ദ്വീപിൽ സമാധാനത്തിന്റെ ഡോലിപ്പാട്ടുകൾ മുഴങ്ങണം, മഹലും മലയാളവും ചേർന്ന മദ്ഹുകൾ ഉയർന്നു കേൾക്കണം: സന്തോഷ് പാലി

ദ്വീപിൽ സമാധാനത്തിന്റെ ഡോലിപ്പാട്ടുകൾ മുഴങ്ങണം. മഹലും മലയാളവും ചേർന്ന മദ്ഹുകൾ ഉയർന്നു കേൾക്കണം .ഞങ്ങൾ കൂടെയുണ്ട്:സന്തോഷ് പാലി

ദ്വീപിന്റെ നിശ്ശബ്ദമായ ആർപ്പുവിളികൾ നമ്മൾ കേൾക്കാതെ പോകരുത്.
അവരെ ചേർത്തു പിടിക്കണം. ആ പാവങ്ങൾക്ക് മേലുള്ള ഏകാധിപത്യത്തിന്റെ അധിനിവേശത്തെ ചെറുത്തു തോൽപിക്കണം എന്ന് നടനും അവതാരകനും മാധ്യമപ്രവർത്തകനുമായ സന്തോഷ് പാലി.മുപ്പത്തി രണ്ടു കിലോമീറ്റെർ മാത്രമുള്ള ദ്വീപ സമൂഹത്തിൽ നിന്നും പ്രഫുൽ കുമാർ എന്ന അധികപ്പറ്റിനെ തിരികെ വിളിക്കണം. അതിനായി കേരളവും ലോകമെമ്പാടുമുള്ള മലയാളികളും കട്ടയ്ക്കു കൂടെ നിൽക്കണം. സമാധാനം പുനഃസ്ഥാപിക്കണം. അവരുടെ ആത്മാഭിമാനവും സ്വത്വവും,ഭൂമികയും ആക്രമിക്കപ്പെടരുത്. ദ്വീപിൽ സമാധാനത്തിന്റെ ഡോലി പ്പാട്ടുകൾ മുഴങ്ങണം. മഹലും മലയാളവും ചേർന്ന മദ്ഹുകൾ ഉയർന്നു കേൾക്കണം .ഞങ്ങൾ കൂടെയുണ്ട് എന്നാണ് സന്തോഷ് പാലി കുറിച്ചിരിക്കുന്നത്.

ഈ ലക്ഷ ദ്വീപ് ഞങ്ങൾക്ക് തരുമോ….?
പൊന്നു പോലെ നോക്കി കൊള്ളാം!
അവരുടെ ദുരവസ്ഥ കണ്ടു ചോദിച്ചു പോയതാണ് .
തെറ്റാണെങ്കിൽ തംബ്രാ മാപ്പാക്കണം ! ഒരു കിനാശ്ശേരി !

ഭരണ ഘടന പറയും …ഒറ്റ നോട്ടത്തിൽ തെറ്റ് തന്നെ …പൂർവ്വാശ്രമത്തിൽ കൊളോണിയൽ പിടിവള്ളികളിൽ പെട്ടുഴറിയ അവരുടെ ജീവിതത്തെ പെട്ടെന്ന് മുഖ്യധാരയിലുള്ള ഒരു ഫെഡറൽ സംവിധാനത്തിലേക്ക് പറിച്ചു നടാൻ പറ്റായ്ക , അവരുടെ വംശീയത , ജീവിത , സാമ്പ്രദായിക ജീവിത രീതികൾ ,സാംസ്കാരിക തനിമ , ഭൂമിശാസ്ത്രപരമായ പ്രവിശ്യകളുടെ ഒറ്റപ്പെടൽ !
അങ്ങനെ ഭരണഘടനയ്ക്ക് പറയാൻ കാരണങ്ങൾ ഒരുപാടുണ്ട്.
പക്ഷെ ഞങ്ങൾക്കതു് സങ്കൽപ്പിക്കാൻ കഴിയും.
മാനവികതയും മനുഷ്യത്ത്വവും , സാമൂഹിക നീതിയും ഉറപ്പാക്കുന്ന ഇച്ഛാ ശക്തിയുമുള്ള ഭരണകൂടവും മതേതരത്വത്തിൽ വിശ്വസിക്കുന്ന പ്രതിപക്ഷവുമുണ്ട്.ദേശീയ ധാരയോടൊപ്പമാണല്ലോ എപ്പോഴും ദ്വീപിന്റെ രാഷ്ട്രീയം. ഇപ്പോൾ ആ വഴി അടുക്കാനും പറ്റില്ല. ദീർഘ കാലത്തേക്ക് ഞങ്ങൾ വർഗീയ ഫാസിസത്തിന്റെ ഒരു അക്കൗണ്ടിനും വഴിവെക്കുന്നുമില്ല. മനുഷ്യത്വമാണ് ഞങ്ങളുടെ മതം.
മാനവികതയാണ് ഞങ്ങളുടെ മുദ്രാവാക്യം.

