‘പുതിയ പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസിനെ പരിഷ്‌കരിക്കാന്‍ സാധിക്കുമോ?’ : എ വിജയരാഘവന്‍

കാലങ്ങളായുള്ള കോണ്‍ഗ്രസ് പിഴവുകള്‍ തിരുത്തുന്ന തരത്തിലുള്ള പുതിയ പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. ജാതി മത സംഘടനകളെക്കുറിച്ച് സതീശന്‍ പ്രകടിപ്പിച്ച നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളില്‍ അധികവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി വി ഡി സതീശനെ എ ഐ സി സി നിര്‍ദേശിച്ചശേഷം അദ്ദേഹം നടത്തിയ ചില പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ശരിയാണ്, രാഷ്ട്രീയകേരളം ഗൗരവമായി പരിഗണിക്കേണ്ട ചില വിഷയങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതുപോലെ പ്രധാനമാണ്, കോണ്‍ഗ്രസിനകത്ത് വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ ചില അഭിപ്രായപ്രകടനങ്ങളും.

കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ ഡി എഫ് സര്‍ക്കാരിനോട് പ്രതിപക്ഷം സ്വീകരിച്ച നിലപാട് തീര്‍ത്തും നിഷേധാത്മകമായിരുന്നുവെന്ന വിമര്‍ശം സി പി ഐ എം നേരത്തേ ഉന്നയിച്ചുവരുന്നതാണ്. യു ഡി എഫിന്റെ പരാജയം ഇത്ര ദയനീയമായതിന് ഈ നിഷേധാത്മക നയവും പങ്കുവഹിച്ചിട്ടുണ്ട്. ഈ നിലപാട് തിരുത്തി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകും എന്ന സൂചനകള്‍ സതീശന്റെ പ്രസ്താവനകളിലുണ്ട്. കൊവിഡ് 19 പ്രതിരോധിക്കാന്‍ സര്‍ക്കാരുമായി പ്രതിപക്ഷം കൈകോര്‍ക്കുമെന്നും സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നല്ല കാര്യത്തിനും പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നയവ്യതിയാനം സ്വാഗതാര്‍ഹമാണ്. ജനവിധിയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസും യു ഡി എഫും തയ്യാറാകുന്നുവെങ്കില്‍ അത്രയും നല്ലത്. സതീശന്റെ പ്രഖ്യാപനം അതിന്റെ അന്തഃസത്തയില്‍ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനതാല്‍പ്പര്യത്തിന് ഗുണമാകുമെന്നതില്‍ തര്‍ക്കമില്ല. വികസന കാര്യത്തിലും പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നേരിടുന്നതിലും പ്രതിപക്ഷവുമായി അങ്ങേയറ്റം സഹകരിച്ചു പോകാനാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രതിപക്ഷനിലപാട് നിഷേധാത്മകമായിരുന്നു. അതിലേക്ക് ഇപ്പോള്‍ പോകുന്നില്ല. വി ഡി സതീശന്റെ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുമോ എന്നതാണ് പ്രധാനം.

പുതിയ പ്രതിപക്ഷനേതാവ് ഉന്നയിച്ച മറ്റു വിഷയങ്ങള്‍കൂടി വിലയിരുത്തേണ്ടതുണ്ട്. അക്കാര്യങ്ങള്‍ ഇങ്ങനെ ചുരുക്കാം: ”കോണ്‍ഗ്രസിലെ കാര്യങ്ങള്‍ കോണ്‍ഗ്രസിനകത്തുതന്നെ തീരുമാനിക്കണം. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി ഉണ്ടാകരുത്. ജാതി മത സംഘടനകള്‍ക്ക് കോണ്‍ഗ്രസില്‍ ഇടപെടാന്‍ കഴിയരുത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ത്തു തോല്‍പ്പിക്കണം”.

