സ്ഥാനാര്‍ഥി നിര്‍ണ്ണയം, മന്ത്രിസഭാ രൂപീകരണം വിഷയങ്ങളില്‍ സി പി ഐ എം നിലപാട് വ്യക്തമാക്കി എസ് ആര്‍ പി

സ്ഥാനാര്‍ഥി നിര്‍ണ്ണയം, മന്ത്രിസഭാ രൂപീകരണം എന്നീ വിഷയങ്ങളില്‍ സി പി ഐ എം നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന്‍ പിള്ള. മാധ്യമങ്ങളിലെ സംവാദം തുടരുന്ന സാഹചര്യത്തിലാണ് ലേഖനമെഴുതുന്നതിന്നു എസ് ആര്‍ പി വ്യക്തമാക്കി.

‘സ്ഥാനാര്‍ഥി നിര്‍ണ്ണയ വിഷയത്തിലും മന്ത്രിസഭാ രൂപീകരണ കാര്യത്തിലും സി പി ഐ എം സംസ്ഥാന കമ്മിറ്റിയെ നയിച്ച കാഴ്ചപ്പാടുകള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. രണ്ടു തവണ തുടര്‍ച്ചയായി ജയിച്ച് എം എല്‍ എമാരായി തുടരുന്നവര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും അവര്‍ക്ക് പാര്‍ട്ടിയിലെ മറ്റു ചുമതലകള്‍ നല്‍കാനും സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്ത സംസ്ഥാന കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥി നിര്‍ണ്ണയവിഷയത്തില്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചര്‍ച്ചചെയ്ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്നും പുതിയ സഖാക്കളെ മന്ത്രിമാരായി നിശ്ചയിക്കണമെന്നും ഏകകണ്ഠമായി തീരുമാനിച്ചു.

പാര്‍ടിയുടെ നിലവിലുണ്ടായിരുന്ന 59 എം എല്‍ എമാരില്‍ 26 പേര്‍ രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ച് എം എല്‍ എമാരായി തുടരുന്നവരായിരുന്നു. സ്ഥാനാര്‍ഥിത്വം വീണ്ടും ലഭിക്കാത്ത ഈ 26 പേരില്‍ അഞ്ചു പേര്‍ മന്ത്രിമാരായിരുന്നു. ഒരാള്‍ സ്പീക്കറും. മന്ത്രിമാരായിരുന്ന തോമസ് ഐസക്, ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജി സുധാകരന്‍ സംസ്ഥാന കമ്മിറ്റി അംഗവും സി രവീന്ദ്രനാഥ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാണ്. മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനാണ്. മന്ത്രിസഭാ രൂപീകരണഘട്ടത്തില്‍ കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍, എം എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പുതിയ മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന് നിശ്ചയിക്കപ്പെട്ടു. മറ്റൊരാള്‍ കെ ടി ജലീലാണ്. ഇപ്രകാരം സ്ഥാനാര്‍ഥിനിര്‍ണയ ഘട്ടത്തിലും മന്ത്രിസഭാ രൂപീകരണഘട്ടത്തിലും മന്ത്രിസഭയിലെ 13 അംഗങ്ങളില്‍ 12 അംഗങ്ങള്‍ക്കും മാറ്റമുണ്ടായി. അവരില്‍ നാലുപേര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും രണ്ടുപേര്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും മൂന്നുപേര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒരാള്‍ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവും മറ്റൊരാള്‍ കെ ടി ജലീലുമാണ്. മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടി അമ്മ കുണ്ടറ നിയോജക മണ്ഡലത്തില്‍നിന്ന് വിജയിച്ചില്ല.

എം എല്‍ എമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാള്‍ക്കോ കുറെപ്പേര്‍ക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍നിന്ന് ഇളവ് നല്‍കേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. എം എല്‍ എമാരായി രണ്ടുതവണ തുടര്‍ന്നവരും എല്ലാ മന്ത്രിമാരും തങ്ങളുടെ ചുമതലകള്‍ അതിസമര്‍ഥമായി നിര്‍വഹിച്ചവരാണ്. ചുമതലകള്‍ സമര്‍ഥമായി കൈകാര്യം ചെയ്തവര്‍ക്ക് ഇളവ് നല്‍കിയാല്‍ 26 എം എല്‍ എമാര്‍ക്കും 11 മന്ത്രിമാര്‍ക്കും ഇളവ് നല്‍കേണ്ടിവരുമായിരുന്നു. പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. എം എല്‍ എമാരുടെ ഒരു പുതുനിര കടന്നുവരുമായിരുന്നില്ല. പ്രവര്‍ത്തനമികവിന്റെ പേരില്‍ എം എല്‍ എമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ് അംഗങ്ങളില്‍നിന്ന് വേര്‍തിരിച്ച് പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാല്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്. എല്ലാവരും ഒരുപോലെ സമര്‍ഥമായി പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ പാര്‍ടിക്കുള്ളിലും ജനങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളര്‍ന്നുവരുന്നതിന് അത്തരം സമീപനം ഇടവരുത്താം. സി പി ഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാര്‍ക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചു.

