കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ് കാണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
ശരീരത്തിലെ ഓക്സിജന്‍റെ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഓക്സിമീറ്റര്‍ ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് പള്‍സ് ഓക്സീമീറ്ററുകള്‍ക്ക് പരമാവധി 1500 രൂപയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വില നിശ്ചയിച്ചിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സീമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചത്. വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാണ്. ഓക്സീമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകള്‍ കാണിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.