സാംസ്കാരിക വൈവിധ്യങ്ങളെ സഹിഷ്ണുതയോടെ കാണുന്നവരാണ് ഞങ്ങൾ .
ഈ മനസ്ഥിതിയുള്ള സിംഹഭാഗമുള്ള കേരളീയ ജനതയെ ലോകം അഭിമാന പൂർവം ‘മലയാളി’ എന്നാണ് വിളിക്കുന്നത്.എങ്കിലും തിരഞ്ഞു നോക്കി.. ഒരു കേന്ദ്രഭരണ പ്രദേശത്തെ അതിനോട് ഏറ്റവും അടുത്തുകിടക്കുന്ന സംസ്ഥാനത്തോട് സംയോജിപ്പിക്കാനുള്ള ഭരണഘടനയിലെ സാധ്യതകളെ കുറിച്ച് ഇല്ലെങ്കിൽ ഒരു അമെന്റ്‌മെന്റിന്റെ സാധ്യതകളെ കുറിച്ച്. അധികാരമുള്ളവർക്കു മാത്രമാണല്ലോ ഭരണഘടനയെ ഫലപ്രദമായി ഉപയോഗിക്കാനും , ദുരുപയോഗപ്പെടുത്താനും കഴിയുകയുള്ളൂ എന്ന സാമാന്യ തത്വമോർത്തു മാനം നോക്കിയിരുന്നു.
ഒരു സാമാന്യ പൗരൻ അതിൽ കൂടുതൽ എന്ത് ചെയ്യാൻ ?
അതിനു നമുക്ക് കാരണങ്ങളുടെ പിൻബലം കൂടിയുണ്ട്.
ഏഴാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിന്റെ വംശീയത നിശ്ചയിക്കപ്പെട്ടതല്ലേ ?
കലയും കച്ചോടോം സംസ്കാരവും ,മനസ്സുമൊക്കെ ഇങ്ങോട്ടു തിരിച്ചു വച്ചവരല്ലേ ?
മലയാളം മണിമണിയായി പറയുന്നവരല്ലേ ? കേരളത്തെ മോഹിക്കുന്നവരല്ലേ ?
എല്ലാ ദ്വീപ സമൂഹങ്ങളും കേരള തീരത്തിന്റെ മാത്രം ഉപഗ്രഹങ്ങളായി നിൽക്കുന്നവയല്ലേ ? അവരുടെ പുതു തലമുറയിലെ പലരും പഠിക്കുന്നത് കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലല്ലേ ?
സത്യത്തിൽ മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളുടതു പോലുള്ള കൊളോണിയൽ ദഹനക്കേടൊക്കെ എന്നോ മാറ്റി മറിച്ചവരാണ് ദ്വീപുകാർ. അല്ലെങ്കിലും. ഇമ്മിണി വലിയ ജിയോഗ്രഫിക്കൽ ഐസൊലേഷനും നമ്മളുമായി പറയാനുമില്ല. നിഷ്കളങ്കതയാണ് അവരുടെ കൈമുതൽ.

