ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ കിരീടപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് നീലപ്പടയുടെ പട്ടാഭിഷേകം.

42-ആം മിനുട്ടിൽ ജർമൻ താരം കായ് ഹവേർട്ട്സാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. സെർജിയോ അഗ്യൂറോയുടെ ചാമ്പ്യൻസ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. ചരിത്ര കിരീടം തേടിയിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് പൊരുതി തോറ്റപ്പോൾ പോർട്ടോയിലെ മൈതാനത്ത് അഗ്യൂറോയും കണ്ണീരണിഞ്ഞു.

ആവേശകരമായ ആദ്യ പകുതിയിൽ പന്തടക്കത്തിലും ഗോൾ അവസരം ഒരുക്കുന്നതിലും മുന്നിൽ നിന്നത് ചെൽസിയായിരുന്നു.ടിമോ വെർണറും കായി ഹവേർട്സും നിരന്തരം മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ നിരയ്ക്ക് തലവേദനയായി.നാൽപത്തി രണ്ടാം മിനുട്ടിൽ മാസൺ മൗണ്ടിന്റെ ഒന്നാന്തരം പാസ് വരുതിയിലാക്കിയ കായ് ഹവേർട്സ് സിറ്റി ഗോളി എഡേഴ്സണെയും മറികടന്ന് അത് ഗോളിലേക്ക് തിരിച്ചുവിട്ടു.

ആദ്യ പകുതിയിൽ തിയാഗോ സിൽവ പരുക്കേറ്റ് പുറത്ത് പോയെങ്കിലും ഗോൾ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾ ചെൽസി പ്രതിരോധം ചെറുത്തു. രണ്ടാം പകുതിയിൽ അക്രമണാത്മക ഫുട്ബോളുമായി മാഞ്ചസ്റ്റർ സിറ്റി നിറഞ്ഞു കളിച്ചപ്പോൾ ചെൽസി പ്രതിരോധത്തിൽ കോട്ട കെട്ടി. റൂഡിഗറുടെ പരുക്കൻ അടവിൽ ഡിബ്രൂയിൻ പരുക്കേറ്റ് പുറത്തു പോയതും ബെർണാഡോ സിൽവ തീർത്തും നിറം മങ്ങിയതും സിറ്റിക്ക് തിരിച്ചടിയായി.

ചെൽസി നിരയിൽ എൻഗോളോ കാന്റെയും നായകൻ സെസാർ അസ്പിലിക്യൂട്ടയും ഗോളി എഡ്വാർഡ് മെൻഡിയും പുറത്തെടുത്തത് ചാമ്പ്യൻ പ്രകടനമാണ്. ജെസ്യൂസിനെയും അഗ്യൂറോയെയും ഫെർണാണ്ടിഞ്ഞോയെയും പകരക്കാരായി ഇറക്കി പെപ്പ് ഗ്വാർഡിയോള പരീക്ഷണം നടത്തിയെങ്കിലും സമനില ഗോൾ അകന്നു നിന്നു.

ലോങ് വിസിൽ മുഴങ്ങിയതോടെ പോർട്ടോയിലെ മൈതാനത്ത് ചെൽസി കളിക്കാരുടെ വിജയാഘോഷം. പെപ്പ് ഗ്വാർഡിയോളയ്ക്ക് മുന്നിൽ തോമസ് ടുഷെലിന്റെ വിജയം. ചെൽസിക്ക് ഇത് രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം. യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിൽ ഒരിടവേളക്ക് ശേഷം നീലപ്പടയുടെ പട്ടാഭിഷേകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News