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ വരുത്തുകയാണ് സി പി ഐ എമ്മിന്റെ ലക്ഷ്യം. കരുത്തുള്ള ബഹുജന വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുത്തുകൊണ്ടു മാത്രമേ സാമൂഹ്യമാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയൂ. അത്തരം ബഹുജന വിപ്ലവപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ടി, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളെയും ഉപയോഗപ്പെടുത്തുന്നു. പാര്‍ട്ടി പരിപാടി ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു. ഖണ്ഡിക 7.18 ജനകീയ ജനാധിപത്യം സ്ഥാപിക്കുകയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനം കൈവരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി യത്നിക്കുന്നു. ശക്തമായ ഒരു ബഹുജന വിപ്ലവപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടും പാര്‍ലമെന്ററി, പാര്‍ലമെന്റിതര സമരരൂപങ്ങളെ സമന്വയിപ്പിച്ചുകെണ്ടും പിന്തിരിപ്പന്‍ ശക്തികളുടെ എതിര്‍പ്പിനെ അതിജീവിക്കാനും മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ കൈവരിക്കാനും തൊഴിലാളിവര്‍ഗവും അതിന്റെ സഖ്യശക്തികളും പരമാവധി ശ്രമിക്കുന്നതായിരിക്കും. പക്ഷേ, ഭരണവര്‍ഗങ്ങള്‍ ഒരിക്കലും തങ്ങളുടെ അധികാരം സ്വേച്ഛയാ ഉപേക്ഷിക്കുകയില്ലെന്ന കാര്യം എല്ലായ്പ്പോഴും ഓര്‍ക്കേണ്ടതുണ്ട്.

ഒരുവിഭാഗം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പലപ്പോഴും സംഘം ചേര്‍ന്ന് പ്രചാരവേലകള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടിയും മറ്റു ചിലരെ ഇകഴ്ത്തിയും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിച്ചുവരുന്നു. വലതുപക്ഷ രാഷ്ട്രീയ താല്‍പ്പര്യങ്ങളും ചില മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും അസൂയയും പകയും ഇത്തരം പ്രചാരവേലകളുടെ പിന്നാമ്പുറത്തുണ്ട്. തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കരുതിക്കൂട്ടി സംഘടിപ്പിക്കുന്ന ഇത്തരം പ്രചാരവേലകളെ പാര്‍ടി തള്ളിക്കളയുന്നു. അത്തരം ആശയങ്ങള്‍ക്ക് ബദലായി ശരി നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള പൊതുബോധം സൃഷ്ടിക്കാന്‍ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നു. പാര്‍ട്ടിയുടെ അജന്‍ഡ പാര്‍ടിയാണ് നിശ്ചയിക്കുന്നത്; ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വിട്ടുകൊടുക്കുകയില്ല.

തെരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥികളെ നിര്‍ണയിക്കുന്നതിലും മന്ത്രിസഭാ രൂപീകരണത്തിലും കേരള സംസ്ഥാന കമ്മിറ്റി സ്വീകരിച്ച ഏറ്റവും ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ പ്രതിനിധികളായി 11 പുതിയ പ്രവര്‍ത്തകരെയും മുഖ്യമന്ത്രിയായി പിണറായി വിജയനെയും നിശ്ചയിക്കാന്‍ കഴിഞ്ഞത്. എം എല്‍ എമാരിലും പുതുമുഖങ്ങള്‍ കടന്നുവന്നു. ബംഗാളിലെയും ത്രിപുരയിലെയും അനുഭവങ്ങളും പാര്‍ട്ടിയുടെ മുന്നിലുണ്ട്. രാഷ്ട്രീയവും സംഘടനാപരവുമായ ധീരമായ തീരുമാനങ്ങളെടുത്തുകൊണ്ട് മാത്രമേ എതിര്‍പ്പുകളെ നേരിടാനും മുന്നേറാനുമുള്ള കരുത്താര്‍ജിക്കാന്‍ പാര്‍ട്ടിക്ക് കഴിയൂ. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി ഒരിക്കലും അറച്ചുനില്‍ക്കില്ല, കടമകള്‍ ധീരമായും ദൃഢനിശ്ചയത്തോടെയും നടപ്പാക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭാ രൂപീകരണത്തിലും പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അതിന്റെ തെളിവാണ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News