ലക്ഷദ്വീപ്: കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെയും എംആര്‍ അനിതയുടെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിഷയത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. അതേസമയം കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കും വരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. രണ്ടാഴ്ചക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

ഒരു ലക്ഷദ്വീപ് സ്വദേശിയും കോണ്‍ഗ്രസ് നേതാവ് കെ.പി നൗഷാദ് അലിയുമാണ് ഹൈക്കോടതിയില്‍ ഹരജികള്‍ നല്‍കിയത്. ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ തന്നെ കോടതി ഇടപെട്ട് ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മറുപടി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

നേരത്തെ ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News