നാട്ടിലിറങ്ങി  മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് നടപടി ; എ.കെ.ശശീന്ദ്രന്‍

കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് വീണ്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉത്തരവിട്ടു. ഉത്തരവിന് ഒരു വര്‍ഷം പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്.

കാട്ടുപന്നികള്‍ നാട്ടിലിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും പലയിടത്തും മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയാകുന്നതായും നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. നാട്ടിലിറങ്ങി ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ജന ജാഗ്രതാ സമിതികളുടെ ശിപാര്‍ശ സഹിതമോ അല്ലാതെയോ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അതത് ഡിവിഷനുകളില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാട്ടുപന്നികളുടെ ശല്യത്തില്‍ കാര്യമായ കുറവ് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടി. ഈ ആവശ്യത്തിനായി ഡിവിഷനുകളില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

വന്‍തോതില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിഷയം ചൂണ്ടിക്കാണിച്ച് കാട്ടുപന്നികളെ ‘വേര്‍മിന്‍’ (ക്ഷുദ്ര ജീവി) ആയി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന് കത്ത് നല്‍കാനും അനുകൂല നടപടി ഉണ്ടാകുന്നതുവരെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

കേന്ദ്ര വനം മന്ത്രാലയം കാട്ടുപന്നികളെ ‘വേര്‍മിന്‍’ ആയി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനം വകുപ്പുമായി സഹകരിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജന ജാഗ്രതാ സമിതികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News