കഴിഞ്ഞ ആറുപതിറ്റാണ്ടു കാലം കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയനിലപാടുകള്‍ക്ക് കടകവിരുദ്ധമായ സമീപനമാണ് സതീശന്റേത്. കേരളത്തിന്റെ പൊതുബോധത്തില്‍ വര്‍ഗീയതയ്ക്കും പ്രതിലോമതയ്ക്കും മാന്യസ്ഥാനം കിട്ടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നത്. സതീശന്റെ പ്രസ്താവനയ്ക്കുശേഷവും അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്ക് അനുകൂലമായി കോണ്‍ഗ്രസില്‍നിന്നോ യു ഡി എഫിലെ മറ്റു ഘടകകക്ഷികളില്‍നിന്നോ പിന്തുണ ലഭിച്ചതായി കാണുന്നില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിശ്ശബ്ദത പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ടാണ് ഈ മൗനമെന്ന് കോണ്‍ഗ്രസിനെയും യു ഡി എഫിനെയും നിരീക്ഷിക്കുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ജാതി മത സംഘടനകളെക്കുറിച്ച് സതീശന്‍ പ്രകടിപ്പിച്ച നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളില്‍ അധികവും. അതവര്‍ തുറന്നു പറയുന്നില്ലെന്നേയുള്ളൂ. പ്രതിപക്ഷ നേതാവിന്റെ നിലപാടിലേക്ക് കോണ്‍ഗ്രസും യു ഡി എഫും വരില്ല എന്നതിന്റെ സൂചനയാണത്. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ പാര്‍ടിയില്‍ത്തന്നെ തീരുമാനിക്കണമെന്നും ഒരു ജാതി മത സംഘടനയ്ക്കും ഇടപെടാന്‍ കഴിയരുതെന്നുമുള്ള പ്രസ്താവന, ആത്മപരിശോധനയ്ക്ക് ആ പാര്‍ടി തയ്യാറാകുന്നു എന്ന സൂചനയായി കാണാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ നിലപാടുകളെ മുസ്ലിംലീഗ് അട്ടിമറിക്കുന്നു എന്ന വിമര്‍ശം തെരഞ്ഞെടുപ്പ് വേളയില്‍ സി പി ഐ എം ഉയര്‍ത്തിയിരുന്നു. അതിന്റെ പേരിലാണ് സി പി ഐ എം മുസ്ലിംവിരുദ്ധ നിലപാട് എടുക്കുന്നു എന്ന പ്രചാരണവുമായി മുസ്ലിംലീഗ് രംഗത്തിറങ്ങിയത്. യുഡിഎഫിലെ അനൗപചാരിക ഘടകകക്ഷിയായ ജമാ അത്തെ ഇസ്ലാമിയും ഈ പ്രചാരണത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍, മുസ്ലിം ജനസാമാന്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

സി പി ഐ എം ഉയര്‍ത്തിയ വിമര്‍ശം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ജമാ അത്തെ ഇസ്ലാമിയെന്ന തീവ്രവര്‍ഗീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പാര്‍ടിയായ വെല്‍ഫയര്‍ പാര്‍ടിയുമായി പ്രാദേശിക തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സഖ്യമുണ്ടാക്കുന്നതിനെ എ ഐ സി സി നേതൃത്വവും കെ പി സി സി അധ്യക്ഷനും പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍, മുസ്ലിംലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി എതിര്‍പ്പ് ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിക്കപ്പെട്ടു. സംസ്ഥാനത്താകെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബന്ധം തുടര്‍ന്നു. മതനിരപേക്ഷ കക്ഷിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, കൂടുതല്‍ കൂടുതല്‍ മതാധിഷ്ഠിതമായി നീങ്ങുന്ന മുസ്ലിംലീഗിന് കീഴ്‌പ്പെടേണ്ടിവന്നു.