മതം ജീവിത രീതിയായി മാത്രം കൊണ്ട് നടക്കുന്ന അത് ജീവിത, രാഷ്ട്രീയ പ്രത്യയ ശാസ്ത്രവുമായി കൂട്ടിക്കുഴച്ചുകുളം തോണ്ടാത്ത ഭൂരിപക്ഷം സെക്കുലർ ജനവിഭാഗങ്ങളുള്ള ഞങ്ങൾക്കല്ലാതെ ആർക്കാണ് നിങ്ങളെ മനസ്സിലാക്കാൻ കഴിയുക ?അല്ലെങ്കിൽ ദില്ലിക്കും പുതുച്ചേരിക്കും തദ്ദേശീയ സർക്കാർ അനുവദിച്ച പോലെ1987 ഇൽ ഗോവയ്ക്ക് സംസ്ഥാന പദവി കൊടുത്ത പോലെ ഭരണ ഘടനയുടെ ആർട്ടിക്കിൾ 3 പ്രയോജനപ്പെടുത്താവുന്നതല്ലേ ? അപ്പോൾ അജണ്ടകൾ എങ്ങനെ നടക്കാനാണ് അല്ലെ ? ദ്വീപ് വാസികൾ ആരാണ് ? അവരെ അസ്വസ്ഥരാക്കേണ്ടതും അരക്ഷിതരാക്കേണ്ടതും അവരെ നിശ്ശബ്ദരാക്കേണ്ടതും ആരുടെ ആവശ്യമാണ് ?മേല്പറഞ്ഞ വിപ്ലവം പെട്ടെന്നെങ്ങനെ നടത്താം എന്നുള്ള ബുദ്ധിമോശത്തിൽ എഴുതുന്നതല്ല.
വികസനം എന്ന ആശയത്തിന് ആരും എതിരല്ല . പ്രത്യേകിച്ചും ടൂറിസം വികസനം എന്ന ആശയത്തിന്.
ഒരു ജനാധിപത്യ രാജ്യത്തിന്റെ വികാസനോന്മുഖമായ എല്ലാ പ്രവർത്തനങ്ങളും ജനങ്ങളെ കരുതി കൂടിയാകണം.

ഒരു നാൾ കുളം കലക്കി മീൻ പിടിക്കാനെത്തുന്നവരുടെ വിഡ്ഢിത്തം കണ്ടു
പറഞ്ഞു പോവുകയാണ്. കേരളത്തെയോ സ്പർശിക്കാൻ കഴിയുന്നില്ല എന്നാൽ പിന്നെ പാവങ്ങളുടെ നെഞ്ചത്തു പ്രയോഗിക്കാം എന്നാണല്ലോ പ്രഫുല്ല കുമാറിന് കിട്ടിയ തിട്ടൂരം ? സാമ്പത്തികമായും സാമൂഹികമായും തകർത്ത് കളഞ്ഞു അവകാശങ്ങളെ ഹനിക്കാനുള്ള വ്യക്തമായ നീക്കം. അധിനിവേശത്തിന്റെ അറപ്പുളവാക്കുന്ന സമീപനം.

