രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകള്‍, കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍ 7 വരെ കര്‍ഫ്യു നിലവിലുണ്ടാകുമെന്ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിച്ചു.

രാജ്യത്ത് കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ് നാട്ടില്‍ 30,016 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 486 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 20,628 പേര്‍ക്ക് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ , 492 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

മഹാരാഷ്ട്രയില്‍ 20,295 പേര്‍ക്കാണ് കൊവിഡ് സ്ഥിരകരിച്ചത്. 443 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 956 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത്. മാര്‍ച്ച് 22 ന് ശേഷം ഇതാദ്യമയാണ് ദില്ലിയില്‍ ആയിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.19% മായി കുറഞ്ഞു. ജൂണ്‍ 7 രാവിലേ 5 വരെ ദില്ലിയില്‍ കര്‍ഫ്യു നിലവിലുണ്ടാകുമെന്ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അവശ്യ സര്‍വിസുകള്‍ക്കും കോണ്‍ടൈന്മെന്റ് സോണിനു പുറത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

കൊവിഡ് മൂലം മാതാപിതാക്കളെയോ രക്ഷിതാവിനെയോ നഷ്ടപ്പെട്ട എല്ലാ കുട്ടികള്‍ക്കും ‘പി.എം-കെയര്‍സ് ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതി പ്രകാരം പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അത്തരം കുട്ടികള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ പ്രതിമാസ സ്‌റ്റൈഫന്റും, 23 വയസ്സ് തികയുമ്പോള്‍ പിഎം കെയറില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കേന്ദ്രിയ വിദ്യാലയത്തിലോ സ്വകാര്യ സ്‌കൂളുകളിലോ വിദ്യാഭ്യാസം നല്‍കുമെന്നും വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൈനിക് സ്‌കൂളിലോ, നവോദയ വിദ്യാലയത്തിലോ അഡ്മിഷന്‍ നല്‍കുമെന്നും കേന്ദ്രം പറഞ്ഞു. ഗൃഹനാഥന്‍ കൊവിഡ് ബാധിച്ചു മരിച്ച കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി
കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണപ്പെട്ട് അനാഥരായ കുട്ടികള്‍ക്ക് 5 ലക്ഷം രൂപ സഹായം നല്‍കുമെന്നും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവുകകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് കര്‍ണാടകയിലും ആസാമിലും പ്രതിമാസം 3500 രൂപയും ഹരിയാനയില്‍ പ്രതിമാസം 2500 രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ വിതരണം ചെയ്യും.

ദില്ലിയിലെ ആകെയുള്ള 22,701 കണ്ടെയ്‌ണ്മെന്റ് സോണുകളില്‍, 6,523 റെഡ് സോണുകള്‍ സെന്‍ട്രല്‍ ദില്ലിയിലാണെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രില്‍ 27 ന് ദില്ലിയില്‍ 31,570 കണ്ടെയ്‌ണ്മെന്റ് സോണുകളുണ്ടായിരുന്നെങ്കിലും കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ ഇപ്പോള്‍ ഇത് 22,701 ആയി കുറഞ്ഞെന്ന് ദില്ലി സര്‍ക്കാര്‍ പറഞ്ഞു.

ദില്ലിയില്‍ 18-45 വയസ്സ് വരെ പ്രായമുള്ളവര്‍ക്കുള്ള 5 ലക്ഷത്തോളം വാക്സിന്‍ ജൂണ്‍ 10 ന് ശേഷമേ വിതരണം ചെയ്യുകയുള്ളൂ എന്നാണ് കേന്ദ്രം പറഞ്ഞതെന്ന് ദില്ലി സര്‍ക്കാര്‍.
അതേസമയം ജനങ്ങള്‍ക്ക് വാക്‌സിനുകള്‍ ആവശ്യമാണെന്നും കേന്ദ്രം വാക്സിനുകള്‍ കൃത്യമായി വിതരണം ചെയ്യണേമെന്നും അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News