കാൻസറിനെ പൊരുതിത്തോൽപിച്ച ശേഷമുള്ള തിരിച്ചുവരവിനൊരുങ്ങി കാർല

കാൻസറിനെ തോൽപിച്ച ശേഷമുള്ള തിരിച്ചു വരവാണ് സ്പാനിഷ് താരം കാർല സ്വാറെസ് നവാരോയ്ക്ക് ഈ ഫ്രഞ്ച് ഓപ്പൺ: ആദ്യ റൗണ്ടിൽ അമേരിക്കയുടെ സ്ലൊയെൻ സ്റ്റീഫൻസിനെതിരെ കാർല ഇറങ്ങുമ്പോൾ കാൻസറിനെതിരായ പോരാട്ടം വിജയത്തിലേക്ക് എയ്സ് പായിക്കും.

കഴിഞ്ഞ കുറേ വർഷങ്ങളായി ടെന്നീസ് കോർട്ടിലെ നിറസാന്നിധ്യമാണ് സ്പാനിഷ് താരം കാർല സ്വാറസ് നവാരോ.വിമ്പിൾഡൺ ഒഴികെയുള്ള 3 ഗ്രാൻസ്ലാം ടൂർണമെൻറുകളിൽ സിംഗിൾസ് വിഭാഗത്തിൽ പല തവണ കാർല ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്. കാൻസറിനെ തോൽപിച്ച കാർലയുടെ തിരിച്ചുവരവാണ് റൊളാങ്ഗാരോസ് ഉറ്റുനോക്കുന്നത് .കഴിഞ്ഞ സെപ്തംബറിലാണ് കാർലയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്.

ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഹോജ്കിൻസ് ലിഫോമയുടെ ആദ്യ ഘട്ടമായതിനാൽ ഒട്ടും വൈകാതെ താരത്തിന് കീമോതെറാപ്പി തുടങ്ങി.6 മാസത്തോളം കീമോ തുടർന്നശേഷം ഡിസംബറിലാണ് കാർല പരിശീലനം പുനരാരംഭിച്ചത്.മാർച്ചിലും ഏപ്രിലിലും ശാരീരിക ക്ഷമത തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു. പിന്നാലെ രോഗം ഭേദമായെന്ന് കാർല ആരാധകരെ അറിയിച്ചു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ബാക്ക് ഹാൻഡ് ഷോട്ട് പോലെ കാൻസറിനെ അടിച്ചു പറത്തിയാണ് താരം റൊളാങ്ഗാരോസിലേക്ക് തിരിച്ചെത്തുന്നത്. ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ സ്പെയിനിന്റെ മുൻ ലോക ആറാം നമ്പർ താരമായ കാർല അമേരിക്കയുടെ സ്ലോയെൻ സ്റ്റീഫൻസിനെതിരെ കോർട്ടിൽ ഇറങ്ങുമ്പോൾ കാൻസറിനെതിരായ പോരാട്ടം വിജയത്തിലേക്ക് എയ്സ് പായിക്കും. 32 കാരിയായ കാർല നിലവിൽ 118 ആം റാങ്കുകാരിയാണ്. ഇഷ്ട മൈതാനമായ റൊളാങ് ഗാരോസിൽ ഒരുവട്ടം കൂടിയിറങ്ങി കരിയറിനോട് വിട പറയണമെന്ന ആഗ്രഹം സാക്ഷാൽക്കരിക്കാൻ ഉള്ള ഒരുക്കത്തിലാണ് കാൻസറിനെ തോൽപിച്ച ഈ പോരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here