കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ജില്ലകളുടെ അവലോകന യോഗം ചേര്‍ന്നു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് അനുബന്ധമായാണ് ജില്ലാകളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നത്.

ജില്ലാതലത്തിലുള്ള വെല്ലുവിളികള്‍ മനസിലാക്കുന്നതിനും അതിന് പരിഹാരം കാണാനും കൂടിയായിരുന്നു യോഗം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാ ജില്ലകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ആദ്യ യോഗമായിരുന്നു ഇത്.

ലോക് ഡൗണിന്റേയും മികച്ച പ്രവര്‍ത്തനങ്ങളുടേയും ഫലമായി പല ജില്ലകളിലും കൊവിഡ് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചില ജില്ലകളില്‍ ടി.പി.ആര്‍. കുറയ്ക്കാന്‍ കഴിഞ്ഞു. മറ്റ് ജില്ലകളില്‍ ടി.പി.ആര്‍. കുറയ്ക്കാന്‍ ശ്രമിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തോടൊപ്പം തന്നെ പകര്‍ച്ചവ്യാധി പ്രതിരോധത്തിലും എല്ലാവരും ശ്രദ്ധിക്കണം. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പല ആശുപത്രികളും കൊവിഡ് ചികിത്സയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കൊവിഡിനോടൊപ്പം തന്നെ നോണ്‍ കൊവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കി വരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ പലപ്പോഴും വെല്ലുവിളിയുണ്ടാകും.

ആശുപത്രികളിലെ ഐ.സി.യു.കളിലും വെന്റിലേറ്ററുകളിലും കൊവിഡ് രോഗികളാണുള്ളത്. അതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധം വളരെയേറെ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ച് ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തുകയാണ്. ഈയൊരു സാഹചര്യത്തില്‍ ജില്ലകളുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കൂടിയാണ് യോഗം കൂടിയത്.

തീരദേശ മേഖല, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പിപിഇ കിറ്റ്, മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ, തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ജീവൻരക്ഷാമരുന്നുകളും ഉറപ്പ് വരുത്തണം. ക്വാറന്റൈനിലുള്ളവരേയും കൊവിഡ് ബാധിച്ചവരേയും ക്യാമ്പുകളിലേക്കും സിഎഫ്എൽടിസികളിലേക്കും മറ്റും മാറ്റാൻ അധിക വാഹനം സജ്ജമാക്കണം.

ഡി.എം.ഒ.മാരുടെ നേതൃത്വത്തിൽ കൊവിഡ് ആശുപത്രികളിലെ സജ്ജീകരണങ്ങൾ ഇടയ്ക്കിടയ്ക്ക് വിലയിരുത്തേണ്ടതാണ്. ആശുപത്രികളിൽ തുടങ്ങിവച്ച ഐ.സി.യു. ഉൾപ്പെടെയുള്ളവ പൂർത്തിയാക്കണം. കൊവിഡ്, നോണ്‍ കൊവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകളും പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും സജ്ജമാക്കണം. കൊവിഡിനെ സംബന്ധിച്ചുള്ള എല്ലാ വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വികരിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ജില്ലാ കളക്ടര്‍മാര്‍, സ്റ്റേറ്റ് ആര്‍.ആര്‍.ടി. അംഗങ്ങള്‍, ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ഡി.പി.എമ്മുമാര്‍, ഡി.എസ്.ഒ.മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News