ലക്ഷദ്വീപിനെതിരെ നടക്കുന്ന ഭരണകൂട ആക്രമണത്തിനെ അപലപിച്ച് ഗായകന്‍ ഷഹബാസ് അമന്‍

ലക്ഷദ്വീപിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമനും. കലാ, സാഹിത്യ മേഖലയില്‍ നിന്നും നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗോടു കൂടി പ്രതിഷേധം ഷഹബാസ് രേഖപ്പെടുത്തിയത്.

ഫേസ്ബുക്കില്‍ ഷഹബാസ് ഇങ്ങനെ എഴുതി:

‘എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്! പ്രിയ പ്രിഥ്വിരാജും ഗീതു മോഹന്‍ ദാസും മറ്റനേകം പേരും വ്യക്തി തലത്തില്‍ത്തന്നെ ഐക്യദാര്‍ഡ്യവുമായി മുന്നോട്ട് വന്നത് വളരെ വലിയൊരു കാര്യമാണ്! ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍, ഈ പ്രതിസന്ധി ഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ തക്കവിധം ആരും അവരെ സഹായിച്ചില്ലെങ്കില്‍, ഒരു പക്ഷേ എത്ര ശാന്തരാണെങ്കിലും നാളെമറ്റന്നാള്‍ അവര്‍ക്കും ശത്രുക്കള്‍ക്കെതിരില്‍ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാം! അപ്പോള്‍ തുല്യദുഖിതരായ ആരെങ്കിലും (അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികള്‍ എന്നാണറിയപ്പെടുന്നത്) അവരെ അതില്‍ സഹായിച്ചെന്നുമിരിക്കും! അന്ന് ‘നിസ്പക്ഷരായി’ പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് ‘ചാന്തരുടെ തനിക്കൊണം കണ്ടേ’ എന്ന്!

എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ‘സേവ് ലക്ഷദ്വീപ്’ എന്ന ഒരു ഹാഷ് ടാഗ് മതിയാകുമായിരിക്കാം ഒരുപക്ഷേ ഇന്ന് അവരെ രക്ഷിക്കാന്‍! അറിയില്ല! നാളത്തെക്കാര്യം തീരെ ഉറപ്പില്ല! കാരണം ഇത് വല്യ കച്ചവടമാണു! ബിഗ് ഡീലാണു! ഒറ്റ നോട്ടത്തില്‍ ‘സുഖലോലുപത’ എന്ന ആരും കൊതിക്കുന്ന പ്ലാനാണു പശ്ചാത്തലത്തില്‍! എന്തിനെതിര്‍ക്കണം എന്ന് ഒരു നിമിഷം ആരും ചിന്തിച്ച് പോകും! ശരിയല്ലേ? വൈന്‍ പോലും കിട്ടാതെ മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപെന്ന്! പ്രദേശത്ത് 99 ശതമാനവും മുസ്ലിംകളാണെന്ന് കൂടി അറിയുകയാല്‍ സ്വാഭാവികമായും വേറെയുമുണ്ടാകാം ചില ദുഷ്ട ആലോചനകള്‍! വെറുതെ ഇവിടെ ഊഹിക്കുന്നില്ല! അങ്ങനെ ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയാണു സയണിസ്റ്റുകളുടെയും ഫാഷിസ്റ്റുകളുടെയുമൊക്കെ എക്കാലത്തെയും കറകളഞ്ഞ ഇന്‍വസ്റ്റ്മെന്റും ഇന്ധനവും എന്നറിയാമല്ലൊ!

നോക്കൂ! ലോകമുതലാളിത്വവും (വിരലിലെണ്ണാവുന്നവര്‍) അവരുടെ രാഷ്ട്രീയ ഇടനിലക്കാരുമാണു ഒരു വശത്ത്! സുഖ വിഹിതം പറ്റാന്‍ വേറെ ആരൊക്കെയുണ്ടാകും ചുറ്റിനും എന്നൂഹിക്കുവാന്‍ പോലും കഴിയില്ല! ഇതിനോടൊക്കെ വേണം ഒരു പാവം ജനതക്ക് പിടിച്ച് നില്‍ക്കാന്‍! എളുപ്പമല്ല.ഹൃദയമുള്ള മനുഷ്യരുടെ വിഭാഗീയതയില്ലാത്ത പിന്തുണകൊണ്ട് മാത്രമേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുന്നുണ്ടാവുകയുള്ളു! തല്‍സ്ഥാനത്ത് നാളെ ആരുമാവാം!

പ്രിയരേ..ഓരോ ജനതയും അവരവരായിരിക്കട്ടെ! സമാധാനവും സന്തോഷവും എല്ലാവരും അര്‍ഹിക്കുന്നു! പരസ്പരം സ്‌നേഹിക്കാം നമുക്ക്.പരസ്പരം വെറുക്കാതിരിക്കാം! ആരെയും നശിപ്പിക്കാതിരിക്കാം! അല്‍പ്പം കൂടി കരുണയുള്ളവരായിരിക്കാം.സമയം വല്ലാതെ വൈകിയിരിക്കുന്നു..’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News