ലക്ഷദ്വീപിനായി ശബ്ദിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണ്: ഡോ. ഷിജൂഖാന്‍

ലക്ഷദ്വീപിനായി ശബ്ദിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഷിജുഖാന്‍. ദ്വീപില്‍ നിന്നു നാം കേട്ട വാര്‍ത്തകള്‍ നല്ലതേയല്ല, നടപ്പിലാക്കുന്ന കാര്യങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ക്കു നിരക്കുന്നതല്ല എന്നതിനുമുപരി ഒരു സമൂഹത്തെ എല്ലാവിധത്തിലും കൊല്ലാന്‍ വാളോങ്ങി നിര്‍ത്തിയിരിക്കുകയാണവിടെ.

സാമ്പത്തികമായി, സാമൂഹികമായി, സാംസ്‌കാരികമായി ജീവിതത്തിന്റെ എല്ലാ അടരുകളെയും ഓരോന്നായും ഒന്നിച്ചും കുത്സിതമായ ആസൂത്രണത്തിലൂടെയും ആക്രമണത്തിലൂടെയും തകര്‍ത്ത് , ആ തുരുത്തുകളെ വിറ്റുതുലയ്ക്കുന്ന ലക്ഷ്യത്തിലേക്ക് മുസ്സോളിനിയുടെ ഇന്ത്യന്‍ അവതാരങ്ങള്‍ അടുത്തു കൊണ്ടേയിരിക്കുകയാണ്.

സമഗ്രമായ അധിനിവേശ പദ്ധതിയാണ് അടുക്കളയില്‍ വേവുന്നത്. വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും വംശഹത്യാപരതയുടെയും രുചിക്കൂട്ടുകളാണ് കേന്ദ്രത്തിന്റെ ഉപശാലകളില്‍ അതിനായി തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ദ്വീപുജനതയുടെ ഭക്ഷണത്തില്‍, തൊഴിലില്‍, ഭൂമിയില്‍, കൃഷിയില്‍, സ്വത്തിലെല്ലാം കൈകടത്തി, അഹിതമായവ അടിച്ചേല്‍പ്പിച്ച്, അതിലൂടെ സ്വാസ്ഥ്യത്തിന്റെയും, സൈ്വര്യത്തിന്റെയും നല്ലനാടിനെ തകര്‍ക്കുകയാണെന്നും ഷിജുഖാന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നാം ലക്ഷദ്വീപ് ജനതയോടൊപ്പം

ചേരുകയാണ്.

ലക്ഷദ്വീപിനൊപ്പം

എന്ന് പറഞ്ഞറിയിക്കുന്നതിനപ്പുറം,

മനുഷ്യത്വമുള്ള ജനതയാകെ

അവരോടൊത്ത് അലിഞ്ഞുചേരുകയും അണിചേരുകയും ചെയ്തുകഴിഞ്ഞു.

ഫാസിസം അതിൻ്റെ പ്രവർത്തിപഥങ്ങൾ രൂപീകരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളെ നാം തിരിച്ചറിയുന്നു.

അമിതാധികാരവും കോർപ്പറേറ്റിസവും തമ്മിലുള്ള അവിശുദ്ധസഖ്യമാണ് ഫാസിസമെന്ന് നിർവചിച്ചത് അതിൻ്റെ തന്നെ പ്രഥമ പ്രയോക്താക്കളിലൊരാളായ മുസോളിനിയാണ്.

കോർപ്പറേറ്റ് താൽപര്യങ്ങൾക്കും വർഗ്ഗീയ നൃശംസതയ്ക്കുമായി ഒരു ജനതയുടെ സംസ്കാരത്തെയും ആത്മാവിനെയും ഹനിക്കുമ്പോൾ, അതിനെതിരായ സമരത്തിൽ രാജ്യത്തെ ജനതയൊന്നാകെ സാധ്യമാം വിധം ഐക്യദാർഢ്യപ്പെടുകയും അനീതിയോട് കലഹിക്കുകയും ചെയ്യുന്നു.

അപ്പോഴും സഹിഷ്ണുതയുടെ ലവലേശമില്ലാത്ത,

മസ്തിഷ്കത്തിലും

ഗോവിസർജ്യം പേറുന്ന,

വിചിത്രയുക്തികൾ നിരത്തി സ്വയം പരാജയമേറ്റു വാങ്ങുന്ന, അന്യൻ്റെ ജീവനാവകാശം മനസിലാക്കാൻ കഴിയാത്ത ഒരു കൂട്ടരും

അവരുടെ ഗ്വാ ഗ്വാ വിളികളും നാം കാണുന്നുണ്ട്.

