കൊവിഡിന് ഇടയിൽ കനത്തമഴയും, വെള്ളക്കെട്ടും കേരളത്തിൽ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. കുഞ്ഞിനു വരുന്ന ഏതു അസുഖത്തെയും വളരെ ഭയത്തോടെ, ഇനിയെങ്ങനെ എന്ന ചിന്തയിൽ ആണ് മിക്ക മാതാപിതാക്കളും. അതിനാൽ ഈ സമയം നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.
ജലജന്യരോഗങ്ങൾ വൈറൽ പനികൾ, ഇൻഫ്ലുവൻസ, കൊതുക് പരത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് പടർന്നുപിടിക്കാൻ അനുകൂല സമയമാണ്.ഇവയെപ്പറ്റി അറിയുക തടയുക എന്നത് തന്നെയാണ് കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും.
1. മഴക്കാല രോഗങ്ങൾ പ്രധാനപ്പെട്ടവ ഏതെല്ലാം?
മഴക്കാലത്ത് ജലജന്യരോഗങ്ങൾ ആയ ടൈഫോയ്ഡ് മഞ്ഞപ്പിത്തം എലിപ്പനി വയറിളക്കരോഗങ്ങൾ കൂടാതെ കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചിക്കൻ കുനിയ എന്നിവയാണ് മഴക്കാലരോഗങ്ങൾ.
2. ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?
കഠിനമായ പനിയോടൊപ്പം കഠിനമായ ദേഹം വേദനയും കണ്ണിനു പുറകിൽ വേദന, തലവേദന,ഛർദി ശരീരത്തിൽ ചുവന്ന കുരുക്കൾ, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കാര്യമായ പനി കുറയാതെ നിൽക്കുകയാണെങ്കിൽ രക്തപരിശോധനയിലൂടെ രോഗം നിർണയിക്കാം. മൂന്നാം ദിവസം മുതൽ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറഞ്ഞു തുടങ്ങും. രക്തസമ്മർദ്ദം കുറയുവാനും മറ്റ് അവയവങ്ങളെ ബാധിക്കാം. തന്മൂലം രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
2. എലിപ്പനി എങ്ങനെ തടയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
എലി മൂത്രം കലർന്ന മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് ചെരുപ്പ് ഇല്ലാതെ രോഗാണു കലർന്ന വെള്ളത്തിൽ ചവിട്ടുമ്പോൾ കാലിലെ ചെറിയ മുറിവുകളിലൂടെയും മലിനമാക്കപ്പെട്ട കുടിവെള്ളത്തിലൂടെ യും രോഗം പകരും. രോഗാണു ശരീരത്തിൽ കടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ കഠിനമായ പനി, മഞ്ഞപ്പിത്തം,തലവേദന, കണ്ണിനു ചുവപ്പ്,കൈകാൽ കഴപ്പ്, മസിലുകളിൽ തൊടുമ്പോൾ പോലും വേദന,ചുവന്ന കുരുക്കൾ എന്നിവ കാണാറുണ്ട്.
രോഗം ഗുരുതരമായാൽ തലച്ചോർ ഹൃദയം കിഡ്നി കരൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. അതിനാൽ കെട്ടികിടക്കുന്ന വെള്ളവുമായി സമ്പർക്കം വന്നാൽ എലിപ്പനി പ്രതിരോധ മരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. രോഗംവരാതെ ഇരിക്കാൻ ഉപകരിക്കും.
3. ടൈഫോയ്ഡ് ബാധിക്കുന്നത് എങ്ങനെ അറിയാം?
