തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തി; കെ സുരേന്ദ്രനെതിരെ പരാതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കിയെന്ന ആക്ഷേപം നിലനില്‍ക്കെ, തെരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്ടറില്‍ പണം കടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരാതി.

ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് കെ സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

റോഡിലെ പരിശോധന ഒഴിവാക്കാനായി കള്ളപ്പണം കടത്താന്‍ കെ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്റേതെന്ന രീതിയില്‍ പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു. കൊടകര ബിജെപി കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു.
‘മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം,’ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെതെന്ന രൂപത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തുടനീളം കള്ളപ്പണം ഒഴുക്കി എന്ന സംശയങ്ങള്‍ക്ക് ബലം പകരുന്നതാണ് കെ സുരേന്ദ്രനെതിരായ പുതിയ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here