ദ്വീപിൽ നിന്നു നാം കേട്ട വാർത്തകൾ നല്ലതേയല്ല, നടപ്പിലാക്കുന്ന കാര്യങ്ങൾ ജനാധിപത്യമൂല്യങ്ങൾക്കു നിരക്കുന്നതല്ല എന്നതിനുമുപരി
ഒരു സമൂഹത്തെ എല്ലാവിധത്തിലും കൊല്ലാൻ വാളോങ്ങി നിർത്തിയിരിക്കുകയാണവിടെ.
സാമ്പത്തികമായി, സാമൂഹികമായി, സാംസ്കാരികമായി ജീവിതത്തിൻ്റെ എല്ലാ അടരുകളെയും ഓരോന്നായും ഒന്നിച്ചും
കുത്സിതമായ ആസൂത്രണത്തിലൂടെയും ആക്രമണത്തിലൂടെയും തകർത്ത് ,
ആ തുരുത്തുകളെ വിറ്റുതുലയ്ക്കുന്ന ലക്ഷ്യത്തിലേക്ക് മുസ്സോളിനിയുടെ ഇന്ത്യൻ അവതാരങ്ങൾ അടുത്തു കൊണ്ടേയിരിക്കുകയാണ്.
സമഗ്രമായ അധിനിവേശ പദ്ധതിയാണ് അടുക്കളയിൽ വേവുന്നത്. വർഗ്ഗീയതയുടെയും വിദ്വേഷത്തിൻ്റെയും വംശഹത്യാപരതയുടെയും രുചിക്കൂട്ടുകളാണ് കേന്ദ്രത്തിൻ്റെ ഉപശാലകളിൽ അതിനായി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
ദ്വീപുജനതയുടെ ഭക്ഷണത്തിൽ, തൊഴിലിൽ, ഭൂമിയിൽ, കൃഷിയിൽ, സ്വത്തിലെല്ലാം കൈകടത്തി,
അഹിതമായവ അടിച്ചേൽപ്പിച്ച്,
അതിലൂടെ സ്വാസ്ഥ്യത്തിൻ്റെയും, സ്വൈര്യത്തിൻ്റെയും നല്ലനാടിനെ തകർക്കുകയാണ്.
ലക്ഷദ്വീപിനൊപ്പം നിന്നേ മതിയാവൂ.സമാധാനത്തിൻ്റേയും സാഹോദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ആ തുരുത്തുകളെ അങ്ങനെ തന്നെ നിലനിർത്തേണ്ടതുണ്ട്..
മലയാളത്തെ മധുരമായി മാനിക്കുന്ന ,
കരയെന്നാൽ കേരളമെന്ന് കരുതുന്ന,
സ്നേഹം കൊണ്ടുള്ള കടലാസുതോണികളാൽ നമ്മോട് ബന്ധിക്കപ്പെട്ടവരെന്ന നിലയിൽ
നമുക്കവരെ ചേർത്തുപിടിക്കേണ്ടതുണ്ട്.
മേജർ രവിയുടെ സിനിമയും ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലെ ആർപ്പുവിളിയുമല്ല യഥാർത്ഥ ദേശീയത. സിനിമ സിനിമയും ക്രിക്കറ്റ് ക്രിക്കറ്റുമാണ്. എന്നാൽ കാശ്മീരിലെ , ലക്ഷദ്വീപിലെ,വടക്കു കിഴക്കൻ നാടുകളിലെ പീഡിതജനതയുടെ ശബ്ദം നമ്മളെങ്ങനെ വിസ്മരിക്കും?
ഈ മഹാരാജ്യത്തെ ഒരു മനുഷ്യനു പോലും താൻ ഒറ്റയ്ക്കാണെന്ന് തോന്നരുത്. ഈ മഹാരാജ്യത്തെ ഏറ്റവും ചെറിയ ശബ്ദത്തിനു പോലും താൻ ചെറുതാണെന്ന് തോന്നരുത്.
ലക്ഷദ്വീപിന്റെ സങ്കടങ്ങൾ,
അവരുടെ നൊമ്പരങ്ങൾ അനാഥമാകരുത് .
രാജ്യത്തെ സ്നേഹിക്കുന്ന ജനതയാണ് നാം.അധികാരധിക്കാരത്തിനു മുന്നിൽ തലകുനിക്കാത്ത സർവ്വ മനുഷ്യരോടുമുള്ള ഐക്യദാർഢ്യമാണ് വേണ്ടത് .
ലക്ഷദ്വീപ് ജനതയുടെ വികാരങ്ങളെ , അവരുടെ സാംസ്കാരിക പാരമ്പര്യത്തെ, വൈവിധ്യപൂർണ്ണമായ ജീവിത രീതിയെ, തൊഴിലനുഭങ്ങളെ, തദ്ദേശ സാമൂഹ്യക്രമത്തെ, രാഷ്ട്രീയാവകാശങ്ങളെ ,
തനത് മൂല്യങ്ങളെ അംഗീകരിക്കലാണ് ഉന്നതമായ ദേശീയബോധം. മാനവികതയും മതനിരപേക്ഷതയും ഫെഡറൽ മൂല്യങ്ങളുമാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനം .
ലക്ഷദ്വീപിനായി ശബ്ദിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും കടമയാണ്.
“എങ്ങു മനുഷ്യനു ചങ്ങല കൈകളി,-
ലങ്ങെൻ കൈയുകൾ നൊന്തീടുകയാ;-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു;
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-
നവിടെ ജ്ജീവിച്ചീടുന്നു ഞാൻ;
ഇന്നാഫ്രിക്കയിതെൻനാട,വളുടെ
ദുഃഖത്താലേ ഞാൻ കരയുന്നു.
മങ്ങീ കരയും നാടും കാടും കണ്ണുകളകലെക്കാണാതായ്;ത്തിര
പൊങ്ങിപിൻ വാങ്ങുകയാ,ണെന്നാൽ
ഹൃദയം സ്വസ്ഥം ശാന്തബലിഷ്ഠം:
ഉയരാ, നക്രമനീതിക്കെതിരായ്
പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ-
നപരാജിതനാ, ണെന്നുടെ ജന്മം
സാർഥകമാ, ണവനാകുന്നു ഞാൻ

(എൻ വി കൃഷ്ണ വാരിയർ )

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like