ചെന്നിത്തലയോട് ഇടഞ്ഞ് മുല്ലപ്പള്ളി; ചവാന്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരായതില്‍ നീരസം

രമേശ് ചെന്നിത്തലയോട് ഇടഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപളളി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയെന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് മുല്ലപളളി ചൊടിപ്പിച്ചിരിക്കുന്നത്. അശോക് ചവാന്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാകേണ്ട എന്ന തീരുമാനം പൊളിച്ചതിലും ചെന്നിത്തലയോട് അമര്‍ഷം പുകയുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ കമ്മറ്റിക്ക് മുന്‍പാകെ ഇന്നലത്തെ സിറ്റിംഗില്‍ ഹാജരാകേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനമാണ് മുല്ലപളളിയും, ചെന്നിത്തലയും ,ഉമ്മന്‍ചാണ്ടിയും കൂട്ടായി എടുത്തത്. എന്നാല്‍ അതിന് വിരുദ്ധമായി ചെന്നിത്തല മാത്രം ഹാജരായി മൊഴി നല്‍കിയതില്‍ മറ്റ് രണ്ട് പേര്‍ക്കും നീരസം ഉണ്ടെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണം സംഘടനാ വീഴ്ചയാണെന്ന് ചെന്നിത്തല ഇന്നലെ അശോക് ചവാന്‍ കമ്മറ്റിയോട് പറഞ്ഞിരുന്നു. ഇത് മുല്ലപളളിയെ പ്രകോപിച്ചു എന്നാണ് അറിവ്.

ക്ഷുഭിതനായ മുല്ലപളളി ഇന്നലെ ചെന്നിത്തലയുടെ വിശ്വസ്തനായ കെ പി സി സി ഭാരവാഹിയോട് നീരസം രേഖപ്പെടുത്തിയെന്നും അറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് ഡി സി സി പ്രസിഡന്റുമാരെ മാറ്റണമെന്ന അഭിപ്രായം മുല്ലപളളി മറ്റ് രണ്ട് നേതാക്കളോടും മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തന രഹിതരായ മണ്ഡലം പ്രസിഡന്റുമാരെ പോലും മാറ്റാന്‍ ചെന്നിത്തലയും , ഉമ്മന്‍ചാണ്ടിയും സമ്മതിച്ചില്ല. ജനപ്രതിനിധികള്‍ ഡിസിസി ഭാരവാഹികള്‍ ആയ എറണാകുളത്തും, പാലക്കാടും പോലും മാറ്റം കൊണ്ട് വരാന്‍ തന്നെ ഗ്രൂപ്പുകള്‍ അനുവദിക്കാതിരുന്ന കാര്യം മുല്ലപളളി ഓര്‍മ്മിപ്പിക്കുന്നു. കൈയ്യും കാലും വരിഞ്ഞ് മുറുക്കിയിട്ട് നീന്താന്‍ പറഞ്ഞ അവസ്ഥയായിരുന്നു തന്റെതെന്നും മുല്ലപളളി രോക്ഷത്തോടെ സഹഭാരവാഹിയോട് പറഞ്ഞു.

സംഘടനപ്രവര്‍ത്തനത്തിലെ പാളിച്ചയാണ് നിയമസഭാ തോല്‍വിക്ക് കാരണമെങ്കില്‍ ഇതേ ബൂത്ത് കമ്മറ്റികളേയും , ഇതേ ഭാരവാഹികളും ഉളളപ്പോള്‍ തന്നെയല്ലേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയതെന്നും മുല്ലപളളി മറുചോദ്യം ഉന്നയിക്കുന്നു. അശോക് ചവാന്‍ കമ്മറ്റിക്ക് മുന്‍പില്‍ ഇന്ന് മുല്ലപളളിയും, ഉമ്മന്‍ചാണ്ടിയും ഹാജരായേക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി പഠിക്കാന്‍ ആണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയെ സോണിയ ഗാന്ധി നിയോഗിച്ചിരിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സമ്പൂര്‍ണ്ണ പുനസംഘടന ഹൈക്കമാന്‍ഡ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here