മെയ് 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണം ; മുഖ്യമന്ത്രി

ഈ മാസം 31 മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ നടക്കുന്നതിനാല്‍ അണ്ടര്‍ സെക്രട്ടറിമാര്‍ മേലോട്ടുള്ള ഉദ്യോഗസ്ഥരെല്ലാം സെക്രട്ടേറിയേറ്റിലുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ  സമ്മേളനത്തില്‍ പറഞ്ഞു.

ചകിരിമില്ലുകള്‍ക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി.വളം,കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാം. കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്‌കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. മരിച്ചവരെ ഉടനെ വാര്‍ഡില്‍ നിന്നും മാറ്റണം.

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അവരുടെ അഭിപ്രായം.വാക്‌സീന്‍ മുന്‍ഗണനാ പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈകോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി.

കൊവിഡ് നിയന്ത്രണം മാറിയാല്‍ ജൂണ് 15 മുതല്‍ പരീക്ഷകള്‍ ആരംഭിക്കാനാവും എന്നാണ് വിസിമാരുടെ വിലയിരുത്തല്‍. അതിനനുസരിച്ച് പരീക്ഷകള്‍ തുടങ്ങും. മത്സ്യബന്ധന തുറമുഖങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അവയുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ സാമാഗ്രികള്‍ക്ക് സര്‍ക്കാര്‍ പൊതുവിപണിയില്‍ വില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ അടക്കം കൂടിയ വിലയ്ക്ക് ഇവ വില്‍ക്കുന്ന അവസ്ഥയുണ്ട്. ഇത്തരം നടപടികള്‍ കണ്ടെത്താനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.

സര്‍ക്കാര്‍ സേവനങ്ങള്‍ തങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. സേവന അവകാശ നിയമം കൂടി ഇക്കാര്യത്തില്‍ പരിഗണിക്കണം. ഭരണനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പറ്റുന്ന പ്രധാന പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുണ്ടാവണം. കൊച്ചി -ബാഗ്ലൂര്‍ വ്യവസായ ഇടനാഴി, മംഗലാപുരം – എറണാകുളം വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തില്‍ തുടര്‍നടപടി വേണം. മുഖ്യമന്ത്രി പറഞ്ഞു.

സെമി ഹൈസ്പീഡ് റെയില്‍വേ വലിയ സ്വീകാര്യതയുണ്ടാക്കിയ പദ്ധതിയാണ്. തീരദേശ-മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കുക. ഇവയ്‌ക്കെല്ലാം പ്രാധാന്യം കൊടുത്ത് വേണം നീങ്ങാന്‍ എന്നാണ് യോഗത്തിലെ തീരുമാനം. പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും ഉണ്ട്. നല്ല പ്രാധാന്യത്തോടെ അതത് വകുപ്പുകള്‍ ഏറ്റെടുത്ത് വേഗതയോടെ ഇതെല്ലാം നടപ്പിലാക്കണം. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞവ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞ് നടപ്പാക്കാന്‍ ബാക്കിയുള്ളവയ്ക്കും മുന്‍ഗണന നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here