നൻമ മാത്രം കൈമുതലായുള്ള ഒരു ജനതയുടെ മേൽ നടത്തുന്ന അധിനിവേശം ആണിത്. ഇത് കണ്ടില്ലെന്ന് നടിച്ച് കൂടാ.

പത്ത് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ആ യാത്ര. ലക്ഷദ്വീപിലേക്ക്.
ഒരു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ്.ദ്വീപിലെ പരമ്പരാഗത രാഷ്ട്രീയ രീതികളെ പൊളിച്ചെഴുതി പുരോഗമന പ്രസ്ഥാനങ്ങൾ കരുത്താർജിക്കുന്ന കാലം കൂടിയായിരുന്നു അത്.
ദ്വീപിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനായി കൂടുതലും എത്തിച്ചേരുക കേരളത്തിലെ കലാലയങ്ങളിലായിരുന്നു. ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷനായിരുന്നു അന്ന് ദ്വീപിലെ പ്രബല സംഘടന. അപൂർവം ചിലർ എസ്എഫ്ഐ, എംഎസ്എഫ് സഘടനകളിലും പ്രവർത്തിക്കും. പഠനത്തിനായി എത്തിചേരുന്ന കോളേജിലെ സാഹചര്യങ്ങൾക്കനുസരിച്ചായിക്കും പലരിലും രാഷ്ട്രീയ ബോധ്യവും രൂപപ്പെടുന്നത്. അന്ന് ദ്വീപിൽ നിന്നും എസ്എഫ് ഐ യുടെ പ്രധാന നേതാവായി വളർന്ന ഖുറേഷിയുണ്ട്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയും ആയിരുന്നു മുഹമ്മദ് ഷാഫി ഖുറൈശി. അന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന എസ്കെ സജിഷാണ് ഖുറേശിയെ എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്. ഖുറേശിയുടെ ക്ഷണം സ്വീകരിച്ചാണ് ഞാൻ ദ്വീപിലേക്ക് പുറപ്പെടുന്നത്.
കഥകളിൽ മാത്രം കേട്ടറിഞ്ഞ ദ്വീപിനെ കണ്ടറിയണം. കുറേ വാർത്തകളും ചെയ്യണം. ഞാനന്ന് തൃശൂർ ബ്യൂറോയിലാണ്. പുലർച്ചെ കാറിൽ കൊച്ചി പോർട്ടിലെത്തി. ദ്വീപിലേക്ക് പോകാനുള്ള വിസ(പെർമിറ്റ്) ഒക്കെ ഖുറേശി തയ്യാറാക്കി വെച്ചിരുന്നു. ജീവിതത്തിൽ ആദ്യമായി കപ്പലിൽ കയറുകയാണ്. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടൽ ചെടി നടാൻ പോകുമ്പോൾ തോണിയിൽ കയറിയ മുൻ അനുഭവം മാത്രമേയുള്ളു എനിക്ക്.ക്ലിയറൻസൊക്കെ പൂർത്തിയാക്കി രാവിലെ 11 മണിയോടെ എം.വി.കവറത്തി എന്ന ആഡംബര കപ്പലിൽ കയറി. 12 മണിയോടെകപ്പൽ യാത്ര പുറപ്പെട്ടു.
പവിഴദ്വീപിലേക്ക്. കപ്പലിൽ ഭൂരിഭാഗവും ദ്വീപ് നിവാസികളായിരുന്നു. തലസ്ഥാനമായ കവറത്തി, ആന്ത്രോത്ത്, അഗത്തി, അമിനി, ബിത്ര,ചെത്ത്ലാത്ത്,കൽപേനി,കിൽത്തൻ,കട്മത്ത്,മിനിക്കോയ്എന്നി ജനവാസമുള്ള 10 ദ്വീപുകളിലേക്കുള്ള യാത്രക്കാർ, പിന്നെ കുറച്ച് വിനോദസഞ്ചാരികളും. ആ യാത്രയിൽ തന്നെ നാസർ, സവാദ് തുടങ്ങി നിരവധി ദ്വീപ് വാസികൾ എൻ്റെ അടുത്ത സുഹൃത്തുക്കളായി. പിറ്റേന്ന് ഉച്ചയോടെയാണ് കപ്പൽ കവറത്തിയിലെത്തിയത്. നടുക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും താഴെയുള്ള ബോട്ടുകളിലേക്ക് ചാടണം. ജീവൻ പണയം വെച്ചുള്ള കളിയാണ്. നിങ്ങളിൽ പലരും അനാർക്കലി സിനിമയിൽ ഈ കാഴ്ച കണ്ടിട്ടുണ്ടാകും.അങ്ങനെ ആകാശവാണിയിലൂടെ കേട്ട കവറത്തിയിൽ ഞാൻ കാലുകുത്തി.കേട്ടറിഞ്ഞതിനേക്കാൾ അദ്ഭുതവും കൗതുകവും നിറഞ്ഞ കാഴ്ചകളായിരുന്നു എന്നെ വരവേറ്റത്. സ്നേഹത്തിൻ്റെ പര്യായമായ ഒരു ജനത. രണ്ട് മണിക്കൂർ കൊണ്ട് നടന്ന് തീർക്കാവുന്ന നാട്. തലസ്ഥാനമായതിന്നാൽ പ്രധാന ഓഫീസുകളും ആശുപത്രികളും നേവി ആസ്ഥാനവും ഒക്കെ കവറത്തിയിലായിരുന്നു. ആന്ത്രോത്ത്കാരനായ ഖുറേശിയുടെ ബന്ധുക്കൾ കവറത്തിയിലുണ്ടായിരുന്നു. അവർ ഏപ്പാടാക്കിയ ചെറിയൊരു ലോഡ്ജിലായിരുന്നു എൻ്റെ താമസം. ലുക്മനുൽഹക്കീം, മുഹമ്മദലി, റഹീം ,ഇസ്മയിൽ, നാസർ ,ഫാറുക്ക്അങ്ങനെ നിരവധിയായ സുഹൃത്തുക്കളെ ദ്വീപ് എനിക്ക് സമ്മാനിച്ചു. ദ്വീപുകാരുടെ സ്നേഹം മതിയാവോളം ആസ്വദിച്ച ദിവസങ്ങളായിരുന്നു അത്.വാർത്ത ചെയ്യുന്നതിനായി ദൃശ്യങ്ങൾ പകർത്താൻ ഇയ്യവ എന്ന് വിളിക്കുന്ന റഫീഖിനെ ഏർപ്പാടാക്കിയിരുന്നു. .