ഭരണഘടനാപരമായ സാങ്കേതികത എന്ന ഇരുമ്പുലയ്ക്ക എടുത്തു കൊടുക്കുന്ന അഡ്മിനിസ്‌റേറ്റർക്കോ ലെഫ്റ്റനന്റ് ഗവർണർക്കോ രാജ്യത്തിന്റെ സെമി ഫെഡറലിസം രാഷ്ട്രീയമായി മുതലെടുക്കുന്ന കോയിത്തമ്പുരാന്മാർക്കോ കേറി നിരങ്ങാനുള്ളതാണോ സമാധാനപരമായി ജീവിക്കുന്ന ഒരു ജനതയുടെ അവർക്കവകാശപ്പെട്ട ലോകവും അവരുടെ സ്വത്വവും ? ക്വാറന്റൈൻ ഇളവും , കോവിഡ് വിതയ്ക്കലും , ബീഫ് നിരോധിക്കലും , ഗുണ്ടാ നിയമവും,സ്കൂൾ ഉച്ചഭക്ഷണ നിയന്ത്രങ്ങളുമെല്ലാം അവരുടെ ജീവിതത്തെ താളം തെറ്റിക്കും. മൽസ്യ തൊഴിലാളികളുടെ ഷെഡ്ഡ് പൊളിച്ചതും , ചരക്കു നീക്കം ബേപ്പൂരിൽ നിന്നും മംഗലാപുരത്തേക്കാക്കിയതും,ഡയറി ഫാമുകൾ അടച്ചു പൂട്ടി ഗുജറാത്തിൽ നിന്നുള്ള പാലിറക്കുമതി ചെയ്യുന്നതുമൊക്കെ ചോറുണ്ണുന്ന ഏതൊരു പൗരനും മനസ്സിലാക്കാവുന്ന വൃത്തികെട്ട രാഷ്ട്രീയ അജണ്ടകളാണ്. അത്ര വലിയ വികസനം കൊണ്ടുവരുന്നവരാണോ ഒരു ദ്വീപിനെ സ്വയം പര്യാപ്തമാക്കുന്ന ക്ഷീരോത്പാദനം പോലുള്ള ഉത്പാദന പ്രക്രിയകകളെ നഷ്ടമില്ലാതെ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ ഇറക്കുമതി ചെയ്യുന്നത്.? കൂടുതൽ സമയവും മാംസം മാത്രം കഴിച്ചു ശീലിച്ച ഒരു ജനതതിയുടെ പുതിയ തലമുറയിലെ കുട്ടികളോട് പറയുകയാണ് ഇനി ഉച്ച ഭക്ഷണത്തിൽ മാംസം ഇല്ല എന്ന്.
പ്രഫുല്ലണ്ണന്റെ കേരളം വക്താവ് അബ്ദുള്ളക്കുട്ടി പറയുകയാണ് ദ്വീപുകാർ ഒറ്റക്കെട്ടായി അവർക്കൊപ്പമാണെന്നു. കേട്ടു…ദ്വീപിന്റെ പ്രതിനിധികൾ വന്നു വാർത്തകളിൽ പറയുന്നത്.വികസനം നടത്തുക എന്നത് ഭരണാധികാരികൾ അവർക്കു ചെയ്യുന്ന ഔദാര്യമൊന്നുമല്ല. അവർക്കു പറയാനുള്ളതും കേട്ടു അവരെ മുഖവിലയ്‌ക്കെടുത്തു അല്ലെങ്കിൽ അവരെ വേണ്ടവിധം ബോധ്യപ്പെടുത്തി ചെയ്യേണ്ട പ്രക്രിയ തന്നെയാണ്.

ഭരണ നിർവഹണ സംവിധാനത്തിൽ നിന്നും തദ്ദേശീയരായ ആളുകളെ മൊത്തം ഒഴിവാക്കുന്നതിന് എന്ത് നീതിയാണ് പറയാനുള്ളത്. അദാനിക്കും, അംബാനിയ്ക്കും വഴിയൊരുക്കുന്ന പുത്തൻ പ്രതികാര നടപടികൾ നടപ്പിലാക്കുന്ന ഗുജറാത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയിൽ നിന്ന് ഇതിൽ കൂടുതലൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല . വിവരവും വിദ്യഭ്യാസവും മനുഷ്യത്വവുമുള്ള ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥർ ചെയ്തിരുന്ന മികച്ച ഗവെർണൻസ് ആണ് ദ്വീപിനെ ഇത്രയും കാലം മനോഹരമായി നിലനിർത്തിയത്. ജനസംഖ്യാനുപാതം തകർക്കുകയും ആദിവാസി സംവരണം ഇല്ലാതാക്കുകയും കൂടി ചെയ്യുമ്പോൾ അജണ്ടകളുടെ എണ്ണം കൂടുന്നു.

പ്രഫുൽ കോഡയുടെ ഏകാധിപത്യ സ്വഭാവത്തിന്റെ ട്രാക്ക് റെക്കോർഡ് ചില്ലറയൊന്നുമല്ല . ഗുജറാത്ത് മന്ത്രി സഭയിൽ ആഭ്യന്തര വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. അതൊരു തെറ്റല്ല . സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടലിൽ ഉയർന്നു കേട്ട പേരാണ് . ദാമൻ ഡിയുവിന്റേയും അഡ്മിനിസ്ട്രേറ്ററാണ് . തീരദേശ വാസികളുടെ കുടിലുകൾ ഇടിച്ചു നിരത്തി , ആദിവാസി തൊഴിലാളികളുടെ ഭൂമി പിടിച്ചെടുത്തു സമരത്തെ അടിച്ചമർത്തി , മുദ്രാവാക്യം വിളിയും ഉച്ചഭാഷിണിയുടെ ഉപയോഗവും വിലക്കി. പ്രതിഷേധിച്ചവരെ സ്കൂളുകളിൽ തടവിലിട്ടു .

