മഴക്കാല പ്രതിരോധത്തിന് കൂട്ടായ പരിശ്രമം: മന്ത്രി പി. രാജീവ്

മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നീങ്ങും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ ജില്ലയിലെ എം.പി, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റെയില്‍വേ കള്‍വെര്‍ട്ടുകളും ദേശീയ പാതയ്ക്കരികിലെ കാനകളും വൃത്തിയാക്കുക, കൊച്ചി മെട്രോ ഫുട്പാത്ത് നിര്‍മ്മിച്ച സ്ഥലങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റെയില്‍വേ, എന്‍എച്ച്എഐ, കൊച്ചി മെട്രോ അധികൃതരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. ദുരന്തനിവാരണ വിഭാഗവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്ക സാധ്യതാ മേഖലകള്‍ സന്ദര്‍ശിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. ജലജന്യരോഗങ്ങള്‍ തടയുന്നതിനുള്ള ഡ്രൈഡേ ആചരണം ജനകീയ പരിപാടിയാക്കി മാറ്റണം. ജില്ലയിലെ ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്താന്‍ ഇറിഗേഷന്‍ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി.

ഓരോ നിയോജക മണ്ഡലത്തിലും നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ അതാത് മണ്ഡലങ്ങളിലെ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് മന്ത്രി മറുപടി നല്‍കി. 18 മുതല്‍ 44 വയസ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഇത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

ജില്ലയില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ എം എല്‍ എ മാര്‍ക്കുമായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. മഴക്കാലവുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് എല്ലാ സഹായവും ഇവര്‍ നല്‍കും.

ഓരോ താലൂക്കിലും ഒരു ഡെപ്യൂട്ടി കളക്ടര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍മാര്‍ക്കാണ് ഇന്‍സിഡെന്റ് കമാന്‍ഡറുടെ ചുമതല. തദ്ദേശ സ്ഥാപനങ്ങള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, പൊതുമരാമത്ത് തുടങ്ങിയ വിവിധ വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഇന്‍സിഡെന്റ് റെസ്‌പോന്‍സ് സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിച്ച സ്ഥലങ്ങളില്‍ ഇത്തവണയും ക്യാംപുകള്‍ നടത്താന്‍ അനുയോജ്യമാണോ എന്ന് പരിശോധിച്ചിട്ടുണ്ട്.പ്രളയ സാധ്യതാ മേഖലകളില്‍ ബോട്ടുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിന് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിനെ താലുക്ക് തലത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ചെല്ലാനത്ത് തിങ്കളാഴ്ച മുതല്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കുട്ടമ്പുഴ, വേങ്ങൂര്‍ പഞ്ചായത്തുകളിലെ 85% ആദിവാസി വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കി. കിടപ്പ് രോഗികള്‍ക്ക് വാക്‌സിന്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിനുള്ള നടപടികളും തിങ്കളാഴ്ച ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, കെ.ബാബു, പി.ടി. തോമസ്, റോജി എം. ജോണ്‍, ടി.ജെ. വിനോദ് , എല്‍ദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, മാത്യു കുഴല്‍നാടന്‍, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News