ആകാശവാണി കവറത്തി നിലയത്തേക്കുറിച്ചും, ദ്വീപിലെ വിദ്യാഭ്യാസ രീതികളെപറ്റിയും,കാർഷിക ജീവിതത്തെപ്പറ്റിയും, മൽസ്യബന്ധനത്തെപ്പറ്റിയും, യാത്രാദുരിതത്തെപ്പറ്റിയും , ടൂറിസത്തെപ്പറ്റിയും ഒക്കെ നിരവധി വാർത്തകൾ കൈരളിയിലൂടെ ഞങ്ങൾ ലോകത്തെ അറിയിച്ചു. ദ്വീപിലെ തടവുകാരില്ലാത്ത ജയിലുകൾ എനിക്കാശ്ചര്യമായിരുന്നു. ഭക്ഷണരീതികൾ നമ്മുടേതിന് സമാനമാണ്. ബീഫും മീനുമാണ് പ്രധാന വിഭവങ്ങൾ. ഭക്ഷണം കഴിപ്പിക്കുകയെന്നതാണ് ദ്വീപുകാരുടെ പ്രധാന സ്നേഹം. ബ്രേക്ക് ഫാസ്റ്റ് മിനിമം മൂന്ന് വിടുകളിൽ നിന്നെങ്കിലും കഴിക്കണം. ഉച്ചക്കും രാത്രിയിലും ഒക്കെ അങ്ങനെ തന്നെ. ആന്ത്രോത്തിലും സ്ഥിതി വ്യത്യസ്തമല്ല .ഒരേ ദിവസം മൂന്ന് ബീഫ് ബിരിയാണി ഒക്കെ കഴിപ്പിച്ചിട്ടുണ്ട്. കഴിച്ചില്ലെങ്കിൽ വലിയ പരിഭവം ആയിരിക്കും.
ഒരു ദിവസം വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാത്തതിൻ്റെ പേരിൽ എന്നോട് പിണങ്ങിയ നാസർ ഒക്കെയാണ് ദ്വീപിൻ്റെ സ്നേഹത്തിൻ്റെ പ്രതിരൂപം. വർഷങ്ങൾക്കിപ്പുറവും ദ്വീപുമായുള്ള ബന്ധം സുദൃഢമായി തുടരുന്നു. പിന്നീട് പല അവസരങ്ങിലും ദ്വീപിലേക്ക് പോകാൻ ക്ഷണം ഉണ്ടായെങ്കിലും പല കാരണങ്ങളാൽ യാത്ര നടന്നില്ല. കോവിഡിൻ്റെ ആദ്യ തരംഗസമയത്ത് ഒരു കോവിഡ് കേസ് പോലും ദ്വീപിൽ റിപ്പോർട്ട് ചെയ്തില്ലെന്ന വിവരം വലിയ ആശ്വാസകരമായിരുന്നു. എന്നാൽ ഇപ്പോൾ ദ്വീപിൽ നിന്നും കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല.പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആ നാടിനെ സംരക്ഷിക്കുന്നതിന് പകരം അടിമുടി തകർക്കുകയാണ്. വികലമായ ആരോഗ്യനയം മൂലം ദ്വീപിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുകയാണ് . മരണസംഖ്യയും ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നു. മദ്യരഹിത ദ്വീപിൽ യഥേഷ്ടം മദ്യം ഒഴുക്കാൻ തീരുമാനിക്കുന്നു. റോഡ് വികസനത്തിൻ്റെ പേരിൽ വീടുകൾ തകർക്കുന്നു. മൽസ്യബന്ധനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ ഷെഡ്കളും ഉപകരണങ്ങളും തകർക്കുന്നു. കേരളവുമായുള്ള വ്യാപാര ബന്ധം ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നു. ഇത്തരത്തിൽ ഒരു നാടിൻ്റെ മേൽ, നൻമ മാത്രം കൈമുതലായുള്ള ഒരു ജനതയുടെ മേൽ നടത്തുന്ന അധിനിവേശം ആണിത്. ഇത് കണ്ടില്ലെന്ന് നടിച്ച് കൂടാ. ദ്വീപ് ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നൽകേണ്ട സമയമാണിത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here