പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന്‍ എംപി രാജിവെച്ചു

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന്‍ എംപി രാജിവെച്ചു. രാജിക്കത്ത് എ. ഐ. സി.സി അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റിനും അയച്ചു.

കോണ്‍ഗ്രസിനേറ്റ ക്ഷീണത്തിലും വിജയത്തിലും തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്നും വി. കെ ശ്രീകണ്ഠന്‍ എംപി വിശദീകരിച്ചു.

കത്തിലെ വിശദാശങ്ങള്‍ ഇങ്ങനെ:

എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനഃസംഘടന വരുന്നത് വരെ തുടരണമെന്നും തന്നോട് ആവശ്യപ്പെട്ടു.

എന്നാല്‍ പുനഃസംഘടന പല കാരണങ്ങളാല്‍ നീണ്ടുപോവുകയാണെന്നും എംപിയെന്ന നിലയില്‍ ഭാരിച്ച ചുമതലകള്‍ ഉള്ളതിനാല്‍ അതിന് പൂര്‍ണ സമയം വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ഇന്ന് തന്നെ സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നും പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാന്‍ കൂടി ഈ സന്ദര്‍ഭം വിനിയോഗിക്കുന്നു.

തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ശ്രീകണ്ഠന്‍ രാജിക്കത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel