കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിൽ വിജയിച്ചു.

കോവിഡ്-19 കാലഘട്ടം: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥ: ഗവേഷണഫലങ്ങളുടെ ചുരുക്കം

കോവിഡിന്റെ ഒന്നാം തരംഗത്തിൻറെ കാലത്തെ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക് അവസ്ഥയും വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസികാരോഗ്യവും തിരിച്ചറിയുന്നതിനായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (SCERT) തിരുവനന്തപുരം സർക്കാർ വനിത കോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്ററും സംയുക്തമായി നടത്തിയ വിശദമായ ഗവേഷണപഠനത്തിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

പഠനത്തിന്റെ അടിസ്ഥാന വിവരങ്ങൾ
2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെ ആയിരുന്നു പഠനത്തിൻറെ കാലയളവ്. പതിനാല് ജില്ലകളിലും നിന്ന് തെരഞ്ഞെടുത്ത പ്രാതിനിധ്യ സ്വഭാവമുള്ള 85 സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽനിന്നാണ് പ്രധാനമായും വിവരശേഖരണം നടത്തിയത്. വിദ്യാർഥികളുടെ ജെൻഡർ, സാമൂഹികവിഭാഗം, സാമ്പത്തികസ്ഥിതി, അക്കാദമിക മികവ്, എന്നിവയ്ക്കെല്ലാം പ്രാതിനിധ്യം നൽകി വിദ്യാർഥികളെ തെരഞ്ഞെടുത്തു. അവസാന സാമ്പിളിൽ 2832 വിദ്യാർത്ഥികളും 2466 മാതാപിതാക്കളും 412 അധ്യാപകരും ഉൾപ്പെട്ടു. ഇവർക്കു പുറമേ 176 സ്കൂൾ കൗൺസിലർമാരും 53 സൗഹൃദ ക്ലബ് കോഡിനേറ്റർമാരും സർവ്വേയിൽ പങ്കെടുത്തു. പ്രൈമറി സ്കൂൾ വിദ്യാർഥികളിൽ നിന്ന് അഭിമുഖം വഴിയാണ് വിവരശേഖരണം നടത്തിയത്. മറ്റുള്ളവർക്ക് ഓൺലൈൻ, പ്രിന്റഡ് രൂപങ്ങളിലുള്ള ചോദ്യാവലികൾ നൽകി. കൂടാതെ, 10 ഫീൽഡ് പഠനങ്ങളും 10 കേസ് സ്റ്റഡികളും വിദ്യാഭ്യാസവിദഗ്ധർ, മന:ശാസ്ത്രവിദഗ്ധർ, അധ്യാപകർ, തുടങ്ങിയവരുമായുള്ള 26 ചർച്ചകളും അഭിമുഖങ്ങളും പഠനത്തിനുവേണ്ടി നടത്തി. വിവിധ വിദ്യാഭ്യാസ ഗവേഷണസ്ഥാപനങ്ങളിലെയും, ബാംഗ്ലൂർ നിംഹാൻസ് അടക്കമുള്ള മാനസികാരോഗ്യ ഗവേഷണസ്ഥാപനങ്ങളിലെയും വിദഗ്ധർ പഠനത്തിൻറെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകി.

പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ
1. ഉപകരണങ്ങളുടെ ലഭ്യതയും ക്ലാസ്സുകളുടെ പ്രാപ്യതയും
കോവിഡിന്റെ ഒന്നാം തരംഗ കാലത്ത് കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികളിലെ ടെലിവിഷന്റെയും മൊബൈൽ ഫോണിൻറെയും ലഭ്യത നന്നേ ഉയർന്നതായിരുന്നു. ഡിജിറ്റൽ ക്ലാസ്സുകളിലെ പങ്കാളിത്തം നൂറു ശതമാനത്തോട് അടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു. പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളിൽ 97.38% പേരും ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ 94.18% പേരും വിദ്യാഭ്യാസവകുപ്പിൻറെ വിക്ടേഴ്സ് ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.

84.62 % വിദ്യാർഥികളുടെ വീടുകളിൽ നന്നായി പ്രവർത്തിക്കുന്ന ടെലിവിഷൻ ഉണ്ടായിരുന്നു. പഠനാവശ്യങ്ങൾക്കായി 95.33% പേർക്ക് സ്മാർട്ട്ഫോൺ ലഭ്യമായിരുന്നു. സ്മാർട്ട്ഫോണിന്റെ ലഭ്യത ടെലിവിഷൻ ലഭ്യതയെ അപേക്ഷിച്ച് ഉയർന്നതായിരുന്നു എന്നത് ശ്രദ്ധേയമാണ്. 96.68% വിദ്യാർത്ഥികൾക്ക് സ്വന്തം വീട്ടിലിരുന്നു തന്നെ ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നുണ്ടായിരുന്നു. ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബന്ധുവീടുകളെ ആശ്രയിക്കുന്നവർ രണ്ടു ശതമാനത്തോളവും പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ ഒരു ശതമാനത്തിൽ താഴെയുമായിരുന്നു.

