ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി സലീം മടവൂർ

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡെ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നഭ്യർഥിച്ച് സാമൂഹ്യ പ്രവർത്തകനും ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡണ്ടുമായ സലീം മടവൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.

ദാദ്രാ നഗർ ഹവേലിയിലെ പാർലമെൻ്റംഗമായ മോഹൻ മേൽകറിൻ്റെ മരണത്തിനുത്തരവാദിയായ പ്രഫുൽ ഖോഡെ പട്ടേലിനെ ലക്ഷദ്വീപ് പോലെ സീറോ ക്രൈം നിരക്കുള്ള പ്രദേശത്ത് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് ദുരുദ്ദേശപരമാണെന്ന് പരാതിയിൽ പറയുന്നു. ലക്ഷദ്വീപിൻ്റെ ചരിത്രത്തിലാദ്യമായാണ് സിവിൽ സർവീസുകാരനല്ലാത്ത വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത്. ഇത് ലക്ഷദീപിൻ്റെ പവിത്രമായ സംസ്കാരം നശിപ്പിക്കാനുള്ള ധാരണയോടെയുള്ള നടപടിയാണ്.

ടൂറിസ്റ്റുകുടെ ഒഴുക്ക് വർധിപ്പിക്കാൻ കൊവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയത് കാരണം കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. ലക്ഷദ്വീപ് നിവാസികൾ മരിച്ചു വീണിട്ടായാലും ടൂറിസ്റ്റുകൾ വന്നാൽ മതിയെന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റർ വെച്ചു പുലർത്തുന്നത്. ഇത് ഇദ്ദേഹത്തിൻ്റെ ദ്വീപിനോടുള്ള മനോഭാവം വ്യക്തമാക്കുന്നു.

നൂറ്റാണ്ടുകളായി ബീഫ് കഴിച്ചു വരുന്ന ദ്വീപിൽ പുതിയ ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമത്തിൽ ബീഫ് നിരോധനത്തിന് നിർദ്ദേശം വെച്ചിരിക്കുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്നും മാംസ മത്സ്യ ഇനങ്ങൾ ഒഴിവാക്കി.

പരമ്പരാഗതമായി മദ്യപാനമില്ലാത്ത ലക്ഷദ്വീപിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യ വിതരണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നു. മദ്യ നിരോധനത്തിന് ശ്രമിക്കണമെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ തത്വങ്ങൾ ഇവിടെ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു. ഭാവിയിൽ ദ്വീപ് നിവാസികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആകർഷിച്ച് മദ്യപാന ശീലം അടിച്ചേൽപ്പിച്ച് മദ്യപൻമാരാക്കി നശിപ്പിക്കാനാണ് അഡ്മിനിസ്ട്രേറ്റർ ലക്ഷ്യമിടുന്നത്.

സീറോ ക്രിമിനൽ നിരക്കുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യരാക്കാനുള്ള കരടു പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ നിർദേശം ദീപ് നിവാസികളിൽ ഭീതി നിറക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ടുള്ള നീക്കമാണ്. കൊവിഡ് വ്യാപനത്തിൽ വ്യാപകമായി ജോലി നഷ്ടപ്പെടുമ്പോഴും നൂറുകണക്കിന് താൽക്കാലിക ജോലിക്കാരെ പിരിച്ചുവിട്ടും പാതിരാത്രിയിൽ പകരം സംവിധാനം പോലും ഒരുക്കാതെ മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു മാറ്റിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ്.

ഡാമൻ ഡിയുവിലെ ഗോത്രവർഗക്കാരായ മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിൽ ജീവിത സാഹചര്യത്തിൽ നിന്നും പറിച്ചെറിഞ്ഞ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെ നിഷ്കളങ്കരായ ജനതയുടെ സംസ്കാരത്തിനും ജീവിതത്തിനും നേരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ തൻ്റെ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് സുപ്രീം കോടതി ഇടപെടണമെന്ന് സലീം മടവൂർ അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News