ക‍ഴിഞ്ഞ വര്‍ഷം ഇന്ത്യ നേരിട്ടത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊ‍ഴിലില്ലായ്മ

കൊവിഡും ലോക്ക്ഡൗണും ഒട്ടേറെപ്പേരുടെ ജീവനോപാധി തന്നെ നഷ്‌ടമാക്കിയെന്ന റിപ്പോർട്ടുമായി സെന്റർ ഫോർ എക്കണോമിക് ഡേറ്റ ആൻഡ് അനാലിസിസ് (സി.ഇ.ഡി.എ). കഴിഞ്ഞവർഷം ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് 30 വർഷത്തെ ഏറ്റവും ഉയരത്തിലെത്തിയെന്നാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ.ഒ) പഠനറിപ്പോർട്ടായ ഐ.എൽ.ഒ സ്‌റ്റാറ്റ് അടിസ്ഥാനമാക്കി സി.ഇ.ഡി.എ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.

2019ലെ 5.27 ശതമാനത്തിൽ നിന്ന് 7.11 ശതമാനത്തിലേക്കാണ് കഴിഞ്ഞവർഷം തൊഴിലില്ലായ്‌മ നിരക്ക് കൂടിയത്. 1991ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

2015-19 കാലയളവിൽ അമേരിക്ക, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ വികസിത രാജ്യങ്ങളേക്കാൾ മികച്ച തൊഴിൽവർദ്ധനാ നിരക്ക് ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞവർഷം മികച്ച പ്രകടനം നടത്തിയത് അമേരിക്കയാണെന്ന് റിപ്പോർട്ട് പറയുന്നു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയുടെ കൂട്ടായ്‌മയായ ‘ബ്രിക്‌സിൽ” ഉയർന്ന തൊഴിലില്ലായ്‌മ നിരക്കുള്ളത് ഇന്ത്യയിലാണ്. അയൽരാജ്യങ്ങളെ പരിഗണിച്ചാലും ഇന്ത്യയിലാണ് തൊഴിലില്ലായ്‌മ നിരക്ക് കൂടുതലെന്ന് റിപ്പോർട്ടിലുണ്ട്.

കൊവിഡിന്റെ രണ്ടാംതരംഗ പശ്ചാത്തലത്തിൽ മേയ് 23ന് സമാപിച്ച വാരത്തിൽ തൊഴിലില്ലായ്‌മ നിരക്ക് 14.73 ശതമാനത്തിലെത്തിയിരുന്നു എന്ന് സെന്റർ ഫോൺ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) വ്യക്തമാക്കിയിരുന്നു. സമ്പൂർണ ദേശീയ ലോക്ക്ഡൗൺ നിലനിന്ന 2020 ഏപ്രിലിൽ 23.52 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News