ബാങ്കിങ് നിയമ ലംഘനം: എച്ച് ഡി എഫ് സി ബാങ്കിന് 10 കോടി പിഴയിട്ട് റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ.) സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി. ബാങ്കിങ് നിയമത്തിന്റെ ലംഘനത്തെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. നിയമത്തിലെ സെക്ഷന്‍ 6 (2), സെക്ഷന്‍ 8 എന്നിവ ലംഘിച്ചെന്നാണ് പരാതി.

ബാങ്കിന്റെ വാഹന വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പിഴ. പരാതിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം എച്ച് ഡി എഫ് സി ആറു ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വാഹന വായ്പ വകുപ്പിലെ ചില ജീവനക്കാര്‍ കാര്‍ വായ്പകളുമായി ബന്ധപ്പെട്ട ജി പി എസ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. വായ്പ രേഖകള്‍ പരിശോധിക്കുന്നതുവരെ ചില ഉപഭോക്താക്കള്‍ക്ക് അത്തരമൊരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച് പോലും അറിയില്ലായിരുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ ബാങ്കിന്റെ വാഹന വായ്പ മേധാവി അശോക് ഖന്ന സ്ഥാനമൊഴിയുകയും ചെയ്തു.

റിസര്‍വ് ബാങ്കിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ വാഹന വായ്പ പോര്‍ട്ട്ഫോളിയോയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ രേഖകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. മാര്‍ക്കറ്റിങ് രേഖകളും ഉപഭോക്താക്കളുടെ തേര്‍ഡ് പാര്‍ട്ടി സാമ്പത്തികയിതര ഉല്‍പ്പന്നങ്ങളുടെ രേഖകളുമാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴയിട്ടത്. ബാങ്കിന് റിസര്‍വ് ബാങ്കിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും അത് അനുസരിക്കുമെന്നും എച്ച് ഡി എഫ് സി വക്താവ് പറഞ്ഞു.

പരാതിയില്‍ ബാങ്കിന് ആര്‍ ബി ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് നോട്ടീസിലെ മറുപടി പരിശോധിക്കുകയും വ്യക്തിഗത വാദം കേള്‍ക്കലും നടത്തുകയും ചെയ്തതിന് ശേഷം ബാങ്കില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതോടെ പിഴ ചുമത്തുകയായിരുന്നുവെന്നും ആര്‍ ബി ഐ പറഞ്ഞു. അതേസമയം ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടവയോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News