ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി. പുതിയ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ബെന്നി ബെഹനാനെ അധ്യക്ഷനാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്രാദേശിക തലത്തില്‍ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താന്‍ എ-ഐ വിഭാഗം നേതാക്കളുടെ നിര്‍ദേശം. അശോക് ചവാന്‍ സമിതി പ്രഹസനമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിച്ചു.

പ്രവര്‍ത്തകരുടെ വികാരവും ഹൈക്കമാന്‍ഡിന്റെ പിന്തുണയും പുതിയ കെ പി സി സി അധ്യക്ഷപദവിയില്‍ കെ.സുധാകരന് അനുകൂലം. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തില്‍ എത്തിയ എ ഐ സി സി നിരീക്ഷകര്‍ ദില്ലിയില്‍ തിരിച്ചെത്തി സോണിയ ഗാന്ധിയെ അറിയിച്ചതും സുധാകരനെ കെ പി സി സി അധ്യക്ഷനാക്കണമെന്നാണ്. ഈ ഉറപ്പ് കെ സുധാകരന് എ ഐ സി സി നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷവും സുധാകരന്‍ തുടരുന്ന പ്രതികരണത്തിലെ മിതത്വത്തിനും മൗനത്തിനും കാരണം.

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. അതു ലഭിച്ചയുടന്‍ പുതിയ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാനാണ് സാധ്യത. അതേസമയം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കൈവിട്ട ക്രിസ്ത്യന്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബെന്നി ബെഹന്നാനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ശശി തരൂരിന്റെ നിലപാട്. ഇക്കാര്യം തരൂര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തരൂരിന്റെ ഈ നീക്കത്തിന് പിന്നില്‍ കെ സി വേണുഗോപാലിന്റെ പിന്തുണയുണ്ടോയെന്ന സംശവും സുധാകരന്‍ അനുകൂലികള്‍ക്കുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എ-ഐ വിഭാഗം മനസ് തുറന്നിട്ടില്ല.

ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കാര്യമായ ആശയ വിനിമയത്തിനും ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ മുതിരുന്നില്ല. പ്രാദേശിക ഘടകങ്ങളില്‍ ശ്രദ്ധചെലുത്തി ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്താനാണ് എ-ഐ വിഭാഗങ്ങളുടെ നീക്കം. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പ്രവര്‍ത്തകരും സംഘടനയും തങ്ങളുടെ കൈപ്പിടിയില്‍ നിലനിര്‍ത്തുകയാണ് ഇരു വിഭാഗത്തിന്റെയും ലക്ഷ്യം. കെ സി വേണുഗോപാലിന്റെ ഇടപെടലിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കരുതലോടുള്ള നീക്കത്തിന് പിന്നിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News