ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ: കണ്ണട, മൊബൈൽ, കമ്പ്യൂട്ടർ റിപ്പയറിം​ഗ്​ കടകൾ ആഴ്ചയിൽ രണ്ട്​ ദിവസം തുറക്കാം

കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ്​ അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്​ഥാപനങ്ങൾക്ക്​ ആഴ്ചയിൽ രണ്ട്​ ദിവസം തുറക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്ലസ്​ വൺ പരീക്ഷ ഓണാവധിക്ക്​ അടുത്തുള്ള സമയത്ത്​ നടത്താൻ ക്രമീകരണം ഒരുക്കും. എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി മൂല്യനിർണയത്തിന്​ നിശ്ചയിച്ച അധ്യാപകർ, കോവിഡ്​ ഡ്യൂട്ടിയിലുണ്ടെങ്കിൽ അതിൽനിന്ന്​ ഒഴിവാക്കും. ഓൺലൈൻ അഡ്വൈസിന്‍റെ വേഗത വർധിപ്പിക്കാൻ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

കൊവിഡ്​ ബാധിച്ച്​ മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക്​ പ്രത്യേക പാക്കേജ്​ നടപ്പാക്കും. മൂന്ന്​ ലക്ഷം രൂപ കുട്ടികൾക്ക്​ ഒറ്റത്തവണയായി നൽകും. 18 വയസ്സ്​ വരെ മാസംതോറും 2000 രൂപ വീതം നൽകും. അതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. പത്തനംതിട്ട, പാലക്കാട്​, കോഴിക്കോട്​ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണനിരക്ക്​ കൂടുതലാണ്​. ഇവിടെ വിദഗ്​ധ സംഘത്തെ നിയോഗിച്ച്​ ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here