യാസ് അതിതീവ്രചുഴലിക്കാറ്റായി; ബംഗാള്‍, ഒഡീഷ തീരങ്ങള്‍ക്ക് ഭീഷണി

യാസ് ചുഴലിക്കാറ്റ് അതിതീവ്രമായതിന് പിന്നാലെ ഇന്ത്യയുടെ കിഴക്കന്‍ തീരം അതീവജാഗ്രതയില്‍. പശ്ചിമബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലെയും ഏട്ട് ജില്ലകളെ ചുഴലിക്കാറ്റ് തീവ്രമായി ബാധിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യഞ്ജയ മഹോപത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതിതീവ്രതയിലേക്ക് യാസ് മാറുന്നത് മുന്നില്‍ കണ്ട് തീരങ്ങളില്‍ ഒഴിപ്പിക്കല്‍ ദ്രുതഗതിയിലാണ്. ഒഡീഷയിലെ ചാന്ദിപ്പൂര്‍, ബാലസോര്‍ മേഖലയില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ നേരിട്ടാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പശ്ചിമബംഗാളില്‍ വടക്കന്‍ ജില്ലകളിലും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പശ്ചിമബംഗാളില്‍ 10 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘത്തെ അധികമായി നിയോഗിച്ചു.

നാളെ വൈകുന്നേരം യാസ് ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വേഗത്തില്‍ കരതൊടുമെന്നാണ് പ്രവചനം. അടിയന്തരസാഹചര്യം നേരിടാന്‍ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്ന് നാവിക സേന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News