മുംബൈ ഹോട്ടൽ സീ ഗ്രീനിൽ തൂങ്ങി മരിച്ച മനോഹൻഭായ് സംജിഭായ് എന്ന ദാദ്ര നാഗാർഹവേലി പാർലമെന്റംഗത്തിന്റെ ആത്മഹത്യ കുറിപ്പിൽ മരണത്തിനു മുഖ്യ കാരണമായി പറയുന്നത് പ്രഫുൽ കോഡയുടെ പേരാണ് . അച്ഛൻ ആത്മഹത്യ ചെയ്തത് മുംബൈയിൽ ആയതു കൊണ്ടാണ് ആത്മഹത്യ കുറിപ്പെങ്കിലും കിട്ടിയതെന്നാണ് മകൻ പറഞ്ഞത്.ജനകീയനായിരുന്നു ദാമൻ ഡിയു മുൻ മലയാളി കളക്ടർ കണ്ണൻ ഗോപിനാഥുമായുമുള്ള പ്രഫുല്ല കുമാരന്റെ ഏകാധിപത്യ സംഘർഷങ്ങൾ തുടർന്നിരുന്നു. ഇത്രയൊക്കെയേ നിഷ്കളങ്കനായ , നിരുപദ്രവകാരിയായ ഈ മനുഷ്യൻ ചെയ്തിട്ടുള്ളൂ സുഹൃത്തുക്കളെ…! അത് കൊണ്ട് അദ്ദേഹത്തിന്റെ ചെയ്തികളെ ആരും സംശയിക്കണ്ട .
പിന്നെ എല്ലാം ദേശീയ സുരക്ഷയുടെ പേരിലാണെന്ന് അറിയുമ്പോൾ ഉള്ള ഒരു ആശ്വാസം മാത്രം !

മൈക്ക് സെറ്റ് തടഞ്ഞവർക്കു , പ്രതിഷേധിച്ചവർക്കെതിരെ ഗുണ്ടാ ആക്ട് നടപ്പാക്കുന്നവർക്കു ഇനി ഇന്റർനെറ്റ് നിരോധിക്കാൻ അധികം സമയം ആവശ്യമില്ല !

ദ്വീപിന്റെ നിശ്ശബ്ദമായ ആർപ്പുവിളികൾ നമ്മൾ കേൾക്കാതെ പോകരുത്.
അവരെ ചേർത്തു പിടിക്കണം. ആ പാവങ്ങൾക്ക് മേലുള്ള ഏകാധിപത്യത്തിന്റെ അധിനിവേശത്തെ ചെറുത്തു തോൽപിക്കണം.

മുപ്പത്തി രണ്ടു കിലോമീറ്റെർ മാത്രമുള്ള ദ്വീപ സമൂഹത്തിൽ നിന്നും പ്രഫുൽ കുമാർ എന്ന അധികപ്പറ്റിനെ തിരികെ വിളിക്കണം. അതിനായി കേരളവും ലോകമെമ്പാടുമുള്ള മലയാളികളും കട്ടയ്ക്കു കൂടെ നിൽക്കണം. സമാധാനം പുനഃസ്ഥാപിക്കണം. അവരുടെ ആത്മാഭിമാനവും സ്വത്വവും,ഭൂമികയും ആക്രമിക്കപ്പെടരുത്. ദ്വീപിൽ സമാധാനത്തിന്റെ ഡോലി പ്പാട്ടുകൾ മുഴങ്ങണം. മഹലും മലയാളവും ചേർന്ന മദ്ഹുകൾ ഉയർന്നു കേൾക്കണം .
ഞങ്ങൾ കൂടെയുണ്ട്.

ലക്ഷം ലക്ഷം പിന്നാലെ !
മനസ്സിനെ സബൂറാക്കിൻ എല്ലാം സലാമത്താകും !

#santoshpalee #palee

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News