കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്  മെയ് 26 ന് ദേശീയ കരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കും 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) ആഹ്വാനം ചെയ്ത ദേശീയകരിദിനം സംസ്ഥാനവ്യാപകമായി ആചരിക്കാൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യൂ.എ), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജനവിരുദ്ധ, കോർപ്പറേറ്റ് അനുകൂല സർക്കാർ രണ്ട് ഘട്ടങ്ങളിലായി 7 വർഷം പൂർത്തിയാക്കുന്ന മെയ് 26നാണ് രാജ്യവ്യാപകമായി കരിദിനം ആചരിക്കാൻ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. അതേ ദിവസം തന്നെയാണ് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കർഷകർ നടത്തിവരുന്ന ചരിത്ര സമരം 6 മാസം പൂർത്തിയാക്കുന്നതും.

കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, മോദി സർക്കാർ നടപ്പാക്കിയ ജനദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം. കരിദിനമായി ആചരിക്കുന്ന മെയ് 26-ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും രാവിലെ 11 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കും. കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കറുത്ത ബാഡ്ജുകൾ ധരിക്കുകയും പ്ലക്ക് കാർഡുകൾ ഉയർത്തുകയും ചെയ്യും.

സംസ്ഥാനത്തെ മുഴുവൻ ഡിവൈഎഫ്ഐ ഓഫീസുകൾക്ക് മുന്നിലും നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. അതോടൊപ്പം മെയ് 26ന് വൈകിട്ട് സംഘടനകൾ സംയുക്തമായി ഓൺലൈൻ സംഗമം സംഘടിപ്പിക്കും.

കൊവിഡ് 19-നെ നേരിടുന്നതിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും മോദി സർക്കാർ കാണിച്ചത് കുറ്റകരമായ അനാസ്ഥയാണ്. മഹാമാരിയുടെ കാലത്ത് ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് പ്രധാനമന്ത്രി തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ജനവിരുദ്ധ കർഷക നിയമങ്ങളും തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും റദ്ദാക്കണം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുക. ഓൺലൈൻ പഠനോപകരണങ്ങൾ ഇൻറർ‌നെറ്റ് സേവനങ്ങളും എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി നൽകുക. കോവിഡ് ചികിത്സ എല്ലാവർക്കും സൗജന്യമായി നൽകുക. എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News