95.62% ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ ഫോളോ അപ് ക്ളാസുകൾ ലഭിച്ചു. പ്രൈമറി ക്ലാസുകളിൽ ഇത് 89.4% ആയിരുന്നു. അവയിലെ പങ്കാളിത്തവും വിദ്യാർഥികൾ അവയ്ക്കു നൽകുന്ന റേറ്റിങ്ങും മികച്ചതാണ്; വിക്‌ടേഴ്‌സ് ക്ലാസുകളുടേതിനേക്കാൾ മേലെയാണ്.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉപകരണലഭ്യതയുടെയും ക്ലാസുകളിലെ പങ്കാളിത്തത്തിന്റെയും തോത് ഇതര വിഭാഗങ്ങളുടേതിനു സമാനമായ രീതിയിലേക്ക് ഇനിയും ഉയരേണ്ടതുണ്ട് എന്ന് പഠനം നിരീക്ഷിച്ചു.

മഹാമാരിയുടെ കാലത്ത് മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം ഏറെ മെച്ചപ്പെട്ടതായി ഇരുകൂട്ടരും പറഞ്ഞു. അധ്യാപകർ നടത്തിയ ഭവനസന്ദർശനങ്ങളും സഹായങ്ങളും ഏറെ വിലമതിക്കപ്പെട്ടു. നല്ലൊരു പങ്ക് സ്കൂളുകളിലും അധികൃതരുടെയും അധ്യാപകരുടെയും മുൻകൈയിൽ വിദ്യാർഥികൾക്ക് ടി.വി., സ്മാർട്ട്ഫോൺ മുതലായവ വാങ്ങി നൽകി. ഓരോ സ്കൂളിൽ നിന്നും ശരാശരി 20 വിദ്യാർഥികൾക്ക് ഇത്തരത്തിൽ സഹായം ലഭിച്ചു എന്ന് പഠനം വ്യക്തമാക്കി.

2. വിദ്യാർത്ഥികളുടെ ആരോഗ്യം: ഡിജിറ്റൽ / ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതിനുശേഷം തലവേദന (36.05%), കണ്ണിന് ക്ഷീണം (28.25%) എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തു. റെഗുലർ ക്ലാസുകൾ ഇല്ലാത്ത സമയത്ത് കൗമാരക്കാരായ വിദ്യാർത്ഥികളിൽ വ്യായാമം നന്നേ ചുരുങ്ങിയിട്ടുണ്ട്.

3. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം: ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 4.39% പേർ ഇന്റർനെറ്റിന്റെ പ്രശ്നകാരിയായ അമിതോപയോഗം ഉണ്ടായേക്കാവുന്നവരാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളിൽ 23.44% പേർക്ക് വിഷാദലക്ഷണങ്ങൾ ഉണ്ട്. ഗണ്യമായ ഉൽക്കണ്ഠ ഉള്ളവർ 11.16 % ആണ്. കോവിഡിന്റെ ഒന്നാം തരംഗ സമയത്ത് ആഗോളതലത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങൾ പ്രകാരം വിഷാദലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾ ശരാശരി 34.8% ആയിരുന്നു; ഉൽക്കണ്ഠ രോഗലക്ഷണങ്ങൾ ഉള്ളവർ 28.2% ആയിരുന്നു. (2020 ന്റെ അവസാനത്തോടെ ഈ മേഖലയിൽ പ്രസിദ്ധീകരിക്കപ്പെട്ട 821 ഗവേഷണ പഠനങ്ങൾ വിശകലനം ചെയ്ത ഒരു പ്രബന്ധം (Wu et al., 2020) സൂചിപ്പിക്കുന്നതുപ്രകാരം). അതുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ കാലത്ത് താരതമ്യേന കുറഞ്ഞ രീതിയിലേ ബാധിക്കപ്പെട്ടിട്ടുള്ളൂ എന്നത് ആശ്വാസകരമാണ്.
മഹാമാരിയുടെ കാലം വിദ്യാർത്ഥികളുടെ പെരുമാറ്റത്തെ ഗുണകരമായും സ്വാധീനിച്ചു. നല്ലൊരു പങ്ക് വിദ്യാർഥികൾ മാതാപിതാക്കളെ ജോലിയിലും വീട്ടിലും സഹായിക്കാൻ തുടങ്ങി. കൃഷിയും പാചകവും മുതൽ യൂട്യൂബ് ചാനൽ വരെ പുതുതായി പരീക്ഷിച്ചു. മാതാപിതാക്കളാകട്ടെ മക്കളുടെ പഠനകാര്യങ്ങളിൽ മുമ്പത്തേതിനേക്കാൾ ഇടപെടാൻ തുടങ്ങി.

