മഹാരാഷ്ട്രയില്‍ മരണങ്ങള്‍ 94,000 കടന്നു; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉപാധികളോടെ

തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിന് അടുത്ത് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,295 പുതിയ കേസുകളും 443 മരണങ്ങളും സംസ്ഥാനം രേഖപ്പെടുത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 57,13,215 ആയി ഉയര്‍ന്നു. മരണസംഖ്യ 94,030 ആയും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മുംബൈയില്‍ വെള്ളിയാഴ്ച ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് 1,048 പുതിയ കേസുകളും 25 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ എണ്ണം 7,04,509 ആയി. 1,359 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 27,617 പേരാണ് ചികത്സയില്‍ കഴിയുന്നത്. അതേസമയം, ഇരട്ടിപ്പിക്കല്‍ നിരക്ക് 399 ദിവസമായി ഉയര്‍ന്നു, പ്രതിവാര വളര്‍ച്ചാ നിരക്ക് 0.17 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി കുറയുന്നത് തുടരുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. ഇതോടെ പൂര്‍ണമല്ലെങ്കിലും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്തംഭനാവസ്ഥയില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജൂണ്‍ 15 വരെ 18 ‘റെഡ് സോണ്‍’ ജില്ലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നിരുന്നാലും മുംബൈയില്‍ ഇളവുകള്‍ കാണുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മുംബൈയിലെ പോസിറ്റീവ് നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. അതുകൊണ്ടാണ് മുംബൈ റെഡ് സോണില്‍ ഇല്ലാത്തത്.

തുടക്കത്തില്‍, അനിവാര്യമല്ലാത്ത സേവനങ്ങള്‍, തുറക്കാന്‍ സാധ്യതയുണ്ട്. മണ്‍സൂണ്‍ അതിവേഗം അടുക്കുന്ന സാഹചര്യത്തില്‍ മഴക്കാലവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതില്‍ മണ്‍സൂണിന് മുമ്പുള്ള അറ്റകുറ്റപ്പണികള്‍, വെല്‍ഡിംഗ് തുടങ്ങിയവ ഉള്‍പ്പെടും. കൂടാതെ കുടകള്‍, റെയിന്‍കോട്ട്, ഗംബൂട്ട്, ഷൂസ് എന്നിവ വില്‍ക്കുന്ന കടകളും തുറക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ ഷോപ്പുകളും നിശ്ചിത മണിക്കൂറുകള്‍ മാത്രം തുറന്നിരിക്കാനാകും അനുവദിക്കുക.

ഉയര്‍ന്ന തോതില്‍ രോഗികളുള്ള പ്രദേശങ്ങളിലും ആശുപത്രി കിടക്കയുടെ ലഭ്യത ഇപ്പോഴും പ്രശ്‌നമായിരിക്കുന്ന പ്രദേശങ്ങളിലും ഇളവുകള്‍ നല്‍കില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. എന്നിരുന്നാലും, സ്ഥിതി മെച്ചപ്പെട്ട പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here