യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടപോരാട്ടം ഞായറാഴ്ച, മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടും

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാര്‍ ആരെന്ന് ഞായറാഴ്ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും.ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 12:30 ന് പോർട്ടോയിലാണ് ഫൈനൽ.ഇത് മൂന്നാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ടീമുകൾ മുഖാമുഖം വരുന്നത്.

കഴിഞ്ഞ ഏതാനും സീസണുകളായി കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം കയ്യെത്തും ദൂരെയാണ് മാഞ്ചസ്റ്റർ സിറ്റിക്ക്. പെപ്പ് ഗ്വാർഡിയോളയുടെ കീഴിൽ ചരിത്ര ഫൈനലിനിറങ്ങുമ്പോൾ എത്തിഹാദ് ക്ലബ്ബിന് ലക്ഷ്യം കിരീടം മാത്രമാണ്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റി സൂപ്പർ പരിശീലകൻ പെപ്പിന് കീഴിൽ അടിമുടി മാറിയിട്ടുണ്ട്. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ കഴിയുംവിധം പോരാളികളുടെ സംഘമായി സിറ്റിസൺസിനെ മാറ്റിയെടുക്കാൻ ചുരുങ്ങിയ കാലം കൊണ്ട് പെപ്പിന് സാധിച്ചു.

കെവിൻ ഡിബ്രൂയിനും ക്ലബ്ബ് ജഴ്സിയിൽ അവസാനമത്സരത്തിനിറങ്ങുന്ന അഗ്യൂറോയ്ക്കും എല്ലാം ചാമ്പ്യൻസ് ലീഗ് കിരീടം അഭിമാന പ്രശ്നമാണ്. സിറ്റിയുടെ പോർച്ചുഗൽ താരങ്ങളായ ബെർനാഡോ സിൽവയ്ക്കും റൂബൻ ഡിയാസിനും ഫൈനൽ സ്വന്തം നാട്ടിലെ മത്സരമാണ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഈ സിറ്റി ക്ലബ്ബിൽ പ്രതീക്ഷ ഏറെയുണ്ട് ആരാധകർക്കും.

തോമസ് ടുഷെൽ പരിശീലകനായ ചെൽസിയാണ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി.ഏറ്റവും ഒടുവിലായി നടന്ന നേർക്ക് നേർ പോരാട്ടങ്ങളിൽ ചെൽസി നേടിയ നേരിയ മുൻതൂക്കമാണ് പെപ്പിനെ തെല്ല് സമ്മർദ്ദത്തിലാക്കുന്നത്.പി.എസ്.ജിയെതോൽപിച്ചായിരുന്നു ടൂർണമെൻറിൽ സിറ്റിയുടെ ഫൈനൽ പ്രവേശം.

അതേസമയം രണ്ടാം കിരീടം കൊതിച്ചാണ് ചെൽസിയുടെ പടയൊരുക്കം. 13 തവണ കിരീട ജേതാക്കളായ റയൽ മാഡ്രിഡിനെ വീഴ്ത്തി ഫൈനലിലെത്തിയ നീലപ്പടയ്ക്ക് കപ്പെടുക്കാൻ കഴിയുമെന്ന കാര്യത്തിൽ പ്രതീക്ഷ ഏറെ.മുന്നേറ്റനിരയിൽ ടിമോ വെർണറും മേസൺ മൗണ്ടും പുറത്തെടുക്കുന്നത് ഒന്നാന്തരം പ്രകടനമാണ്.

തിയാഗോ സിൽവ ചുക്കാൻ പിടിക്കുന്ന പ്രതിരോധവും മികച്ചതാണ്.സൂപ്പർ താരം എന്‍ഗാളോ കാന്റേയും ഗോൾകീപ്പർ എഡ്വാര്‍ഡ് മെന്‍ഡിയും പരിക്ക് മാറി തിരിച്ചെത്തിയത് ചെൽസിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. നേരത്തേ തുർക്കിയിലെ അറ്റതുർക്ക് ഒളിമ്പിക്‌സ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന ഫൈനൽ കോവിഡ് വ്യാപനത്തെ തുടർന്ന് എഫ്‌സി പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗാവൊയിലേക്ക് മാറ്റുകയായിരുന്നു.തുടർച്ചയായ രണ്ടാം തവണയാണ് പോർച്ചുഗൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന് വേദിയാകുന്നത്.

ഫൈനൽ കാണാൻ 16,500 കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കഷ്ടകാലത്തും സിറ്റിക്ക് ഒപ്പം തന്നെ നിന്ന ആരാധകരോടുള്ള നന്ദിസൂചകമായിചാമ്പ്യൻസ് ലീഗ് ഫൈനലിനെത്തുന്ന ആരാധകരുടെ യാത്ര ചിലവ് വഹിക്കാൻ ക്ലബ് ഉടമ ഷെയ്ക് മൻസൂർ തീരുമാനിച്ചിട്ടുണ്ട്.പോർച്ചുഗലിലേക്കുള്ള വിമാനയാത്ര ചിലവ് ഉൾപ്പെടെയുള്ള ചെലവുകളാകും ക്ലബ്ബ് മാനേജ്മെൻറ് വഹിക്കുക. ഏതായാലും ഇംഗ്ലീഷ് ക്ലബ്ബുകൾ നേർക്ക് നേർ വരുന്ന ക്ലാസിക്ക് ത്രില്ലറിനാണ് പോർട്ടോയിലെ സ്റ്റേഡിയം വേദിയാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here