ഒരിക്കലും നിലക്കാത്ത സ്‌നേഹത്തിന്റെ സിന്ധൂ നദി: സിന്ധുവിന് ഹൃദയസ്പര്‍ശിയായ യാത്ര കുറിപ്പ്

പുന്നപ്ര വയലാര്‍ സമരനേതാവും സി പി എം നേതാവുമായിരുന്ന പി കെ ചന്ദ്രാനന്ദന്റെ മകള്‍ ഉഷ വിനോദ് വയലാറിന്റ മകള്‍ സിന്ധുവിന്റെ വിയോഗത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ആരുടെയും മനസില്‍ തൊടുന്നതാണ്.

നിനക്കായി ഉഷച്ചേച്ചിയ്ക്കു തരാന്‍ ഈ കണ്ണീരു മാത്രമാണെന്നും മരണം വരെ നീയെന്നോടൊപ്പമുണ്ട് എന്ന ഉറപ്പു മാത്രമാണുള്ളതെന്നും ഉഷ കുറിപ്പില്‍ പറയുന്നു.

സ്‌നേഹത്തിന്റെ മാരിവില്ലായിരുന്നു ഈ കുഞ്ഞനിയത്തിയെന്നും നിന്നെ കുറിച്ചെ‍ഴുതിമ്പോള്‍ എനിക്ക് വാക്കുകള്‍ക്ക് ക്ഷാമം വരുന്നതെന്താണെന്നും ഉഷ കുറിപ്പില്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സിന്ധു കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഉഷ സിന്ധുവിനെ കുറിച്ച് എഴുതിയ കുറിപ്പ് ഇങ്ങനെ:

എന്റെ സിന്ധു…. ഞങ്ങളുടെ സിന്ധപ്പന്‍.. (വയലാര്‍ രാമവര്‍മ്മയുടെ പൊന്നോമന പുത്രി ). ഒരിക്കലും നിലയ്ക്കാത്ത സ്‌നേഹത്തിന്റെ സിന്ധു നദി. അനിയത്തി, ഏറ്റവുമൊടുവില്‍ മെയ് 26ന് യമുനയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി നീ തന്ന ഉമ്മകള്‍… ഇനിയെനിക്കാരുടേയും ഉമ്മകള്‍ വേണ്ട… നിന്റെ ഉമ്മകള്‍ എന്നില്‍ നിന്നും മാഞ്ഞു പോകേണ്ട.

സ്‌നേഹത്തിന്റെ മാരിവില്ലായിരുന്നു ഈ കുഞ്ഞനിയത്തി… വാക്കുകള്‍ക്കിത്ര ക്ഷാമമെന്തേ എനിക്ക്… തിരതല്ലുന്ന ഓര്‍മ്മ പ്രവാഹത്തില്‍ ഹൃദയവാഹിനിയായ് നിന്റെ മധുര സ്മിതം…. പ്രകാശം ചൊരിയുന്ന കരിങ്കൂവള മിഴികള്‍.ഉഷച്ചിറ്റേ എന്നു വിളിച്ച് അരികില്‍ വരുന്ന മീനാക്ഷിക്കുഞ്ഞിനേയും, നിന്റെ പ്രാണപ്രിയനായ കൃഷ്ണനെയും ഇവിടെ യാക്കി അച്ഛന്റെ അടുത്തേക്ക് പോയൊ മോളെ… എന്തിനും ഏതിനും നിന്റെ കൂടെ വേണമെന്ന് നീ ശാഠ്യത്തോടെ വാശി പിടിച്ച നിന്റെയമുനേച്ചി ഇതെങ്ങനെ സഹിക്കും. പാലൂട്ടി, തേനൂട്ടി നിന്നെ വളര്‍ത്തിയ ഭാരതിയമ്മയും, ‘സിന്ധപ്പാ ‘ എന്ന ഒറ്റ വിളിയില്‍ സ്‌നേഹത്തിന്റെ പാലാഴി ഒളിപ്പിച്ച നിന്റെ ചേട്ടനും, അമ്മയായ്, ചേച്ചിയായ് നിന്നോടൊപ്പം എന്നുമുണ്ടായിരുന്ന ലേഖേച്ചിയും എങ്ങനെ നിന്നെ മരണത്തിനു വിട്ടുകൊടുക്കും… നിന്റെ പ്രസാദേട്ടനും, ശ്രീജയും കുഞ്ഞി സിദ്ധുവും, ഭദ്രക്കുഞ്ഞും,കവിതയും, രേവതിയും ഇല്ലാത്ത ലോകത്ത് നീയെങ്ങനെ കഴിയും.

സമയമാംനദി പിറകിലേക്കൊഴുകുമ്പോള്‍ 1982 ല്‍… കരമന എന്‍.എസ്.എസ് വനിതാ കോളേജിലേയ്ക്ക് ഈ അനിയത്തിക്കുട്ടി വരുന്ന ദിവസത്തിന് കാതോര്‍ത്ത്…. ലേഖേച്ചിയും യമുനയും ,ഞാനും കാത്തിരുന്ന ദിനമലരികള്‍ …. നമ്മളൊരുമിച്ച് ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രകള്‍…മുത്തശ്ശിയമ്മയും, ഭാരതിയമ്മയും തന്നയയക്കുന്ന പാഥേയവുമായി.
ഹോസ്റ്റലില്‍… ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, ഉല്ലാസവേളകളിലും നമ്മള്‍ ചിലവഴിച്ച രാപ്പകലുകള്‍… ഓരോ പുന്നപ്ര-വയലാര്‍ വാര്‍ഷിക ദിനങ്ങളിലും നീയും യമുനയും വായില്‍ വെച്ചു തന്ന ഉരുളകള്‍…. അമ്മാവന്റെ മകന്‍ കൃഷ്ണനുമായി നടന്ന നിന്റെ വിവാഹത്തിന് തലേ ദിവസം മുതല്‍ ഞാനുണ്ടായിരുന്നു.

കണ്ണേ! ‘…എന്റെ ഉഷച്ചേച്ചി, ഞാന്‍ നല്ല ഉഷാറായി… കരയണ്ട കേട്ടോ, നിങ്ങള്‍ ടെയൊക്കെ സ്‌നേഹം കളഞ്ഞ് എനിക്കെവിടേയ്ക്കു പോകാന്‍ പറ്റും ‘ എന്ന് എന്നെ സമാധാനിപ്പിച്ചത് ഇപ്പോഴും ചെവികളില്‍. കുഞ്ഞേ, നിനക്കായി ഉഷച്ചേച്ചിയ്ക്കു തരാന്‍ ഈ കണ്ണീരു മാത്രം… മരണം വരെ നീയെന്നോടൊപ്പമുണ്ട് എന്ന ഉറപ്പു മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News