ജില്ലയിലെ പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ ‘സഹ്യസുരക്ഷ’ കൊവിഡ് വാക്‌സിനേഷന്‍ ക്യാംപയിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ജില്ലയിലെ 36 പഞ്ചായത്തുകളിലെ ആദിവാസി സെറ്റില്‍മെന്റുകളിലാണ് ആരോഗ്യവകുപ്പുമായി സഹകരിച്ച് വാക്‌സിനേഷന്‍ ക്യാംപയിന്‍ പുരോഗമിക്കുന്നത്. 45 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും ക്യാംപയിന്റെ ഭാഗമായി വാക്സിന്‍ നല്‍കും. 45 വയസ്സ് കഴിഞ്ഞ 7,020 പേരാണ് സെറ്റില്‍മെന്റുകളിലുള്ളത്. ഇതിനോടകം 4,628 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.
അമ്പൂരി, വിതുര, കുറ്റിച്ചല്‍, പെരിങ്ങമല, പാങ്ങോട്, നന്ദിയോട്, കള്ളിക്കാട്, തൊളിക്കോട്, ആര്യനാട് എന്നിങ്ങനെ ഉള്‍വനത്തില്‍ സ്ഥിതിചെയ്യുന്ന ഒന്‍പതു സെറ്റില്‍മെന്റുകളിലും പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘം വാക്‌സിനേഷന്‍ നടത്തുന്നത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം പട്ടിക വര്‍ഗ്ഗ വകുപ്പ്, പഞ്ചായത്ത്, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ഓരോ പ്രദേശത്തും താത്കാലിക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് എടുക്കാന്‍ വിമുഖത കാണിക്കുന്നവരുടെ വീടുകളില്‍ നേരിട്ടെത്തിയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നുണ്ട്. വാക്‌സിനേഷന് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ കാണിക്കുന്നവര്‍ക്കായി സംഘത്തിലുള്ള ഡോക്ടറുടെ സേവനവും ഉപയോഗപ്പെടുത്തും.
Get real time update about this post categories directly on your device, subscribe now.