31 കോടി രൂപയ്ക്ക് മുംബൈയില്‍ ഒരു ആഢംബര സൗധം കൂടി സ്വന്തമാക്കി അമിതാഭ് ബച്ചന്‍

മുംബൈയില്‍ അറ്റ്ലാന്റിസ് എന്ന ഭവന പദ്ധതിയില്‍ 31 കോടി രൂപ വിലമതിക്കുന്ന 5,184 ചതുരശ്രയടിയില്‍ തീര്‍ത്ത സമ്പന്നമായ ഡ്യൂപ്‌ളെക്‌സ് കൂടി സ്വന്തമാക്കിയിരിക്കയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍.

2020 ഡിസംബറിലാണ് ബോളിവുഡ് താരം വസ്തു വാങ്ങിയതെങ്കിലും 2021 മാര്‍ച്ചിലാണ് രജിസ്റ്റര്‍ ചെയ്തത്. 31 കോടി രൂപയുടെ 2 ശതമാനമായ 62 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയാണ് ബച്ചന്‍ നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 31 വരെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് മുതലെടുക്കാന്‍ കഴിഞ്ഞതാണ് ഈ ഡീലില്‍ ബച്ചന്റെ പ്രധാന നേട്ടം.

ആറ് കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമുള്ള ഈ പ്രോപ്പര്‍ട്ടി 27, 28 നിലകളിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ കൊറോണക്കാലത്ത് പ്രതിസന്ധിയിലായ അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പ്പനയ്ക്ക് ഉത്തേജനം നല്‍കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകളുടെ ഗുണഭോക്താവുകയായിരുന്നു അമിതാഭ് ബച്ചന്‍.

ഇതിനകം നിരവധി സെലിബ്രിറ്റികള്‍, ബിസിനസുകാര്‍, പ്രൊഫഷണല്‍ സി ഇ ഓകള്‍ തുടങ്ങിയവര്‍ കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ പ്രയോജനപ്പെടുത്തിയവരാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉയര്‍ത്താന്‍ ഭവന യൂണിറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായി താല്‍ക്കാലികമായി കുറയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ബിഗ് ബിക്ക് മുംബൈയില്‍ ജല്‍സ, പ്രതീക്ഷ, ജനക്, വത്സ തുടങ്ങി 5 ബംഗ്ലാവുകള്‍ കൂടാതെ നഗരത്തിന്റെ സമ്പന്ന മേഖലകളില്‍ നിരവധി ഫ്‌ലാറ്റുകളും , ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഫാം ഹൌസുകളും ഉണ്ട്. നിലവില്‍ 2800 കോടി രൂപയുടെ ആസ്തി കണക്കാക്കുന്ന ബച്ചന്റെ സ്വത്തുക്കള്‍ മക്കളായ അഭിഷേകിനും ശ്വേതക്കും തുല്യമായി വിഭജിക്കുമെന്നാണ് അമിതാഭ് ബച്ചന്‍ ഈയിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെളിപ്പെടുത്തിയത്.

അമിതാഭ് ബച്ചന്‍ ജൂഹുവില്‍ വാങ്ങിയ ആദ്യത്തെ ബംഗ്ലാവാണ് ‘പ്രതീക്ഷ’. മാതാപിതാക്കളായ ഡോ. ഹരിവന്ഷ് റായ് ബച്ചന്‍, തേജി ബച്ചന്‍ എന്നിവരോടൊപ്പം അവിടെ താമസിച്ചു. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹം 2007 ല്‍ നടന്നത് ഈ മനോഹരമായ മാളികയില്‍ വച്ചായിരുന്നു.

ജുഹുവില്‍ സ്ഥിതി ചെയ്യുന്ന ‘ജല്‍സ’ ബംഗ്ലാവിലാണ് നിലവില്‍ ബച്ചന്‍ കുടുംബം താമസിക്കുന്നത്. ഈ രണ്ടു നില വീട് 1982 ല്‍ സംവിധായകന്‍ രമേശ് സിപ്പി തന്റെ ‘സട്ടെ പെ സത്ത’ എന്ന സിനിമയില്‍ അഭിനയിച്ചതിന് താരത്തിന് സമ്മാനമായി നല്‍കിയതാണ്.

ജല്‍സയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ‘ജനക്’ നിലവില്‍ ബച്ചന്റെ ഓഫീസാണ്. ബച്ചന്മാര്‍ പതിവായി വ്യായാമത്തിനായി വരുന്നതും ഈ ബംഗ്ലാവിലാണ്.

2013 മധ്യത്തില്‍ അമിതാഭും അഭിഷേക് ബച്ചനും ജല്‍സയ്ക്ക് പിന്നില്‍ 8,000 ചതുരശ്ര അടി ബംഗ്ലാവ് കൂടി വാങ്ങി. ജൂഹുവിലെ അവരുടെ അഞ്ചാമത്തെ ബംഗ്ലാവാണിത്. ജുഹുവില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ബംഗ്ലാവാണ് വത്സ. നിലവില്‍ ഈ ബംഗ്ലാവ് സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ ഡിവിഷന് പാട്ടത്തിന് നല്‍കിയിരിക്കയാണ്.

അറുപതുകളുടെ അവസാനത്തില്‍ മുംബൈയിലെത്തിയ അമിതാഭ് ബച്ചന്‍ ആദ്യ കാലത്തെ അവഗണനകളെയും ഇകഴ്ത്തലുകളെയും അതിജീവിച്ചു കഠിനാധ്വാനത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും സൂപ്പര്‍ താര പദവിയിലെത്തിയ നടനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News