കൊവിഡ് പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: കൊവിഡ് തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഉന്നതതല യോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാന്‍ ഊര്‍ജിത ടെസ്റ്റിംഗ് പ്ലാന്‍ നടപ്പിലാക്കുന്നതാണ്. ഇതനുസരിച്ച് 20,000 മുതല്‍ 25,000 വരെ ടെസ്റ്റുകള്‍ പ്രതിദിനം നടത്തുന്നതാണ്. ഇതോടൊപ്പം സര്‍വയലന്‍സ് സാമ്പിളുകള്‍ കൂടി പരിശോധിക്കുന്നതാണ്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഡി.സി.സി., സി.എഫ്.എല്‍.ടി.സി. എന്നിവിടങ്ങളില്‍ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ഹോം ഐസോലേഷന്‍ വേണ്ടിവരുന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്. പോസിറ്റീവാകുന്ന മുഴുവന്‍ രോഗികളുടേയും പ്രത്യേകിച്ചും വയോജനങ്ങളുടേയും മറ്റസുഖമുള്ളവരുടേയും വിവരങ്ങള്‍ ദിവസവും അന്വേഷിച്ച് തുടര്‍ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്. സി.എഫ്.എല്‍.ടി.സി.കളിലേയും സി.എസ്.എല്‍.ടി.സി.കളിലേയും ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണം. മാത്രമല്ല സി.എഫ്.എല്‍.ടി.സി.കളില്‍ ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്റര്‍ വച്ച് രോഗികളെ സംരക്ഷിക്കാവുന്നതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജ്, ദയ കോവിഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനും അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്‌സിജന്‍ ടാങ്കുകള്‍ ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളില്‍ മാറ്റി സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.

കൊവിഡ് ബ്രിഗേഡ് വഴി ജീവനക്കാരെ നിയമിക്കാനും വേണ്ടി വന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ മാനവവിഭവശേഷി അത്യാവശ്യമെങ്കില്‍ കണ്ടെത്താനും നിര്‍ദേശിച്ചു. ജില്ലയിലെ ജനസാന്ദ്രത കണക്കിലെടുത്ത് മുഴുവന്‍ രോഗികളേയും ശുശ്രൂക്ഷിക്കുന്ന ആരോഗ്യ വകുപ്പിലേയും മറ്റ് വകുപ്പുകളിലേയും വോളണ്ടിയര്‍മാര്‍ അടക്കമുള്ള എല്ലാവരേയും മന്ത്രി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഡി.എം.ഒ. ഡോ. കെ. സക്കീന, ഡി.പി.എം. ഡോ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, മറ്റ് ആശുപ്രതി സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News