ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മേഹുല്‍ ചോക്സി പിടിയില്‍

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മേഹുല്‍ ചോക്സി ഡൊമിനിക്കയില്‍ കസ്റ്റഡിയില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്സി പിടിയിലായത്. ആന്റിഗ്വയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച മുതല്‍ ചോക്സിയെ കാണാതായിരുന്നു.

ഡൊമിനിക്ക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് മേഹുല്‍ ചോക്സിയെ കസ്റ്റഡിയിലെടുത്തത്. ആന്റിഗ്വയില്‍ നിന്നും ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മേഹുല്‍ ചോക്സി പിടിയിലായത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച മേഹുല്‍ ചോക്സിയെ കസ്റ്റഡിയില്‍ വയ്ക്കാനും ഇന്ത്യക്ക് കൈമാറാനും ഡൊമിനിക്ക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി അറിയിച്ചു. ഡൊമിനിക്കന്‍ സര്‍ക്കാര്‍ ആന്റിഗ്വയുമായും ഇന്ത്യയുമായും സഹകരിക്കുന്നുണ്ടെന്നും ഗാസ്റ്റണ്‍ ബ്രൗണി വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് വജ്ര വ്യാപാരിയായ മേഹുല്‍ ചോക്സി 2017ല്‍ ഇന്ത്യ വിട്ടത്. തനിക്ക് പൗരത്വമുള്ള കരീബിയന്‍ ദ്വീപായ ആന്റിഗ്വയിലേക്കാണ് മേഹുല്‍ ചോക്സി രക്ഷപ്പെട്ടത്.

സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഡൊമിനിക്കയില്‍ ചോക്സി പിടിയിലായത്. ബാങ്ക് തട്ടിപ്പ് കേസന്വേഷിക്കുന്ന സി ബി ഐയുടെ അഭ്യര്‍ത്ഥന അനുസരിച്ച് 2018ല്‍ മേഹുല്‍ ചോക്സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News