ദ്വീപ് ജനതയെയും, ബേപ്പൂർ തുറമുഖത്തെയും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കും സി ഐ ടി യു

ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം എന്നിവ ബേപ്പൂർ തുറമുഖത്തിൽ നിന്നും പൂർണ്ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കൊണ്ടുള്ള ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി പിൻവലിക്കണമെന്ന് സി ഐ ടി യു .ലക്ഷദ്വീപ് നിവാസികൾക്ക് കേരളവുമായുള്ള എല്ലാ ബന്ധങ്ങളും തകർക്കുക എന്നതാണ് അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം. പ്രഫുൽ കോഡ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി ചുമതലയെടുത്ത ശേഷമാണ് ഈ നടപടി ഉണ്ടായതെന്നും സംഘടന ആരോപിച്ചു.

ലക്ഷദ്വീപിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, നിർമ്മാണസാമഗ്രികൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ വലിയ തോതിൽ കയറ്റിപ്പോവുന്നത് ബേപ്പൂർ തുറമുഖം വഴിയാണ്. ഈ പ്രവർത്തിയെ ആശ്രയിച്ചു തൊഴിൽ ചെയ്യുന്ന മുന്നൂറിലേറെ തൊഴിലാളികൾ ബേപ്പൂർ തുറമുഖത്ത് ജോലിചെയ്യുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിന്നുള്ള ചരക്ക് കടത്തും മംഗലാപുരത്തേക്ക് മാറ്റുന്നതായി വാർത്തകൾ പുറത്തുവരികയാണ്.

ഇതോടെ, വർഷങ്ങളായി ഈ ജോലിയിൽ ഏർപ്പെട്ട് വരുന്ന തൊഴിലാളികളെല്ലാം തൊഴിൽ രഹിതരാവും. ലക്ഷദ്വീപിൽ നിന്നുള്ള അനേകം വിദ്യാർത്ഥികൾ കോഴിക്കോട്ടും പരിസരത്തും പഠിക്കുന്നുണ്ട്. ചികിത്സ ആവശ്യത്തിന് ദ്വീപ് നിവാസികൾ ആശ്രയിക്കുന്നത് കേരളത്തിലെ ആശുപത്രികളെയാണ്.കോഴിക്കോട് ,കണ്ണൂർ, മലപ്പുറം ജില്ലകളിൽ ദ്വീപു നിവാസികളായ ജനങ്ങൾക്ക് വിവാഹബന്ധങ്ങളുമുണ്ട്.

എത്രയോ വർഷങ്ങളായി കേരളവുമായി സുദൃഢമായ ബന്ധം പുലർത്തുന്ന ലക്ഷദ്വീപിനെ, കേരളവുമായുള്ള ബന്ധങ്ങൾ അറുത്ത് മാറ്റുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടി പ്രതിഷേധാർഹമാണെന്നും എളമരം കരീം പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിനെ ഉടൻ തിരിച്ചു വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ലക്ഷദ്വീപ് ജനതയെയും, ബേപ്പൂർ തുറമുഖത്തെയും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കുമെന്നും സംഘടന നിലപാട് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here