ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി മുഹമ്മദ് ഹാഷിം അടക്കം 8 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്കാണ് പ്രവര്‍ത്തകര്‍ രാജി സമര്‍പ്പിച്ചത്.

ബി.ജെ.പി പ്രാഥമിക അംഗത്വത്തില്‍ നിന്ന് എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം.ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് രാജി വെച്ച മറ്റു നേതാക്കള്‍. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. കേരളം ലക്ഷദ്വീപിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുന്നതിനിടെയാണ് ബിജെപിയിലും പ്രതിഷേധ സ്വരം ഉയരുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ ദ്വീപിന്റെ സമാധാനത്തിന് ഹാനികരമാണെന്നും അതിനാല്‍ പാര്‍ട്ടിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാട്ടി ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തു നല്‍കി.

യുവമോര്‍ച്ച ലക്ഷദ്വീപ് സംസ്ഥാന വൈസ് പ്രസിഡന്റ് മുത്തുക്കോയ, സംസ്ഥാന ട്രെഷറര്‍ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം ഉള്‍പ്പടെ നേതാക്കളാണ് രാജി അറിയിച്ചത്. അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ദ്വീപിനു പുറമേ കേരളത്തിലും വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ദ്വിപില്‍ നടപ്പിലാക്കി വരുന്ന ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ഇടത് വലത് സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസട്രേറ്റീവ് ഓഫീസിനു മുന്‍പിലും ഗസ്റ്റ് ഹൗസിന് മുന്നിലും എഐവൈഎഫും, യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തി. വിഷയത്തില്‍ കേന്ദ്രം പരിഹാര നടപടികള്‍ ആലോചിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News