4. മാതാപിതാക്കളുടെ സാമൂഹിക സാമ്പത്തിക സുരക്ഷ: കോവിഡ് മഹാമാരി ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സുരക്ഷയെ സാരമായി ബാധിച്ചു. രക്ഷകർത്താക്കളിൽ 78.35% പേർക്കും കോവിഡ് മഹാമാരിയുടെ കാലത്ത് വരുമാനം കുറഞ്ഞു. 51.18% പേർക്കും വരുമാനം പാതിയോ അതിൽ താഴെയോ ആയി കുറഞ്ഞു. ജോലി നഷ്ടമായവരുടെ എണ്ണം 36.05 ശതമാനമാണ്. 84.3% പേരും ഗാർഹികാവശ്യങ്ങൾക്കായുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായി. തൊഴിൽ നഷ്ടവും വരുമാനം തീരെ കുറഞ്ഞതും ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെയാണ്.

പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രധാന നിർദ്ദേശങ്ങൾ

കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിൽ വിജയിച്ചു. ഡിജിറ്റൽ വിദ്യാഭ്യാസം തുടർന്നുകൊണ്ടു പോകുന്ന സാഹചര്യത്തിൽ ദുർബല ജനവിഭാഗങ്ങൾ, പഠന പിന്നോക്കാവസ്ഥയുള്ളവർ, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് കുറേക്കൂടി വ്യക്തിഗത ശ്രദ്ധ ഉറപ്പുവരുത്തണം.

ഡിജിറ്റൽ പഠനം നീണ്ടു പോകുന്തോറും വിദ്യാർഥികളുടെ താല്പര്യം കുറയാതെ നിലനിർത്തേണ്ടത് പ്രധാനമാണ്. ഡിജിറ്റൽ ക്ലാസ്സുകളുടെ രീതി അതിനു പറ്റിയ രീതിയിൽ അനുക്രമമായി മാറിവരണം.

അ‍ടച്ചിടല്‍ കാലത്ത് കൗമാരക്കാരായ വിദ്യാർത്ഥികളുടെ വ്യായാമം തീരെ കുറഞ്ഞത് ദീർഘകാലാടിസ്ഥാനത്തിൽ ജീവിതശൈലീരോഗങ്ങൾക്ക് വഴിയൊരുക്കും. അധ്യാപകരുടെയും മാതാപിതാക്കളുടെയും നിരന്തരശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണം. കണ്ണിനും നടുവിനും വേണ്ടത്ര വിശ്രമവും വ്യായാമവും ഉറപ്പുവരുത്തേണ്ടതുണ്ട്.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം വലിയ തോതിൽ ബാധിക്കപ്പെട്ടിട്ടില്ല. അത് സംരക്ഷിച്ചുകൊണ്ടുപോകാൻ കൗൺസെലർമാർ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുടെ ശ്രദ്ധ വേണം. വിദ്യാർഥികളെ മാനസികാരോഗ്യദൗർബല്യത്തിലേക്കു നയിക്കുന്ന വ്യക്തിസവിശേഷതകളെയും സാഹചര്യങ്ങളെയും തിരിച്ചറിയുന്നതിനു വേണ്ട മന:ശാസ്ത്രാവബോധവും പരിശീലനവും അധ്യാപകർക്കും സ്കൂൾ കൗൺസെലർമാർക്കും നൽകണം. ദീർഘകാലാടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങളിലും മാനസികാരോഗ്യ പരിരക്ഷയ്ക്ക് ഉതകുന്ന ഭാഗങ്ങൾ ഉണ്ടാകണം.

വിദ്യാർത്ഥികളിലെ ആത്മഹത്യാപ്രവണതയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ഈ പഠനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെപ്പറ്റി അധ്യാപകർക്കും കൗൺസിലർമാർക്കും ബോധ്യമുണ്ടാക്കണം.

മാതാപിതാക്കളുടെ സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ വർഷങ്ങൾ തന്നെ നീണ്ടേക്കാം. കുടുംബങ്ങൾക്ക് മാനസികപിന്തുണ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മഹത്യാപ്രതിരോധപ്രവർത്തനങ്ങളും സാമൂഹ്യസുരക്ഷാമാർഗ്ഗങ്ങളും വർദ്ധിപ്പിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News