
റോഡിൽ ഒരപകടം ഉണ്ടായാലും തന്‍റെ സഹപ്രപർത്തകർക്ക് ആവശ്യം വന്നാലും വൈദ്യ സഹായവുമായി പൊലീസുകാരനാണ് കെ പി തോംസൺ. തിരുവനന്തപുരം മംഗലപുരം പോലീസ് സ്റ്റേഷനിലെ സി ഐയായ തോംസൺ ഒരു നഴ്സ് കൂടിയാണ്.
മംഗലപുരം സ്റ്റേഷൻ പരിധിക്കുള്ളിൽ എവിടെ ഒരപകടമുണ്ടായാലും ആദ്യം അവിടെ എത്തുന്നത് ഇൻസ്പെക്ടറായ കെ പി തോംസണാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും അടിയന്തര വൈദ്യ സഹായം നൽകാനും മുന്നിൽ നിൽക്കുന്നതും തോംസൺ തന്നെ. ഒരു നഴ്സ് കൂടിയാണ് തോംസൺ എന്നത് കൊണ്ട് വൈദ്യ സഹായവും കൃത്യമാണ്.1998 മുതൽ 2004 വരെ കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹം നഴ്‌സ് ആയി ജോലി ചെയ്തിരുന്നു .ബി എസ് സി നഴ്സിംഗ് കഴിഞ്ഞു എട്ടര വർഷകാലം തോംസൺ വിവിധ ആശുപത്രികളിൽ നഴ്‌സ് ആയി ജോലി ചെയ്തു.
ഇപ്പോൾ കൊറോണ കാലമായതിനാൽ മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ പ്രാഥമിക ചികിത്സ നൽകുന്നതിനായി ആദ്യം ഓടി എത്തുന്നതും സി ഐ തന്നെ. മിക്കവാറും ദിവസങ്ങളിൽ സ്റ്റേഷനിൽ പൊലീസുകാർക്ക്
ബി പി നോക്കുന്നതിനും, ഓക്സിജന്റെ അളവ് നോക്കുന്നതും പതിവാണ്.
സർജിക്കൽ ,സൈക്രാട്രി ,വയോജന വാർഡുകളിലും,ഓപ്പറേഷൻ തിയേറ്ററുകളിലെല്ലാം ജോലി ചെയ്തിട്ടുള്ള തോംസണ് പൊലീസ് ജോലിയും ആതുരസേവനമായാണ് കാണുന്നത്.റോഡപകടങ്ങളിൽ പരിക്കേറ്റവരെ പലരെയും പ്രഥാമിക ചികിത്സ നൽകിയതിന് ശേഷം ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചിട്ടുണ്ട്.
ആലപ്പുഴ രാമങ്കരിയിൽ എസ് ഐ ആയി ജോലി ചെയ്യുമ്പോൾ ഒരു ഹർത്താൽ ദിനത്തിൽ വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ ഗർഭിണിയെ പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ജീപ്പിൽ വച്ച് യുവതി പ്രസവിക്കുകയും വഴിയിൽ വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചതും ജീവിതത്തിന്‍റെ നല്ല ഓർമകളാണ് തോംസന് . മാത്രമല്ല വഴിയരികിലും കടത്തിണ്ണയിലും കിടക്കുന്ന നിരവധി പേരെ സംരക്ഷണ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട് ഈ കാക്കിയിട്ട നഴ്‌സ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here