പട്ടേലിന്റെ ചരിത്രം ഇങ്ങനെയാണ്! ആരാണ് പ്രഫുൽ ഖോട പട്ടേൽ???

വളരെ സ്വച്ഛവും സമാധാനപരമായും തനത് സംസ്കാരത്തോടെയും കഴിഞ്ഞു വന്നിരുന്ന ഒരു കൊച്ചു ദ്വീപ് .. സ്നേഹത്തിന്റെ ഒരു കൊച്ച് തുരുത്ത് ;അങ്ങനെയാണ് ലക്ഷദ്വീപിനെ എല്ലാവരും അടയാളപ്പെടുത്തിയിരുന്നത് .

കൂടുതലും മുസ്ലിം ജനത പാർക്കുന്ന ഈ ദ്വീപ് കശ്മീർ പോലെ തന്നെ സംഘപരിവാർ വക്താക്കൾക്ക് അസഹനീയമായിരിക്കുമെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ അവിടുത്തെ സമാധാനം നശിപ്പിച്ച ഫാസിസ്റ്റു നയങ്ങൾ അടിച്ചേൽപ്പിക്കാൻ ഒരു മാർഗം വേണം. അതിനു കേന്ദ്ര സർക്കാർ കണ്ടെത്തിയ വഴിയാണ് അഡ്മിസ്ട്രേറ്റർ.

ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ച് ഒരു അഡ്മിനിസ്ട്രേറ്ററെ മോഡി സർക്കാർ അങ്ങോട്ട് അയക്കുമ്പോൾ അത് നിസാരക്കാരാനാവില്ലല്ലോ. പാർട്ടി ചാനൽ അവതാരകൻ ന്യായീകരിക്കുന്ന പോലെ പ്രഫുൽ ഖോട പട്ടേൽ എന്ന വ്യക്തിയല്ല അഡ്മിനിസ്ട്രേറ്ററുടെ നയങ്ങളെ മാത്രമേ വിമര്ശിക്കാവു എന്ന് പറയാൻ കഴിയില്ല. കാരണം പട്ടേലിന്റെ ചരിത്രം അങ്ങനെയാണ്

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2010 മുതൽ 2012 കാലഘട്ടത്തിൽ ആഭ്യന്തര മന്ത്രിയായിരുന്നു പട്ടേൽ. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ ജയിലിൽ പോകുമ്പോൾ പകരക്കാരനായാണ് പട്ടേൽ എത്തുന്നത്. അമിത് ഷായുടെ അറസ്റ്റിനുശേഷം 2010ൽ നടത്തിയ മന്ത്രിസഭാ പുനസംഘടനയിൽ നാല് പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. അതിൽ അമിത്ഷാ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരം ഉൾപ്പെടെയുള്ള 10 വകുപ്പുകളിൽ എട്ടും മോഡി നൽകുക പട്ടേലിന് ആയിരിക്കുമെന്നത് ആർക്കും സംശയമില്ലാത്ത കാര്യമായിരുന്നു. മോദി തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഗുജറാത്തിലെ മുൻകാല ആർഎസ്എസ് നേതാവ് രഞ്ജോദ്ഭായി പട്ടേലിന്റെ മകനാണ് പ്രഫുൽ പട്ടേൽ എന്നത് തന്നെയായിരുന്നു ആ പദവികൾ നല്കാൻ മോഡി കണ്ട യോഗ്യത.

ITI കാരനായ പട്ടേൽ റോഡ് കോൺട്രാക്ടറായിരുന്നു. അദ്ദേഹം പാർട്ണർ ആയ സബാർ കൺട്രക്‌ഷൻസ് എന്ന കമ്പനിയെയായിരുന്നു ഗുജറാത്ത് സർക്കാർ പല വൻപദ്ധതികളുടേയും കരാർ നൽകിയിരുന്നത്. 2007 നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമത് നഗറിൽനിന്ന് വിജയിച്ച് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ച പ്രഫുൽ പട്ടേൽ എംഎൽഎ മൂന്ന് വർഷത്തിനുള്ളിൽ മന്ത്രിസഭാംഗമായി.

2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമത് നഗറിൽ പരാജയപ്പെട്ട് രാഷ്ട്രീയ ഭാവി മങ്ങിയ പട്ടേൽ പിന്നീട് ഉദിച്ചുയരുന്നത് 2014ൽ മോഡി പ്രധാനമന്ത്രിയാകുമ്പോഴാണ്. 2016 ഓഗസ്റ്റിലാണ്, പ്രഫുൽ പട്ടേലിനെ ദാമൻ ദിയുവിന്റെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാരായി ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയോഗിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചായിരുന്നു മോദിയുടെ വിശ്വസ്തന്റെ നിയമനം. ദ്വീപുകളുടെ കടൽത്തീരം വൻകിട കോർപറേറ്റുകളുടെ ടൂറിസം പദ്ധതികൾക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് പട്ടേൽ ആദ്യം പോകുന്നത്
ദാമൻ ദിയുവിലേക്കാണ്.

