കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണം ; 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സ്ഥലം സന്ദര്‍ശിച്ച് എം.മുകേഷ് എം.എല്‍.എ

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും അഭിഭാഷകരും സര്‍ക്കാര്‍ ജീവനക്കാരും നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുകേഷ് പറഞ്ഞു.

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റപ്പെടുകയാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ കലക്ടറേറ്റിനു സമീപം എന്‍ ജി ഒ കോര്‍ട്ടേഴ്‌സ് വക ഭൂമിയില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടര ഏക്കര്‍ സ്ഥലം കോടതി സമുച്ചയം നിര്‍മ്മാണത്തിനായി ജുഡീഷ്യറി വകുപ്പിന് കൈമാറിയിരുന്നു. ഇപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിച്ചതോകൂടി ദീര്‍ഘനാളത്തെ കോടതി സമുച്ചയം എന്ന ആവശ്യം നിറവേറ്റപ്പെടുകയാണ് രണ്ട് ലക്ഷത്തി അയ്യായിരം ചതുരശ്ര അടി വിസ്തൃതിയില്‍ 7 നിലകളിലായാണ് സമുച്ചയം ഒരുങ്ങുന്നത്.

നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സിവില്‍ സ്റ്റേഷനില്‍ നിന്നും 17 കോടതികളും 25 പരം അനുബന്ധ ഓഫീസുകളും കോടതി സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ കഴിയും.അത് സിവില്‍ സ്റ്റേഷന്റെയും കോടതിയുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ഏറെ സഹായകരമാകും.

ഗ്രൗണ്ട് ഫ്‌ളോറും സെല്ലാര്‍ ഫ്‌ളോറും ആണ് ആദ്യഘട്ട നിര്‍മാണത്തിന് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി കുടുംബകോടതിക്കുള്ള കെട്ടിടവും 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും നിര്‍ദിഷ്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. 40 കോടിയോളം ആണ് അടങ്കല്‍ തുക പ്രതീക്ഷിക്കുന്നത്.

കൊല്ലം കോടതിസമൂച്ഛയം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും കൊല്ലം പൗരാവലി അഭിനന്ദനം അറിയിച്ചിരുന്നു.

ഭൂമി ലഭ്യമാക്കുന്നതിനുള്ള അനുകൂല നിലപാട് സ്വീകരിച്ച മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ക്രിയാത്മകമായ ഇടപെടലും സഹായവും നല്‍കിയ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കും ധനം വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലനും ഹൃദയം നിറഞ്ഞ നന്ദിയാണ് അഭിഭാഷകര്‍ രേഖപ്പെടുത്തുന്നത്.

ഭൂമി വിട്ടു നല്‍കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച പ്രിയപ്പെട്ട സര്‍വീസ് സംഘടനകളും ജില്ലാ ഭരണകൂടത്തിന്റെയും അഭിഭാഷക സംഘടന കളുടെയും കൂട്ടായ പരിശ്രമം കൂടിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായകരമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here