Salmonella Typhi ബാക്ടീരിയമൂലമുണ്ടാകുന്ന Typhoid fever, മലിനമാക്കപ്പെട്ട ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുക. ചെറിയ പനി ആയിട്ടാണ് ആദ്യം തുടങ്ങുന്നത് എങ്കിലും പിന്നീട് പനി കൂടി കൂടി വരും.മനംപുരട്ടൽ, ഓക്കാനം, വിശപ്പില്ലായ്മ, ക്ഷീണം,മലബന്ധമോ, വയറിളക്കമോ എന്നിവയുണ്ടാകാം പനിയോടൊപ്പം. കൂടിയാൽ ഗുരുതരമാകാം. ബ്ലഡ് ടെസ്റ്റ് വഴി രോഗം കണ്ടുപിടിക്കുന്നതും ആന്റിബയോട്ടിക് ചികിത്സ നൽകുന്നത് വഴി രോഗം പൂർണ്ണമായി സുഖപ്പെടുത്താവുന്നതാണ്.
4. മഞ്ഞപ്പിത്തം മാരകം ആകാം എങ്ങനെ?
മലിന ജലം,ഭക്ഷണം എന്നിവയിൽനിന്നും ശരീരത്തിലെത്തുന്ന ഹെപ്പറ്റൈറ്റിസ്( Hepatitis)A വൈറസ് 10 മുതൽ 50 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും.പനി വിശപ്പില്ലായ്മ, ക്ഷീണം വയറുവേദന,ഛർദ്ദി, വയറിളക്കം,മഞ്ഞപ്പിത്തം എന്നിവയാണ് രോഗലക്ഷണങ്ങൾ.
ഒരു ശതമാനത്തിൽ താഴെ കുട്ടികളിൽ കരളിനെ മാരകമായി ബാധിക്കാം. രക്തപരിശോധന SerumIgM HAV ആന്റിബോഡി പരിശോധനയിലൂടെ രോഗനിർണയനം കൃത്യമായ ചികിത്സയിലൂടെ പൂർണമായി സുഖപ്പെടുത്താവുന്നതാണ്.
5. വയറിളക്കരോഗങ്ങൾ ഗുരുതരമാകാം?
മലിന ജലം ഭക്ഷണം അതുപോലെ ഈച്ച മുതലായ പ്രാണികൾ മൂലം വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ആണ് രോഗമുണ്ടാകുന്നത് കുട്ടികളുടെ മരണത്തിന് ഒരു പ്രധാന കാരണമാണ് വയറിളക്കം. നിർജലീകരണം തടയൽ ആണ് പ്രധാന ചികിത്സ. അതിനു ഓ.ആർ. എസ് ലായനി ആണ് ഏറ്റവും ഫലപ്രദം.
6.പനിയും ചുമയും കഫക്കെട്ടും ഇൻഫ്ലുവൻസ ആകാം?
ഇൻഫ്ലുവൻസ വൈറസ് പകരുന്നത് രോഗിയുടെ ശ്രവ ങ്ങളിൽ കൂടിയാണ്. കൊറോണ വൈറസിനെതിരെ നാം എടുക്കുന്ന എല്ലാ പ്രതിരോധമാർഗങ്ങളുംഇൻഫ്ലുൻസാ വൈറസിനെയും തടയും. കൊവിഡ് നെഗറ്റീവ് ആണെന്ന് കരുതി കഫക്കെട്ട് ചികിത്സിക്കാൻ വൈകരുത്. ഇൻഫ്ലുവൻസ വൈറസിന് എതിരായ പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്.
മഴക്കാലത്ത് മറക്കാതെ ശ്രദ്ധിക്കുക
നിങ്ങളുടെ കിണറുകൾ കുടിവെള്ള സ്രോതസ്സ് എന്നിവ ക്ലോറിനേറ്റ് ചെയ്യുക.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും ഉപയോഗിക്കുക. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.ആഴ്ചയിൽഒരുദിവസം ഡ്രൈഡേ ആചരിക്കുക.കുട്ടികളെ നീളമുള്ള വസ്ത്രം ധരിപ്പിക്കുക കൊതുകുവല ഉപയോഗിക്കുക.കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക.രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഒട്ടും വൈകാതെ തന്നെ ചികിത്സ തേടുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here