ഗുജറാത്തിലെ അതിസമ്പന്നരുടെ വിനോദ സഞ്ചാരകേന്ദ്രമാണ് ദാമൻ ദിയു. ടൂറിസം സാധ്യതകൾ കണ്ണിലുടക്കിയ ഒരു വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കുകയായിരുന്നു പ്രഫുൽ പട്ടേൽ. ഇതിനായി 2019 നവംബറിൽ ഈ തീരമേഖലയിലുള്ള മുഴുവൻ വീടുകളും തകർത്തു തരിപ്പണമാക്കി. എതിർപ്പും സംഘർഷവും ഒഴിവാക്കാൻ 144 പ്രഖ്യാപിച്ചായിരുന്നു താണ്ഡവം. ആദിവാസികളുടെ ഉൾപ്പെടെ 135 വീടുകൾ തകർക്കപ്പെട്ടു. സ്കൂളുകളെ താൽക്കാലിക ജയിലുകളായി പ്രഖ്യാപിച്ച് അന്തേവാസികളെ മുഴുവൻ തടവിലാക്കി. മോട്ടി ദാമൻ ലൈറ്റ്ഹൌസ് മുതൽ ജാംപൂർ ബീച്ചു വരെയുള്ള കടൽത്തീരത്ത് തലമുറകളായി മത്സ്യബന്ധത്തിലേർപ്പെട്ട തദ്ദേശീയരായ ആദിവാസികളെയാണ് ഒരു ദയയുമില്ലാതെ പ്രഫുൽപട്ടേലിന്റെ നേതൃത്വത്തിൽ കുടിയൊഴിപ്പിച്ചത്.

ഏഴുവട്ടം ദാദ്രാ നാഗർഹവേലി എംപിയായിരുന്ന മോഹൻ ദേൽക്കർ വീടും തൊഴിലും നഷ്ടപ്പെട്ടവരുടെ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് പ്രഫുൽ പട്ടേലിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടായത്. തുടർച്ചയായ പീഡനങ്ങൾക്കൊടുവിൽ 2021 ഫെബ്രുവരി 21ന് മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ അദ്ദേഹം ആത്മഹത്യ ചെയ്തു. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ദേൽക്കറിന്റെ മകൻ അഭിനവ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ഹോട്ടല്‍ മുറിയില്‍നിന്ന് മോഹന്‍ ദേല്‍ഖറുടെ 15 പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഗോത്രവിഭാഗത്തില്‍പ്പെട്ടയാളായ ദേല്‍ഖറുടെ കുറിപ്പില്‍ മുഴച്ച് നിന്നത് പട്ടേലിന്റെ പേരായിരുന്നു. പ്രഫുല്‍ ഖോഡ പട്ടേല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണ, ഭീഷണി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ നിയമങ്ങള്‍ പ്രകാരവും അതിക്രമം തടയല്‍ നിയമപ്രകാരവുമാണു കേസെടുത്തത്.

സംഭവം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എസ്‌ഐടിയെ നിയോഗിക്കുകയും ചെയ്തു. പ്രഫുല്‍ ഖോഡ പട്ടേല്‍ ഉപദ്രവിക്കുന്നതായി ദേല്‍ഖറുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് ദേശ്മുഖ് മഹാരാഷ്ട്ര നിയമസഭയില്‍ പറഞ്ഞിരുന്നു. പക്ഷെ മോദിയും അമിത് ഷായും ഒക്കെ ഇത്തരം കേസുകളിൽ നിന്ന് രക്ഷപ്പെട്ടപോലെ പട്ടേലും രക്ഷപ്പെട്ടു.

ബിജെപിയുടെ ഫാസിസ്റ്റു നയങ്ങളുടെ സ്ഥിര വിമർശകനും ദാദ്ര നഗർ ഹവേലി കലക്ടറായിരുന്ന, മലയാളിയായ കണ്ണൻ ഗോപിനാഥൻ 2019ൽ സർവീസിൽനിന്ന് രാജിവച്ചതിനു പിന്നിലും പട്ടേലിന്റെ കൈകളുണ്ട്.

പൊന്നും വിലയുള്ള കടൽത്തീരം തന്നെയാണ് ലക്ഷദ്വീപും. ദാമൻ ദിയുവിൽ തദ്ദേശവാസികളുടെ വീടുകൾ അടക്കം ഇടിച്ചു നിരത്തിയപോലെയാണ് ഭൂപരിഷ്‌കൃത നിയമം കൊണ്ടുവന്ന് ഇവിടെയും മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ തകർത്തത്. കടൽത്തീരത്ത് കണ്ണുവെച്ചു കഴിഞ്ഞവർക്കു വേണ്ടിയാണ് ഈ നടപടികളെന്ന് വ്യക്തം. അതിനെതിരെയുള്ള പ്രക്ഷോഭം അടിച്ചമർത്താനാണ് മുൻകൂറായി ഗുണ്ടാ ആക്ട് നടപ്പാക്കുന്നത്.

ലക്‌ഷ്യം ലക്ഷദ്വീപിലെ ഭൂമിയാണ്. കടൽത്തീരമാണ്. ആഡംബര വില്ലകളും റിസോർട്ടുകളും പണിയാൻ തീരുമാനിച്ച വമ്പൻ വ്യവസായികൾക്കു വേണ്ടിയാണ് ഈ കപട പദ്ധതികൾ മുഴുവനുമെന്നും വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News