി രണ്ട് ദിവസത്തിനകം അവസാനിക്കാനിരിക്കെ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല.

അമേരിക്കയിലെ ഹെഡ്ഓഫീസിൽനിന്നും മറുപടിക്ക്‌ കാക്കുകയാണെന്നും സമയം നീട്ടി നൽകണമെന്നുമാണ് ഈ കമ്പനികളുടെ ആവശ്യം. പുതുക്കിയ നിയമം അംഗീകരിച്ചില്ലെങ്കിൽ ഈ കമ്പനികൾക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങൾ നഷ്ടമാവുകയും ഇന്ത്യൻ ക്രിമിനൽ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യും.

മാധ്യമങ്ങൾക്ക്‌ എത്തിക്സ് കോഡ് നിർദ്ദേശിക്കുന്നത് ഉൾപ്പടെയുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പുതിയ നിയമം. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ സെൻസർ ചെയ്യാൻ കേന്ദ്രത്തിനു സാധിക്കും. സർക്കാരിനെതിരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനുമാണ് കേന്ദ്രം പുതുക്കിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.

പുതുക്കിയ നിയമം നിലവിൽ വരുന്നതോടെ സമൂഹ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ, കേന്ദ്രമന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നീക്കം ചെയ്യാൻ സാധിക്കും. നേരത്തെ കർഷക സമരത്തിനു അനുകൂലമായി പോസ്റ്റ്‌ ചെയ്ത എല്ലാ പ്രൊഫൈലുകളും വിലക്കാൻ ട്വിറ്ററിന് നിർദേശം കൊടുത്തിരുന്നെങ്കിലും. എല്ലാ വിമർശനകളും നീക്കം ചെയ്യാൻ പറ്റില്ലെന്ന് ട്വിറ്റർ വ്യക്തമാക്കിയിരുന്നു.

അതേ സമയം ആളുകൾക്ക് സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പുതുക്കിയ നിയമങ്ങളെ പറ്റിയും നിയമങ്ങൾ പ്രാവർത്തികമാക്കുന്നതിലെ സങ്കീർണതകളെ പറ്റിയും കേന്ദ്രവുമായി ചർച്ച നടത്തേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here