രണ്ടാമത്തെ പ്രശ്‌നം സംവരണേതര വിഭാഗങ്ങള്‍ക്കുള്ള പത്തുശതമാനം സംവരണത്തിന്റെ കാര്യമാണ്. സംവരണത്തിന് അര്‍ഹതയില്ലാത്ത സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം ഉദ്യോഗ സംവരണം നല്‍കണമെന്നത് സി പി ഐ എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. 2016ല്‍ എല്‍ ഡി എഫ് പ്രകടനപത്രികയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതു നടപ്പാക്കുന്നതിന് നിയമപരമായുള്ള തടസ്സം ഭരണഘടനാ ഭേദഗതിയിലൂടെ നീങ്ങിയപ്പോള്‍, പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇതിനെ എതിര്‍ത്തുകൊണ്ട് മുസ്ലിംലീഗ് രംഗത്തുവന്നു. മാത്രമല്ല, ഇതര മുസ്ലിം സംഘടനകളെ യോജിപ്പിച്ച് സര്‍ക്കാരിനെതിരെ സമരം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു ലീഗിന്റെ പരിപാടി. സംവരണേതര വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണമെന്നത് കോണ്‍ഗ്രസിന്റെയും നയമാണെന്ന് ഓര്‍ക്കണം. മാത്രമല്ല, 2016ലെ യു ഡി എഫ് പ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് മുസ്ലിംലീഗ് സമരത്തിന് ഇറങ്ങിയപ്പോള്‍ അതിനെതിരെ ഒരക്ഷരം പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. സാമുദായിക ധ്രുവീകരണശ്രമങ്ങള്‍ സിപിഐ എം തുറന്നുകാട്ടിയപ്പോഴാണ് മുസ്ലിംലീഗ് അതില്‍നിന്ന് പിന്തിരിഞ്ഞത്.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചതിനെ ദുര്‍വ്യാഖ്യാനിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാനും മുസ്ലിംലീഗ് ശ്രമിച്ചു. മുഖ്യമന്ത്രി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ പൊതുവേ ചെയ്തത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും മതന്യൂനപക്ഷങ്ങളാണ്. ഇരുവിഭാഗത്തിനും പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ അഭിനന്ദിക്കുന്നതിന് പകരം ഇത് മുസ്ലിം സമുദായത്തിനെതിരായ നീക്കമാണെന്ന് പ്രചരിപ്പിക്കാനാണ് ലീഗ് ശ്രമിച്ചത്. ഇക്കാര്യത്തിലും ലീഗിനെ തിരുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

ഇത്തരത്തില്‍ പ്രതിലോമകരമായ നിലപാട് എടുക്കുന്ന മുസ്ലിംലീഗിനെ യു ഡി എഫില്‍ നിര്‍ത്തിയാണ് ജാതി മത സംഘടനകള്‍ക്ക് കീഴടങ്ങില്ലെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചത്. അതു നടക്കുമെങ്കില്‍ കേരളത്തിനും കോണ്‍ഗ്രസിനും നല്ലത്. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് മുകളില്‍ സൂചിപ്പിച്ചു. ജമാ അത്തെ ഇസ്ലാമിയെ കൂടെനിര്‍ത്തി ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്ന് പറയുമ്പോള്‍ അതിനെ അധരവ്യായാമമെന്നേ വിളിക്കാന്‍ കഴിയൂ.

