മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണം; വ്യാപാരികള്‍ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്രയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടണമെന്ന ആവശ്യവുമായി വ്യാപാരികളുടെ പ്രതിനിധി സംഘം ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ കണ്ടു.

ഇതിനകം സാമ്പത്തിക മേഖലയെ തകിടം മറിച്ച ലോക്ക്ഡൗണ്‍ നീട്ടുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വേണമെന്ന ആവശ്യമാണ് സംഘം മുന്നോട്ടു വച്ചത്. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രമുഖ വ്യാപാരികളുടെ സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ നേരിട്ടു കണ്ടാണ് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട കടകള്‍, ബിസിനസുകള്‍, ഓഫീസുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കണമെന്ന് ഇവരെല്ലാം അഭ്യര്‍ത്ഥിച്ചു.

നിലവിലുള്ള നിശ്ചിത വൈദ്യുതി ചാര്‍ജ്, പ്രൊഫഷണല്‍ ടാക്‌സ്, ലോക്കല്‍ ബോഡി ലൈസന്‍സ് ഫീസ് എന്നിവയും ബിസിനസ്സ് രംഗത്തെ വലിയ നഷ്ടം പരിഗണിച്ചു പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി മുംബൈ പ്രസിഡന്റ് മംഗല്‍ പ്രഭാ ലോധയുടെ നേതൃത്വത്തിലായിരുന്നു വ്യാപാരികള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത്.

അതെ സമയം ജൂണ്‍ ഒന്നിന് ശേഷം വ്യാപാരികള്‍ കടകള്‍ വീണ്ടും തുറന്നാല്‍ അവര്‍ക്ക് വേണ്ട സംരക്ഷണങ്ങള്‍ നല്‍കുമെന്നും മംഗല്‍ പ്രഭാ ലോധ വാഗ്ദാനം ചെയ്തു.

ജൂണ്‍ 15 വരെ 18 ‘റെഡ് സോണ്‍’ ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന തോതില്‍ രോഗികളുള്ള പ്രദേശങ്ങളിലും ആശുപത്രി കിടക്കയുടെ ലഭ്യത ഇപ്പോഴും പ്രശ്‌നമായിരിക്കുന്ന പ്രദേശങ്ങളിലും ഇളവുകള്‍ നല്‍കില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

എന്നിരുന്നാലും, സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് പദ്ധതിയെന്നും ഉചിതമായ തീരുമാനം ജൂണ്‍ 1ന് ശേഷം കൈക്കൊള്ളുമെന്നും ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News