കോട്ടയത്ത് ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി

കോട്ടയം ചെറുവള്ളിയില്‍ ബിജെപി നേതാവ് വൃദ്ധയെ കബളിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുത്തതായി പരാതി. പാറക്കേമുറിയില്‍ സരസ്വതിയമ്മയുടെ 47 സെന്റ് സ്ഥലവും വീടും ആശ്രമത്തിനു ദാനം കൊടുക്കാമെന്ന വ്യാജേന സ്വന്തം പേരിലേക്ക് തീറെഴുതി വാങ്ങുകയായിരുന്നു.

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനും സേവാഭാരതി പൊന്‍കുന്നം ജില്ലാ കോ ഓര്‍ഡിനേറ്ററും മുന്‍ ബിജെപി സ്ഥാനാര്‍ഥിയുമായ കെ ബി മനോജിനെതിരെയാണ് വ്യദ്ധയുടെ ആരോപണം. സ്ഥലവും വീടും തിരികെ നല്‍കുന്നതു വരെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ തന്നെ കഴിയുമെന്ന നിലപാടിലാണ് 77 കാരിയായ സരസ്വതിയമ്മ.

എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊട്ടിപൊളിഞ്ഞ വീടായിരുന്നു സരസ്വതിയമ്മയുടേത്. ആകെയുണ്ടായിരുന്ന മകന്‍രെ മരണത്തിന് ശേഷം വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന സരസ്വതിയമ്മയും ഭര്‍ത്താവ് അനന്ത പദ്മനാഭന്‍ നായരും വാഴൂരില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ആശ്രമത്തില്‍ എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയം തേടി.

നാല് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന് സരസ്വതിയമ്മയുടെ പേരിലുള്ള 47 സെന്റ് സ്ഥലത്തില്‍ നാലിലൊന്നു ഭാഗം വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലേക്ക് ദാനം നല്‍കാന്‍ അവര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ആശ്രമത്തിന് നല്‍കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ആശ്രമത്തിലെ തന്നെ പാലിയേറ്റീവ് കെയര്‍ ചുമതലയുള്ള ആര്‍എസ്എസ് നേതാവ് പി ബി മനോജ് സ്വന്തം പേരിലേക്ക് തീറാധാരം എഴുതുകയായിരുന്നു.

ആശ്രമത്തില്‍ നേരിട്ട ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ സരസ്വതി അമ്മ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. നാലിലൊന്നു ഭാഗത്തിന് പകരം 47 സെന്റ് സ്ഥലവും വീടും മനോജിന്റെ പേരിലേക്ക് തീറെഴുതി നല്‍കിയിരിക്കുന്നതായാണ് രേഖകള്‍. എഴുതുന്ന സമയത്ത് ആധാരം വായിച്ചുനോക്കാന്‍ സമ്മതിച്ചില്ലെന്നും ദാനം നല്‍കുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് തീറാധാരത്തില്‍ ഒപ്പിട്ടതെന്നും സരസ്വതിയമ്മ പറയുന്നു.

വീടും സ്ഥലവും തിരിച്ചു നല്‍കാതെ ഇവിടെ നിന്നിറങ്ങില്ലെന്ന നിലപാടിലാണ് സരസ്വതിയമ്മ. ഇപ്പോള്‍ ഇവിടെ നിന്നിറങ്ങിയാല്‍ വീട് ഇടിച്ചു കളയുമെന്ന ഭയവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്ത മഴയില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. ആശ്രമത്തില്‍ താമസമായതോടെ വീടും സ്ഥലവും നോക്കാന്‍ ആരുമില്ലായിരുന്നു.

ആകെ കാടുപിടിച്ച് ദ്രവിച്ച അവസ്ഥയിലാണ് വീടുള്ളത്. ഇതിന്റെ ഒരു മുറിയിലാണ് സരസ്വതിയമ്മ രണ്ടു മാസമായി താമസിക്കുന്നത്. വീടും സ്ഥലവും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പല തവണ മനോജിനെ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

സ്ഥലം താന്‍ വില കൊടുത്ത് വാങ്ങിയതാണെന്നാണ് മനോജ് പറയുന്നത്. ഒരു രൂപ പോലും ലഭിച്ചില്ലെന്ന് സരസ്വതിയമ്മയും വ്യക്തമാക്കുന്നു. സെന്റിന് ഒരു ലക്ഷമെങ്കിലും വില വരുന്ന ചെറുവള്ളിയില്‍ 43 സെന്റ് സ്ഥലവും വീടും മനോജ് സ്വന്തമാക്കിയത് മൂന്നര ലക്ഷം രൂപയ്ക്കാണെന്നാണ് രേഖകള്‍ പറയുന്നത്. സരസ്വതിയമ്മയുടെ അവസ്ഥ കണ്ട് ചിറക്കടവ് പഞ്ചായത്ത് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ എത്തിയെങ്കിലും സരസ്വതിയമ്മ അതിന് തയ്യാറല്ല.

സമാനമായി നിരവധി സംഭവങ്ങള്‍ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ആശ്രമത്തിനു കീഴില്‍ നടക്കുന്നതായും ആരോപണമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറക്കടവു പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മനോജ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News