തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നെന്ന് മുല്ലപ്പള്ളി; ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു

തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും സോണിയ ഗാന്ധിയോട് മുല്ലപ്പള്ളി. അപമാനിച്ച് തന്നെ ഇറക്കിവിടരുത് എന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ കത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിനെതിരെ ഗുരുതരമായ പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തുന്നത്.

ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച മുല്ലപ്പള്ളി, നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടും മുതിരാത്തത് കാലുവാരല്‍ ഭയന്നാണെന്നും വ്യക്തമാക്കി. കെ പി സി സി പ്രസിഡന്റ് കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം, അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ഹാജരാകാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തനിക്കു പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാല്‍ പുതിയ കെ പി സി സി അധ്യക്ഷനാരെന്ന് ഹൈക്കമാന്‍ഡ് നേതാക്കള്‍ തമ്മില്‍ തത്വത്തില്‍ ധാരണ ആയിക്കഴിഞ്ഞു. കെ സുധാകരന്റെ പേരിനാണ് മുന്‍ഗണന. കൊടിക്കുന്നില്‍ സുരേഷ് ഹൈക്കമാന്‍ഡിന് മുന്നില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായി പിന്തുണ നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടില്ല. പുതിയ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കെ സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി ഡി സതീശനുമായും കെ മുരളീധരനുമായും ചര്‍ച്ച നടത്തി.

സുധാകരനായി സോഷ്യല്‍ മീഡിയയിലും ക്യാമ്പയിന്‍ വ്യാപകമായി തുടരുകയാണ്. അതേസമയം നിലവിലെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനെയും ഉടന്‍ മാറ്റുമെന്നാണ് സൂചന. പകരം പി ടി തോമസിന്റെയും കെ സി ജോസഫിന്റെയും പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിയുടെ എ വിഭാഗത്തിന്റെയും പിന്തുണ കെ സി ജോസഫിനാണ്. കെ മുരളീധരന്‍ എം പിയുടെ പേര് നേരത്തെ ഉയര്‍ന്നെങ്കിലും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് പദവിയില്‍ എത്തിയതോടെ ആ സാധ്യത മങ്ങി. മാത്രമല്ല തല്‍ക്കാലും ഒരു പദവിയിലേക്കും താനില്ലെന്നും എം പി പദവിയായി തുടരുകയാണ് ലക്ഷ്യമെന്നും മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News