സല്‍മാന്‍ ഖാന്‍ ചിത്രം മോശം; ബോളിവുഡില്‍ നല്ല എഴുത്തുകാരില്ലെന്ന് സലിം ഖാന്‍

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ റിലീസ് രാധെ-യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു പ്രശസ്ത തിരക്കഥാകൃത്ത് സലിം ഖാന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ റിലീസ് ചെയ്ത ചിത്രം കാഴ്ചക്കാരുടെ റെക്കോര്‍ഡുകള്‍ തകര്‍ത്തെങ്കിലും മോശം അവലോകനങ്ങള്‍ക്ക് വഴിതുറന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ് സലിം ഖാന്‍.

സല്‍മാന്റെ മുന്‍ ചിത്രങ്ങളുടെ ആവര്‍ത്തനം രാധേയില്‍ ഉടനീളം നിരൂപകര്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ സലിം ഖാന്‍ പറഞ്ഞു. ഇതിന് മുമ്പുള്ള സല്‍മാന്‍ ചിത്രങ്ങളായ ദബാംഗ് 3 നന്നായിരുന്നുവെന്നും കൂടാതെ ബജ്രംഗി ഭായ്ജാന്‍ തികച്ചും വ്യത്യസ്തമാണെന്നും സലിം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വാണിജ്യ സിനിമള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും സലിം ഖാന്‍ സൂചിപ്പിച്ചു. ചിത്രവുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും, കലാകാരന്മാര്‍ മുതല്‍ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, എക്‌സിബിറ്റര്‍മാര്‍ വരെയുള്ളവര്‍ക്ക് പണം ലഭിക്കണം. സിനിമ വാങ്ങുന്നയാള്‍ക്കും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കും പണം ലഭിക്കണം. അതാണ് സിനിമയെ നിലനിര്‍ത്തുന്ന പ്രധാന ഘടകമെന്നും സലിം ഖാന്‍ പറഞ്ഞു.

ഇന്ന് ഹിന്ദി സിനിമ നേരിടുന്ന വെല്ലുവിളി ആശയ ദാരിദ്ര്യമാണെന്നും നിലവില്‍ നല്ല എഴുത്തുകാരുടെ അഭാവമാണ് നിലവാരം കുറയാന്‍ കാരണമെന്നും സലിം ഖാന്‍ കുറ്റപ്പെടുത്തി. ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷയിലെ സാഹിത്യങ്ങള്‍ വായിക്കാത്തതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിദേശ ചിത്രങ്ങള്‍ കണ്ടു ചുളുവില്‍ ദേശീയവത്ക്കരിക്കാനാണ് പലരും ശ്രമിക്കുന്നത്. സഞ്ജീര്‍, ഷോലെ തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ നാഴികക്കലുകളായി തുടരുന്നത് തിരക്കഥയുടെ ശക്തി കൊണ്ടാണെന്നും സലിം പറഞ്ഞു. സലിം-ജാവേദ് കൂട്ടുകെട്ടിന് ശേഷം ഇവര്‍ക്ക് പകരം വയ്ക്കാന്‍ എഴുത്തുകാരില്ലാതെ പോയതാണ് ബോളിവുഡിന്റെ ശാപമെന്നും സലിം ഖാന്‍ പറയാതെ പറയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News