പ്രഫുല്‍ പട്ടേലിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ലക്ഷദ്വീപിലെ അഞ്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷദ്വീപിലെ അഞ്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ജഗദീഷ് സാഗര്‍ ,വജഹത് ഹബീബുല്ല, രാജീവ് തല്‍വാര്‍, ആര്‍ ചന്ദ്രമോഹന്‍, ആര്‍ സുന്ദര്‍ രാജ് എന്നിവരാണ് കത്തയച്ചിരിക്കുന്നത്.

ദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം കൊണ്ടുവന്നിരിക്കുന്ന ജനവിരുദ്ധമായ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ ഉമേഷ് സൈഗാള്‍ ഐ എ എസ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ജനതയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന പരിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഉമേഷ് സൈഗള്‍ കത്തയച്ചിരിക്കുന്നത്.

പുതിയ നിയമ വ്യവസ്ഥകള്‍ വഴി ദ്വീപില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ട് കുട്ടികളില്‍ അധികം പാടില്ല, കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവുള്ള ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക, 90 ശതമാനവും മുസ്ലീം ജനവിഭാഗമുള്ള പ്രദേശത്ത് ഗോമാംസത്തിന് വിലക്കേര്‍പ്പെടുത്തുക, താല്‍ക്കാലികക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുക, മത്സ്യതൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചുകളയുക തുടങ്ങിയ നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ഇതിനിടെ ലക്ഷദ്വീപ് വിഷയത്തില്‍ കേരളം തിങ്കളാഴ്ച്ച നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. പ്രതിപക്ഷം അതിനെ പിന്തുണയ്ക്കും. കേരളം കൊണ്ടുവരുന്ന പ്രമേയത്തെ ലക്ഷദ്വീപ് ജനത ഏറെ പ്രതീക്ഷയോടുകൂടിയാണ് നോക്കിക്കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News