ഒന്നാം വാര്‍ഷികത്തില്‍ അഭിമാനത്തോടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി; ഇതുവരെ ചികിത്സാ സഹായം നല്‍കിയത് 22.1 ലക്ഷം പേര്‍ക്ക്

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA) ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കൊവിഡ് മഹാമാരിക്കാലത്തും തടസമില്ലാതെ ശ്രദ്ധേയമായ സേവനം നല്‍കിയ എസ്.എച്ച്.എ.യുടെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭിനന്ദിച്ചു.

സംസ്ഥാനത്ത് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഇതുവരെ 709 ആശുപത്രികളാണ് എസ്.എച്ച്.എ. യുടെ ഭാഗമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 41.6 ലക്ഷം കുടുംബങ്ങള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. 3 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്.എച്ച്.എ. വഴി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 10.4 ലക്ഷം സൗജന്യ ചികിത്സയാണ് എസ്.എച്ച്.എ. ലഭ്യമാക്കിയത്. ഇതിനായി 804 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. പദ്ധതി ആരംഭിച്ച 2019 ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 22.1 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിനായി 1593 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 263 സ്വകാര്യ ആശുപത്രികള്‍ എസ്.എച്ച്.എ.യുമായി എംപാനല്‍ ചെയ്തു. അരലക്ഷത്തോളം കൊവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തില്‍ 132.61 കോടി രൂപ ചെലവഴിച്ചു.

2020 ജൂലൈ 1 മുതല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ് പരിഹിക്കാനായുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണത്തിന് ശേഷം കേരളത്തിലെ എല്ലാ എംപാനല്‍ ആശുപത്രികളിലും ഹൈടെക് കിയോസ്‌കുകള്‍ സജ്ജമാക്കി വരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാര്‍ഡ് രജിസ്‌ട്രേഷന്‍ മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള എല്ലാ സേവങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും കൂടാതെ അര്‍ഹരായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഇ കാര്‍ഡ് നല്‍കുവാനും കിയോസ്‌കുകള്‍ സഹായകരമാകുന്നു. നിലവില്‍ അംഗങ്ങായ 709 ആശുപത്രികളിലായി 2000ത്തോളം മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു.

മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി ചില അധിക സഹായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് കാരുണ്യ ബെനവലന്റ് ഫണ്ട് എസ്.എച്ച്.എ. നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് 2 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് അനുവദിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഹം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹീമോഫീലിയ തുടങ്ങിയവയ്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 263 ഓളം സ്വകാര്യ ആശുപത്രികളെ കൊവിഡ് ചികിത്സക്ക് മാത്രമായി എംപാനല്‍ ചെയ്തു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് നിജപ്പെടുത്തി. ഈ ആശുപത്രികളിലായി 12,852 കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാത്രമായി കണ്ടെത്തി.

കൂടാതെ 2094 ഐസിയു കിടക്കകളും 1035 വെന്റിലേറ്ററുകളും കോവിഡ് രോഗികള്‍ക്ക് മാത്രമായി കണ്ടെത്തുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ കൂടി കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചപ്പോള്‍ വാക്‌സിനേഷന്റെ മാര്‍ഗ നിര്‍ദ്ദേശവും പരിശീലനവും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News