ഭൂരിപക്ഷ വര്‍ഗീയതയുമായി കോണ്‍ഗ്രസ് എന്നും ചങ്ങാത്തത്തിലായിരുന്നു. മൃദുഹിന്ദുത്വനയം സ്വീകരിച്ചുകൊണ്ട് ആര്‍ എസ് എസിന്റെ ഹിന്ദുത്വ പദ്ധതിയെ നേരിടാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മൃദുഹിന്ദുത്വം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നയമായി മാറി. പലഘട്ടങ്ങളിലും ഹിന്ദുവര്‍ഗീയതയുമായി മത്സരിക്കാനും കോണ്‍ഗ്രസ് തയ്യാറാകുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിപാടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മാറ്റിയപ്പോള്‍ അതിനെ എതിര്‍ക്കാനല്ല, ആ പരിപാടിക്ക് അനുഗ്രഹം ചൊരിയാനാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍ മത്സരിച്ചത്. പൂജ ചെയ്ത ഇഷ്ടികകള്‍ അയച്ചുകൊടുത്തവരും അക്കൂട്ടത്തിലുണ്ട്. ഇതാണ് കോണ്‍ഗ്രസിന്റെ സ്ഥിതി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വൃദ്ധനേതൃത്വമാണെന്ന് മാധ്യമ പിന്തുണയോടെ പ്രചരിപ്പിച്ച അറുപതുകളിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം 80 കഴിഞ്ഞിട്ടും ഇപ്പോഴും നേതൃത്വസ്ഥാനത്ത് തുടരുന്നതിന് നമ്മള്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് ലഭിക്കുന്ന സ്ഥാനങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കാത്തതാണ് അവരുടെ ശൈലി. വസ്തുത ഇതായിരിക്കേ പിടിച്ചുനില്‍ക്കാനുള്ള ന്യായങ്ങള്‍ തരാതരംപോലെ തട്ടിവിടുന്ന ശൈലി സതീശനും തുടരുന്നുവെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. അടുത്തൊന്നും തെരഞ്ഞെടുപ്പുകള്‍ ഇല്ലാത്തതുകൊണ്ടാണ് ചില ‘ധീരപ്രഖ്യാപനങ്ങള്‍’ പ്രതിപക്ഷ നേതാവ് നടത്തുന്നത്. ഐക്യകേരള പിറവിക്കുശേഷം എല്ലാ തെരഞ്ഞെടുപ്പിലും വര്‍ഗീയ ജാതി മത ശക്തികള്‍ക്കൊപ്പമാണ് അവര്‍ നിലയുറപ്പിച്ചത്. വസ്തുത ഇതായിരിക്കേ ഇത്തരം പ്രസ്താവനകള്‍ വിശ്വസിക്കാന്‍ കോണ്‍ഗ്രസുകാര്‍പോലും തയ്യാറാകില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി പി ഐ എം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ചില സാമുദായിക സംഘടനകളുടെ സമീപനങ്ങളെ പാര്‍ട്ടി വിമര്‍ശിച്ചത് സ്വാഭാവികമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം സതീശന്‍ നടത്തിയ പ്രസ്താവനയുടെ പൊള്ളത്തരം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിതന്നെ വ്യക്തമാക്കുകയുണ്ടായി. ആവശ്യം വരുമ്പോള്‍ എന്‍എസ്എസ് ആസ്ഥാനത്ത് പോയി സഹായം അഭ്യര്‍ഥിച്ച് മണിക്കൂറുകള്‍ ചെലവഴിച്ചവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത് എന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നു. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഇത്തരം വൈരുധ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമീപനങ്ങളില്‍ ഇതിനുമുമ്പും കണ്ടിട്ടുണ്ട്. കേരളത്തില്‍ 1991 മുതല്‍ ബി ജെ പിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ധാരണ കോണ്‍ഗ്രസിനുണ്ട്. 1991 വടകര, ബേപ്പൂര്‍ പരീക്ഷണം കോണ്‍ഗ്രസിന്റെ മുഖത്തെ മായാത്ത കറുത്ത പാടാണ്. അതിനുശേഷം മൂന്ന് പതിറ്റാണ്ട് കടന്നുപോയി. ഹിന്ദുവര്‍ഗീയത രാജ്യത്താകെ ശക്തിപ്പെട്ടു. ആര്‍ എസ് എസിന്റെ നിയന്ത്രണത്തില്‍ കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്നു. ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി അവര്‍ വരുതിയിലാക്കുന്നു. ദേശീയ ഐക്യത്തിനുമേല്‍ തീവ്ര വര്‍ഗീയത ഫണമുയര്‍ത്തി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത് ? വോട്ടും സീറ്റും കിട്ടാന്‍ നൂറോളം മണ്ഡലത്തില്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി. കോണ്‍ഗ്രസ് ടിക്കറ്റില്‍ പത്തുപേരെങ്കിലും ജയിച്ചത് ബി ജെ പിയുടെ വോട്ട് നേടിയാണ്. ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും എല്ലാത്തരം വര്‍ഗീയതയെയും തുറന്ന് എതിര്‍ക്കാനും തയ്യാറാകുമോ എന്നതാണ് ചോദ്യം. കോണ്‍ഗ്രസിന്റെ നിലപാട് പറയേണ്ടത് പ്രതിപക്ഷ നേതാവല്ല, കെ പി സി സിയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതിനിടയില്‍ വരുന്നുണ്ട്. അതുംകൂടി നാം ശ്രദ്ധിക്കണം.

വര്‍ഗീയ പാര്‍ടികളോട് മാത്രമല്ല, വര്‍ഗീയതയുടെ പ്രത്യയശാസ്ത്രത്തോടും നാം പൊരുതേണ്ടതുണ്ട്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലത്തിലും പിടിമുറുക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. സാമ്പത്തിക രംഗത്താണെങ്കില്‍, ആഗോളവല്‍ക്കരണവും വന്‍കിട കോര്‍പറേറ്റ് അനുകൂല നയങ്ങളുമായി കേന്ദ്രം മുമ്പോട്ടു പോകുന്നു. ആര്‍ എസ് എസിന്റെ ഹിന്ദുത്വ പദ്ധതി ഇതെല്ലാം ചേര്‍ന്നതാണ്. ഇതിനോടെല്ലാം ഒത്തുപോകുകയും ഇതിനെയൊക്കെ പിന്താങ്ങുകയും ചെയ്യുന്ന നയം കോണ്‍ഗ്രസ് ഉപേക്ഷിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News