യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12:30 ന് പോളണ്ടിലെ ഡാന്‍സ്‌ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ചാംപ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലബ് ചാംപ്യന്‍ഷിപ്പാണ് യൂറോപ്പ ലീഗ്. കഴിഞ്ഞ തവണ സ്പാനിഷ് ക്ലബ്ബ് സെവിയ്യയായിരുന്നു ടൂര്‍ണമെന്റിലെ ജേതാക്കള്‍: അരഡസന്‍ തവണ കിരീട ജേതാക്കളായ സെവിയ്യ തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ യൂറോപ്പ ലീഗ് കിരീടത്തില്‍ മുത്തമിട്ട ടീം. ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയെ മറികടന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫൈനല്‍ പ്രവേശം.
എതിര്‍ ടീമുകളുടെ വലയില്‍ ഗോള്‍മഴ പെയ്യിച്ച് മുന്നേറുന്ന ഒലെ ഗുണ്ണര്‍ സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും മുന്നേറ്റത്തില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡും ഗ്രീന്‍വുഡും എഡിന്‍സണ്‍ കവാനിയും അണിനിരക്കുമ്പോള്‍ യുണൈറ്റഡിന് പ്രതീക്ഷകള്‍ വാനോളമാണ്.
വിസ്മയ രക്ഷപ്പെടുത്തലുകളുമായി ഗോള്‍കീപ്പര്‍ ഡിഗിയയും ഫോമിലാണ്. കണങ്കാലിന് പരുക്കേറ്റ നായകന്‍ ഹാരി മഗ്വയര്‍ കളിക്കാത്തത് ടീമിന് തിരിച്ചടിയാകും.പരിശീലകന്‍ സോള്‍ഷെയറിനു കീഴില്‍ ഉള്ള യുണൈറ്റഡിന്റെ ആദ്യ ഫൈനല്‍ കൂടിയാണിത്.2017ല്‍ ഡച്ച് ക്ലബ്ബ് അജാക്‌സിനെ തോല്‍പിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
അതേ സമയം ചരിത്രത്തിലാദ്യമായാണ് വിയ്യാറയല്‍ ഒരു മേജര്‍ യൂറോപ്യന്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. ആഴ്‌സണലിനെ വീഴ്ത്തിയായിരുന്നു ക്ലബ്ബിന്റെ ഫൈനല്‍ പ്രവേശം. സെവിയ്യയെ 3 തവണ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കിയ ഉനായ് എമ്‌റിയാണ് വിയ്യാറയലിന്റെ പരിശീലകന്‍. ടൂര്‍ണമെന്റില്‍ ഉടനീളം ക്ലബ്ബ് പുറത്തെടുത്തത് സ്ഥിരതയുള്ള പ്രകടനമായിരുന്നു.
വിയ്യാറയലിനെ ചാമ്പ്യന്മാരാക്കുകയെന്നത് പരിശീലകന്‍ എംറിക്കും അഭിമാന പ്രശ്‌നമാണ്.പാക്കോ അല്‍ക്കാസര്‍, സാമുവല്‍ ചുക്കു വേസേ, ജെറാര്‍ഡ് മൊറേനോ എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്: നായകന്‍ മരിയോ ഗാസ്പറും പാവുടോറസും മുന്‍ റയല്‍ മാഡ്രിഡ് താരം റൗള്‍ ആല്‍ബിയോളും ചുക്കാന്‍ പിടിക്കുന്ന പ്രതിരോധവും കിടയറ്റതാണ്.
അര്‍ജന്റീനക്കാരന്‍ ജെറോനിമോ റുള്ളിയാണ് വിയ്യാറയലിന്റെ ഗോള്‍വല കാക്കുന്നത്.ഇതിന് മുമ്പ് ഇരു ടീമുകളും 4 തവണ മുഖാമുഖം വന്നപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നു ഫലം: ഏതായാലും കാല്‍പന്ത് കളി പ്രേമികളുടെ സിരകളെ ത്രസിപ്പിക്കുന്ന ഫൈനല്‍ പോരാട്ടത്തിനാണ് ഡാന്‍സ്‌ക് സ്റ്റേഡിയം വേദിയാവുക .
Get real time update about this post categories directly on your device, subscribe now.